കുഞ്ചാക്കോ ബോബനും മീര ജാസ്മിനും പ്രധാനകഥാപാത്രങ്ങളായി വന്ന ചിത്രമാണ് കസ്തൂരിമാന്‍. വാണിജ്യപരമായി വിജയമായില്ല എങ്കിലും പിന്നീട് ടി.വിയില്‍ റിപ്പീറ്റ് വാല്യു കിട്ടിയ സിനിമയാണ് കസ്തൂരിമാന്‍. സിനിമയില്‍ ഔസേപ്പച്ചന്‍ ഈണം നല്‍കിയ പാട്ടുകളും ഹിറ്റായിരുന്നു. ചിത്രത്തിലെ രാക്കുയില്‍ പാടി എന്ന പാട്ടിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഔസേപ്പച്ചന്‍. ന്നാ താന്‍ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനിലാണ് ഔസേപ്പച്ചന്‍ പഴയ ഓര്‍മകള്‍ പങ്കുവെച്ചത്.
‘അന്ന് ചാക്കോച്ചന് ഒരു ഡൗട്ടും ഉണ്ടായിരുന്നില്ല. ചാക്കോച്ചന്‍ എന്ത് മനോഹരമായിട്ടാണ് അത് അവതരിപ്പിച്ചത്. മറ്റ് ഇന്‍സ്ട്രുമെന്റ്‌സ് വായിക്കുന്നത് പോലെയല്ല വയലിന്‍ വായിക്കുന്നത്. വയലിന്‍ വായിക്കണമെങ്കില്‍ സ്വതസിദ്ധമായി സംഗീതം മനസിലുണ്ടാവണം. അത് പിടിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്. സിങ്ക് ചെയ്യാന്‍ ബുദ്ധിമുട്ടാണ്,’ ഔസേപ്പച്ചന്‍ പറഞ്ഞു. ഈ സമയം വാക്കുകള്‍ കിട്ടാതെ കണ്ണ് നിറഞ്ഞ കുഞ്ചാക്കോ ബോബന്‍ ഔസേപ്പച്ചനെ കെട്ടിപ്പിടിക്കുകയായിരുന്നു.
‘ഞാന്‍ ആഗ്രഹിച്ച് സിനിമയില്‍ വന്ന ആളല്ല. പക്ഷേ നിങ്ങള്‍ സ്‌നേഹവും പ്രോത്സാഹനവും തന്നു. അത് നല്ല രീതിയില്‍ തിരിച്ചുതരണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. കുറച്ച് വര്‍ഷങ്ങളായി അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. നിങ്ങളുടെ സ്‌നേഹവും കയ്യടിയും കാണുമ്പോള്‍ ഒരുപാട് സന്തോഷം. ഈ അവസരത്തില്‍ എന്റെ ആദ്യസിനിമയില്‍ ഒപ്പമുണ്ടായിരുന്ന ഔസേപ്പച്ചന്‍ ചേട്ടനെ കൂടെ കിട്ടിയതില്‍ സന്തോഷം. എല്ലാ നല്ല ഓര്‍മകള്‍ക്കും നന്ദി.
വയലിന്‍ മനുഷ്യന്റെ ശബ്ദത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റാണ്. പാട്ട് പാടുകയും അതിനൊപ്പം ഇന്‍സ്ട്രുമെന്റ് വായിക്കുകയും ചെയ്യുന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. അത് എന്നെക്കൊണ്ട് ഒരിക്കലും പറ്റാത്ത കാര്യമാണ്. പക്ഷേ അത് സിനിമയിലൂടെ നടത്താന്‍ പറ്റി,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
എന്നാല്‍ പാട്ട് പാടാനാവില്ല എന്നത് താന്‍ വിശ്വസിക്കില്ലെന്നാണ് ഔസേപ്പച്ചന്‍ പറഞ്ഞത്. ‘എന്റെ പാട്ടുകള്‍ക്ക് ചുവട് വെക്കുന്നത് മാത്രമല്ല, അതിന്റെ ലിപ് കൊടുക്കുന്നതും പ്രധാനമാണ്. അനിയത്തി പ്രാവിന്റെ സമയത്ത് ഈ പയ്യന്‍ എന്തൊരു രസമായിട്ടാണ് പാട്ടുകളുടെ സീനിന് എക്‌സ്പ്രഷന്‍ കൊടുക്കുന്നത്, ലിപ് കൊടുക്കുന്നത് എന്നൊക്കെ അന്ന് ഞാന്‍ ഫാസിലിനോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് സംഗീതം പഠിച്ചിട്ടില്ലായിരിക്കാം. പക്ഷേ അത് നന്നായി ചെയ്യുന്നുണ്ട്,’ ഔസേപ്പച്ചന്‍ പറഞ്ഞു.
‘പക്ഷേ ഞാന്‍ പാട്ട് പാടിയാല്‍ ഈ സ്‌നേഹമെല്ലാം പോകുമെന്ന് എനിക്ക് ഉറപ്പാണ്. അതുകൊണ്ട് ഞാന്‍ അതിന് മുതിരില്ല. ഈ സ്‌നേഹം എന്നും എന്റെ മനസിലുണ്ടാവും. ഓ പ്രിയേ എന്ന ഗാനം പോലും പ്രിയ എന്ന ഭാര്യയെ എനിക്ക് ലഭിക്കുന്നതിന് കാരണമായിട്ടുണ്ടാവും.’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
Content Highlight: Ousepachan with the memories of the song rakkuyil paadi, Kunchako Boban became emotional