തന്റെ ഗാനങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സംഗീത സംവിധായകനായിരുന്നു ജോൺസൺ മാസ്റ്റർ. തൂവാനതുമ്പികൾ, നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ, ഞാൻ ഗന്ധർവ്വൻ, വരവേൽപ്പ് തുടങ്ങി മികച്ച സിനിമകളുടെ ഭാഗമായ അദ്ദേഹം ഏറ്റവും കൂടുതൽ വർക്ക് ചെയ്തിട്ടുള്ളത് സത്യൻ അന്തിക്കാട്, പത്മരാജൻ സിനിമകളിലായിരുന്നു.
ജോൺസനൊപ്പം തന്നെ അതെ കാലഘട്ടത്തിലും ഇന്നും നിറഞ്ഞു നിൽക്കുന്ന സംഗീത സംവിധായകനാണ് ഔസേപ്പച്ചൻ. ഇരുവരും ദേവരാജൻ മാഷിന്റെ കീഴിൽ വർക്ക് ചെയ്തിട്ടുള്ളവരാണ്. ജോൺസനെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് ഔസേപ്പച്ചൻ.
പല വാദ്യോപകരണങ്ങളും വായിക്കുന്ന ഒരാളായിരുന്നു ജോൺസനെന്നും അസാധ്യമായി പെർഫോം ചെയ്യുന്ന ഒരാളായിരുന്നു അദ്ദേഹമെന്നും ഔസേപ്പച്ചൻ പറഞ്ഞു. ഒരിക്കൽ ജോൺസന്റെ പെർഫോം കണ്ട് ദേവരാജൻ മാഷ് ഞെട്ടിയിട്ടുണ്ടെന്നും ഔസേപ്പച്ചൻ കൂട്ടിച്ചേർത്തു. ദി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഫ്ലൂട്ട് ആയാലും ഗിറ്റാർ ആയാലും തബലയായാലും ഹാർമോണിയമായാലും ഇതെല്ലാം ജോൺസൺ വായിക്കുമായിരുന്നു. ഓരോ പെർഫോമൻസിന് പുള്ളി ഇതെല്ലാം അസാധ്യമായി വായിച്ചിട്ടുണ്ട്. ദേവരാജൻ മാഷിന്റെ ഒരു പരിപാടിക്ക് ഫ്ലൂട്ട് വായിക്കുന്ന വ്യക്തി ഒരു ദിവസം വന്നില്ല. മാഷ് ആകെ ടെൻഷനായി.
പക്ഷെ ഞങ്ങൾക്കാർക്കും ഒരു ടെൻഷനുമില്ലായിരുന്നു. കാരണം ഞങ്ങളുടെ കൂടെ ജോൺസൺ ഉണ്ടല്ലോ. ജോൺസൺ വായിക്കുമെന്ന് ഞങ്ങൾക്കറിയാം. ജോൺസൺ ഫ്ലൂട്ട് വായിക്കുന്നത് കണ്ട് ദേവരാജൻ മാഷ് ഞെട്ടിപ്പോയി. കാരണം മാഷ് നോക്കുമ്പോൾ ജോൺസന്റെ നെഞ്ചത്ത് ഹാർമോണിയമുണ്ട്( കോഡിയൻ). അതിന്റെ കൂടെ തന്നെ ഫ്ലൂട്ടും വായിക്കുന്നുണ്ട്. മാഷ് മനസുകൊണ്ട് തീർച്ചയായും ജോൺസന് അപ്പോൾ ഒരു സല്യൂട്ട് അടിച്ചിട്ടുണ്ടാവും എന്ന് ഉറപ്പാണ്. കാരണം ജോൺസൺ അത്രയും കറക്ടായി പെർഫെക്റ്റായാണ് വായിക്കുന്നത്,’ഔസേപ്പച്ചൻ പറയുന്നു.
1980 കളുടെ അവസാനം മലയാള സിനിമയിലേക്ക് കടന്ന് വന്ന് ചുരുങ്ങിയകാലം കൊണ്ട് മലയാളത്തിൽ തന്റേതായ സ്ഥാനം നേടാൻ ജോൺസൺ മാസ്റ്റർക്ക് കഴിഞ്ഞിട്ടുണ്ട്. പൊന്തന്മാട, സുകൃതം എന്നീ ചിത്രങ്ങളിലൂടെ മികച്ച സംഗീത സംവിധായകനുള്ള നാഷണൽ അവാർഡ് നേടിയ ജോൺസൺ മഴവിൽക്കാവടി, സദയം തുടങ്ങിയ സിനിമകളിലൂടെ സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്. 2011 ലാണ് അദ്ദേഹം കലാലോകത്തോട് വിടപറയുന്നത്.
Content Highlight: Ouseppachan About Jhonson Matser