| Thursday, 25th May 2023, 9:13 pm

മമ്മൂട്ടി കണ്ടെത്തിയ സ്‌റ്റൈല്‍ സിദ്ദിഖിനും ലാലിനും ഇഷ്ട്ടമായില്ല അവര്‍ നിര്‍ദേശിച്ച സ്‌റ്റൈല്‍ മമ്മൂട്ടിക്കും: ഔസേപ്പച്ചന്‍ വാലക്കുഴി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പേരുകൊണ്ടും കഥകൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് ഹിറ്റ്‌ലര്‍. മമ്മൂട്ടിയുടെ ഹെയര്‍ സ്‌റ്റൈലും ഷര്‍ട്ടിന്റെ ഡിസൈനും 96 കാലഘട്ടം മുതല്‍ ആളുകള്‍ ശ്രദ്ധിക്കുന്നതാണ്.

എന്നാല്‍ ആ ഹെയര്‍സ്‌റ്റൈല്‍ മമ്മൂട്ടി ആദ്യം സമ്മതിച്ചില്ലെന്നും പിന്നീട് അത് സമ്മതിക്കുകയായിരുന്നെന്നും നിര്‍മാതാവ് ഔസേപ്പച്ചന്‍ വാലക്കുഴി പറഞ്ഞു. ആദ്യം സമ്മതിച്ചില്ലെങ്കിലും അത് നല്ലതായിരിക്കും എന്ന് മമ്മൂട്ടിക്ക് തന്നെ അറിയാം അതുകൊണ്ടാണ് മമ്മൂട്ടി അത് തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹിറ്റ്‌ലര്‍ സിനിമയിലെ ഷര്‍ട്ടുകള്‍ സംവിധായകരായ സിദ്ദിഖിന്റേയും ലാലിന്റെയും ഐഡിയ ആയിരുന്നു. മമ്മൂക്കയെ ഷര്‍ട്ടിന്റെ ഡിസൈന്‍ കാണിക്കാന്‍ ഞങ്ങള്‍ പോയിരുന്നു. തുണിത്തരത്തിന്റെ ചെറിയ കഷണങ്ങള്‍ ആയിരുന്നു ഞങ്ങളുടെ കയ്യില്‍ ഉണ്ടായിരുന്നത്. ഇതുതന്നെ മതിയെന്ന് കണ്ടപ്പോള്‍ തന്നെ അദ്ദേഹം പറഞ്ഞിരുന്നു,’ ഔസേപ്പച്ചന്‍ പറഞ്ഞു.

ചിത്രത്തിനുവേണ്ടി ആദ്യം മമ്മൂട്ടി സ്വയം കണ്ടെത്തിയ ഹെയര്‍ സ്‌റ്റൈല്‍ സിദ്ദിഖിനും ലാലിനും ഇഷ്ട്ടമായില്ലെന്നും അവര്‍ നിര്‍ദേശിച്ച ഹെയര്‍ സ്‌റ്റൈല്‍ മമ്മൂട്ടിക്കും ഇഷ്ടമായില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് മമ്മൂട്ടി സംവിധായകര്‍ നിര്‍ദേശിച്ച ഹെയര്‍ സ്‌റ്റൈല്‍ തെരഞ്ഞടുക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സിദ്ധിഖിനും ലാലിനും അവരുടെ ഭാവനയില്‍ മമ്മൂക്കക്കായി ഒരു ഹെയര്‍ സ്‌റ്റൈല്‍ ഉണ്ടായിരുന്നു. മമ്മൂക്ക മറ്റൊരു സ്‌റ്റൈല്‍ ആയിട്ടാണ് വന്നത്. അപ്പോള്‍ സിദ്ദിഖും ലാലും അത് പറ്റില്ലെന്ന് പറഞ്ഞു. അവര്‍ നിര്‍ദേശിച്ചത് മമ്മൂക്കക്ക് ഇഷ്ടമായില്ല. എന്നാല്‍ നിങ്ങളുടെ ഇഷ്ടം എന്ന് പറഞ്ഞ് അവര്‍ നിര്‍ദേശിച്ച സ്‌റ്റൈല്‍ പിന്നീട് മമ്മൂക്ക തെരഞ്ഞെടുക്കുകയായിരുന്നു.
മമ്മൂക്കയെ നേരിട്ട് പരിചയമുള്ളവര്‍ പറയും ആദ്യം ചെറുതായിട്ട് അംഗീകരിച്ച് തന്നില്ലെങ്കിലും പിന്നീട് പുള്ളി നമ്മുടെ ലെവലിലേക്ക് വന്നോളുമെന്ന്. അദ്ദേഹത്തിന് തന്നെ അറിയാം അത് നല്ലതായിരിക്കുമെന്ന്.

അഭിമുഖത്തില്‍ ആദ്യമായി മമ്മൂട്ടിയെ കണ്ടുമുട്ടിയ അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. ‘ഈറ്റില്ലം’ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്ക് സബ് റോള്‍ ആയിരുന്നെന്നും അവിടെ വച്ചാണ് താന്‍ ആദ്യമായി മമ്മൂട്ടിയെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ ആദ്യം സിനിമയിലേക്ക് വരുന്നത് സഹസംവിധായകന്‍ ആയിട്ടാണ്. ‘ഈറ്റില്ലം’ എന്ന സിനിമയുടെ സെറ്റിലാണ് ഞാന്‍ മമ്മൂട്ടിയെ കാണുന്നത്. മമ്മൂട്ടി അപ്പോള്‍ പ്രധാന നടന്‍ ആയിട്ടുണ്ടായിരുന്നില്ല. ആ ചിത്രത്തില്‍ ഭരത് ഗോപിയും, നെടുമുടി വേണു ചേട്ടനും ആയിരുന്നു നായകന്‍മാര്‍. മമ്മൂട്ടിക്ക് സബ് റോള്‍ ആയിരുന്നു ആ ചിത്രത്തില്‍. അന്ന് വന്നപ്പോള്‍ തന്നെ സ്‌റ്റൈലിഷ് ആയിരുന്നു. അന്ന് വാക്മാന്‍ ഒക്കെ ഇറങ്ങിയ കാലമാണ്. ആ ഉപകാരണങ്ങളൊക്കെ ഞങ്ങള്‍ക്ക് വലിയ അതിശയമായിരുന്നു അന്ന്. അന്നേ പുള്ളി അതൊക്കെ വെച്ചാണ് വന്നിരുന്നത്. അതൊക്കെ കാണിച്ചാണ് ഞങ്ങളെ വിരട്ടിയിരുന്നത് (ചിരിക്കുന്നു). ഇപ്പോഴും അദ്ദേഹം അതുപോലെയാണ് നടക്കുന്നത്. പുതിയ ടെക്‌നോളജിക്കല്‍ ഉപകരണങ്ങള്‍ ആണെന്നേയുള്ളൂ,’ ഔസേപ്പച്ചന്‍ പറഞ്ഞു.

Content Highlights: Ousepachan Valakuzhy on Mammootty

We use cookies to give you the best possible experience. Learn more