Entertainment news
ചാക്കോച്ചാ പൊളിച്ചൂടാ മോനെ, സ്വന്തം പാട്ടിന്റെ റീമേക്ക് പങ്കുവെച്ച് ഔസേപ്പച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 26, 06:31 am
Tuesday, 26th July 2022, 12:01 pm

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ ഗാനം റിലീസായതിന് പിന്നാലെ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ഇതിനകം തന്നെ ഗാനം യൂട്യൂബില്‍ വൈറലായിട്ടുണ്ട്.

1985ല്‍ ഭരതന്‍ സംവിധാനം ചെയ്ത കാതോട് കാതോരം എന്ന ചിത്രത്തിലെ ഗാനത്തിന്റെ റീമേക്ക് ആണ് ഈ പാട്ട്. ഒ.എന്‍.വി കുറുപ്പിന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചത് യേശുദാസ് ആയിരുന്നു. ന്നാ താന്‍ കേസ് കൊടിലെ ദേവദൂതര്‍ പാടിയത് ബിജു നാരായണനാണ്.

ഇപ്പോള്‍ ഇതാ കുഞ്ചാക്കോ ബോബനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ ഫേസ്ബൂക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഔസേപ്പച്ചന്‍. ‘ചാക്കോച്ചാ പൊളിച്ചൂടാ മോനെ’ എന്നാണ് അദ്ദേഹം എഴുതിയത്.

ഔസേപ്പച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്

ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു. 37 വര്‍ഷം മുന്നേ ഞാന്‍ വയലിന്‍ വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത ഗാനം ഇന്നും ട്രെന്‍ഡിങ് ആയതില്‍ സന്തോഷം. അന്ന് ഓര്‍ക്കസ്ട്രയില്‍ ഒപ്പം ഉണ്ടായിരുന്നവര്‍ കീബോര്‍ഡ് എ .ആര്‍.റഹ്മാന്‍ , ഗിറ്റാര്‍ ജോണ്‍ ആന്റണി ,ഡ്രംസ് ശിവമണി. അതേ ഓര്‍ക്കസ്ട്രയെ ഓര്‍മപ്പെടുത്തുന്ന രീതിയില്‍ ഓര്‍ക്കസ്ട്രേഷന്‍ പുനര്‍ സൃഷ്ടിച്ചതിനൊപ്പം ബിജു നാരായണന്റെ ഹൃദയത്തില്‍ തൊടുന്ന ആലാപനവും ഒത്തുചേര്‍ന്നപ്പോള്‍ ഗംഭീരമായി.

മമ്മൂട്ടിയായിരുന്നു ഈ ഗാനം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഉത്സവ പറമ്പിലെ ഗാനമേളയില്‍ ഗാനം പാടുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ വ്യത്യസ്തമായ ഡാന്‍സും വീഡിയോസോങ്ങില്‍ കാണാനാകും.

കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്.

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് ശേഷും സംവിധായകന്‍ രതീഷും നിര്‍മാതാവ് സന്തോഷ് ടി. കുരുവിളയും ഒന്നിക്കുന്ന ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. മഹേഷിന്റെ പ്രതികാരം, മായാനദി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വൈറസ്, ആര്‍ക്കറിയാം, നാരദന്‍ എന്നീ സിനിമകളുടെ നിര്‍മാതാവായ സന്തോഷ് ടി. കുരുവിളയുടെ പന്ത്രണ്ടാമത്തെ ചിത്രമാണിത്. കനകം കാമിനി കലഹമാണ് രതീഷ് ഒടുവില്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രം.

കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ഒരു ചെറിയ പ്രശ്‌നവുമായി കോടതിയെ സമീപിക്കുന്നതും, തന്റെ കേസ് വാദിക്കാന്‍ ശ്രമിക്കുന്നതുമാണ് ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ പ്രേമയമെന്നാണ് സൂചന. ഗായത്രി ശങ്കറാണ് ചിത്രത്തിലെ നായിക. ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Ouseppachan shared the remake of his own song in the movie Nna Than Case Kodu movie