|

ഒരു ബില്ലിൽ എഴുതിയ നാല് വരിയിൽ നിന്നാണ് മോഹൻലാൽ ചിത്രത്തിലെ ആ ഹിറ്റ് ഗാനം പിറന്നത്: ഔസേപ്പച്ചൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സംഗീത സംവിധായകനാണ് ഔസേപ്പച്ചന്‍. 1985ല്‍ കാതോട് കാതോരം എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ തുടങ്ങിയ ഔസേപ്പച്ചന്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.

ജോണ്‍സണ്‍ മാസ്റ്റര്‍, കണ്ണൂര്‍ രാജന്‍, ശ്യാം തുടങ്ങിയ സംഗീത സംവിധായകര്‍ക്കൊപ്പവും ഇന്നത്തെ സുഷിന്‍ ശ്യാം, ദീപക് ദേവ്, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയവരോടൊപ്പവും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന സംഗീത സംവിധായകനാണ് അദ്ദേഹം.

ഔസേപ്പച്ചൻ ചെയ്ത ഗാനങ്ങളിൽ ഏറെ ശ്രദ്ധ നേടിയ പാട്ടായിരുന്നു മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന സിനിമയിലെ ‘ഓർമകൾ ഓടി കളിക്കുവാനെത്തുന്നു’ എന്ന ഗാനം. പുതിയൊരു ട്യൂണും കിട്ടാതെയിരിക്കുന്ന സമയമായിരുന്നു അതെന്നും ഗാനരചയിതാവ് ഷിബു ചക്രവർത്തി ഒരു ബില്ലിൽ എഴുതിയ നാല് വരിയിൽ നിന്നാണ് ആ പാട്ടുണ്ടാവുന്നതെന്നും അദ്ദേഹം പറയുന്നു.

പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് എന്ന ചിത്രത്തിലെ ‘നിലാവിലെ ജനാലകൾ’ എന്ന ഗാനം ഒരു പരീക്ഷണം പോലെ ചെയ്തതാണെന്നും അത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടെന്നും ഔസേപ്പച്ചൻ കൂട്ടിച്ചേർത്തു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയിരുന്നു അദ്ദേഹം.

മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു‘ എന്ന സിനിമയിലെ ‘ഓർമകൾ ഓടിക്കളിക്കുവാനെത്തുന്നു’ എന്ന പാട്ട്. ഒരുപാട് ട്യൂണുകൾ ഉണ്ടാക്കിക്കഴിഞ്ഞാണ് ആ പാട്ട് ചെയ്യാനിരിക്കുന്നത്. പുതിയൊരു ട്യൂണും എൻ്റെ മനസിൽ വരുന്നില്ല. ആ സമയത്ത് ഷിബു ഒരു ബില്ലെഴുതിയ കടലാസിൻ്റെ പിറകിൽ നാലുവരികളെഴുതി. അതിങ്ങനെയായിരുന്നു.

‘ഓർമകൾ ഓടി കളിക്കുവാനെത്തുന്നു, മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ, മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ’. ആ വരികൾ ഞാൻ ചുമ്മാ മൂളി നോക്കി. അത് തന്നെയായിരുന്നു അതിൻ്റെ ട്യൂൺ. വേറൊന്നും നോക്കിയിട്ടില്ല. അത് എല്ലാവർക്കും വളരെ ഇഷ്ടമാവുകയും വലിയ ഹിറ്റായി മാറുകയും ചെയ്‌തു. ഷിബു എഴുതിത്തരുന്ന വരികൾ അത്ര പെട്ടെന്ന് എൻ്റെ മനസിലേക്ക് കയറുന്നതുകൊണ്ടാണ് വേഗത്തിൽ നല്ല പാട്ടുകൾ ഉണ്ടാകുന്നത്.

അതുപോലെ മറ്റൊരു പരീക്ഷണമായിരുന്നു ‘പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയ്ൻ്റ്’ എന്ന സിനിമയിലെ നിലാവിലെ’ എന്ന പാട്ട്. ആ പാട്ടിൻ്റെ ആദ്യ വരികൾ മാത്രമേ സംവിധായകൻ രഞ്ജിത് കേട്ടിട്ടുള്ളൂ. പാട്ട് മുഴുവൻ അദ്ദേഹം കേൾക്കുന്നത് റെക്കോഡിങ് വേളയിലാണ്. അത്രമാത്രം ഞങ്ങളെ വിശ്വസിച്ചിരുന്നു. ആ പാട്ടിൻ്റെ ട്യൂൺ വലിയ പരീക്ഷണമായിരുന്നു. അതിനൊത്ത വരികൾ തന്നെ എഴുതാനും സാധിച്ചു. ആ പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു,’ഔസേപ്പച്ചൻ പറയുന്നു.

Content Highlight: Ouseppachan About Songs In Mukundhetta Sumithra Vilikkunnu