| Friday, 19th January 2024, 1:41 pm

അന്ന് ആ വിജയ് സിനിമയില്‍ സംഗീതം ചെയ്യാനുള്ള അവസരം വേണ്ടെന്ന് വെച്ചതാണ്; കാരണം വെളിപ്പെടുത്തി ഔസേപ്പച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോണ്‍സണ്‍ മാസ്റ്ററുടെ അസിസ്റ്റന്റായി വന്ന് പിന്നീട് മലയാള സിനിമാസംഗീതലോകത്ത് സ്വന്തമായൊരിടം ഉണ്ടാക്കിയെടുത്ത സംഗീതസംവിധായകനാണ് ഔസേപ്പച്ചന്‍. 1985ല്‍ കാതോട് കാതോരം എന്ന സിനിമയിലൂടെയായിരുന്നു സ്വതന്ത്ര സംഗീതസംവിധായകനായി അരങ്ങേറിയത്.  39 വര്‍ഷത്തിനുള്ളില്‍ 100ലധികം സിനിമകള്‍ക്ക് സംഗീതം നല്‍കി. എന്നാല്‍ ഇത്രയും കാലത്തിനിടയില്‍ ഈ വര്‍ഷമാണ് മലയാളമല്ലാതെ മറ്റൊരു ഭാഷയില്‍ സംഗീതം ചെയ്തത്. ഇത്രയും കാലം എന്തുകൊണ്ട് അന്യഭാഷയില്‍ സംഗീതം ചെയ്യാന്‍ വൈകിയെന്ന ചോദ്യത്തിന് ഔസേപ്പച്ചന്‍ മറുപടി നല്‍കി.

റിപ്പോര്‍ട്ടര്‍ ടി.വി ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഔസേപ്പച്ചന്‍ ഇക്കാര്യം പറഞ്ഞത്. ‘1989ല്‍ വെല്‍ക്കം 90 എന്ന ഒരു മ്യൂസിക് ആല്‍ബം ചെയ്തു. അത് ചെന്നൈയിലുള്ള എന്റെ സുഹൃത്തുക്കള്‍ക്ക് വല്ലാതെ ഇഷ്ടമായി. അവര്‍ അത് മണിരത്‌നത്തിന്റെ അടുത്ത് കൊണ്ടുപോകാന്‍ സജസ്റ്റ് ചെയ്തു. എന്നാല്‍ എനിക്ക് അന്ന് മടിയായിരുന്നു. തമിഴിലോ മറ്റ് ഭാഷകളിലോ ഉള്ളവര്‍ക്ക് എപ്പോഴും പുതുമ വേണം. എന്നാല്‍ നമുക്ക് പുതുമയൊന്നും പെട്ടെന്ന് ദഹിക്കില്ല. മലയാളത്തില്‍ നമുക്ക് കൂടുതലായി വേണ്ടത് നൊസ്റ്റാള്‍ജിക് ഫീലാണ്. എനിക്ക് അതൊക്കെ ഇഷ്ടമുള്ളതു കൊണ്ടാണ് ഇവിടെ തന്നെ നിന്നത്.

എനിക്ക് അതില്‍ നഷ്ടബോധമൊന്നുമില്ല. ഒരുപാട് അവസരങ്ങള്‍ ഞാന്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്. മലയാളത്തില്‍ ചെയ്ത ബോഡിഗാര്‍ഡ് എന്ന സിനിമയും അതിലെ പാട്ടുകളും ഹിറ്റുകളായിരുന്നു. ബോഡിഗാര്‍ഡ് പിന്നീട് തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. തമിഴ് റീമേക്കിന്റെ സമയത്ത് എന്നോട് അതില്‍ വര്‍ക്ക് ചെയ്യാമോ എന്ന് ചോദിച്ചു. വിജയ്‌യുടെ അച്ഛന്‍ ചന്ദ്രശേഖര്‍ ആയിരുന്നു അതിന്റെ നിര്‍മാണം. അങ്ങനെ വലിയ സംഭവങ്ങള്‍ ഒന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ഞാന്‍ ഇവിടെ നല്ല ഹാപ്പിയാണ്. എനിക്ക് ഇഷ്ടപ്പെട്ട കുറച്ച് സംഗീതം ചെയ്യണം.

മലയാളികള്‍ക്ക് എന്നെയും എന്റെ സംഗീതത്തെയും അറിയാം. എന്നാല്‍ തമിഴിലുള്ളവര്‍ക്ക് എന്നെ അറിയില്ല. പിന്നെ അവിടെ ഒരു വരത്തന്‍ എന്ന ഫീല്‍ ഉണ്ടായാലോ എന്നൊക്കെ ഞാന്‍ ചിന്തിച്ചുകൂട്ടി.’ ഔസേപ്പച്ചന്‍ പറഞ്ഞു. 1987ല്‍ ഉണ്ണികളേ ഒരു കഥ പറയാം എന്ന സിനിമയിലെ സംഗീത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഔസേപ്പച്ചന്‍ എന്ന സംഗീതസംവിധായകന്റെ കരിയര്‍ മാറ്റിയ സിനിമയായിരുന്നു ഉണ്ണികളേ ഒരു കഥ പറയാം. 2007ല്‍ ഒരേ കടല്‍ എന്ന സിനിമയിലെ സംഗീതത്തിന് ദേശീയ, സംസ്ഥാന അവാര്‍ഡുകളും 2014ല്‍ നടന്‍ എന്ന ചിത്രത്തിന് സംസ്ഥാന അവാര്‍ഡും ലഭിച്ചു.

Content Highlight: Ouseppachan explains why he rejected the chance in Vijay movie

We use cookies to give you the best possible experience. Learn more