| Monday, 31st May 2021, 6:16 pm

ന്യൂനപക്ഷ അനുപാതം റദ്ദാക്കല്‍; ലീഗിന്റേത് പൂരം കഴിഞ്ഞുള്ള വെടിക്കെട്ടെന്ന് ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ക്കായി നടപ്പിലാക്കിയ പദ്ധതികളുടെ ഗുണഭോക്താക്കളുടെ അനുപാതം 80:20 റദ്ദാക്കിയ കോടതി വിധിയെ തുടര്‍ന്ന് മുസ്‌ലിം ലീഗ് നടത്തുന്നത് പൂരം കഴിഞ്ഞുള്ള
വെടിക്കെട്ടെന്ന് മുന്‍ മന്ത്രി കെ.ടി ജലീല്‍. ഇരു സമസ്തകളുമടക്കം ഉത്തരവാദപ്പെട്ട ഒരു മുസ്‌ലിം സംഘടനയെയും ലീഗിന്റെ ത്വക്കില്‍ വെക്കാന്‍ കിട്ടുമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘പാലൊളി കമ്മിറ്റിയുടെ ശുപാര്‍ശയില്‍ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ക്കായി നടപ്പിലാക്കിയ പദ്ധതികളുടെ ഗുണഭോക്താക്കളുടെ അനുപാതം 80:20 ആക്കി 22.2.2011ന് ഇറക്കിയ ഉത്തരവിനെ ഒരു മുസ്‌ലിം സംഘടനയും ക്രൈസ്തവ സംഘടനയും അന്നോ അതിനു ശേഷം സമീപ കാലം വരെയോ ചോദ്യം ചെയ്തതായി അറിവില്ല.

എന്നാല്‍ നടപ്പിലാക്കി 10 കൊല്ലം കഴിഞ്ഞ് ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത്, ചിലരിത് കുത്തിപ്പൊക്കിയത് ക്രൈസ്തവ-മുസ്‌ലിം ജനവിഭാഗങ്ങളെ എല്‍.ഡി.എഫിന് എതിരാക്കി തിരിക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെയായിരുന്നു,’ ലീഗിന്റെ മുതലക്കണ്ണീര്‍ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ കെ.ടി ജലീല്‍ പറഞ്ഞു.

തനിക്കതിരെ അഡ്വ: ജോര്‍ജ് പൂന്തോട്ടത്തെ ലോകായുക്ത റിട്ടയേര്‍ഡ് ജസ്റ്റിസ് സിറിയക് ജോസഫിന്റെ മുമ്പില്‍ ഹാജരാക്കി വിധി വാങ്ങിയെടുക്കുന്നതില്‍ കാണിച്ച താല്‍പര്യത്തിന്റെ ആയിരത്തിലൊരംശം 80:20 അനുപാതം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസിന്റെ കാര്യത്തില്‍ ലീഗ് കാണിച്ചിരുന്നുവെങ്കില്‍ വാദത്തിനെങ്കിലും ഇക്കാര്യത്തിലെ അവരുടെ ആത്മാര്‍ത്ഥത അംഗീകരിക്കാമായിരുന്നെന്നും കെ.ടി ജലീല്‍ കുറ്റപ്പെടുത്തി.

മുസ്‌ലിങ്ങള്‍ക്ക് ലഭിക്കുന്ന പദ്ധതികളുടെ ആനുകൂല്യങ്ങളില്‍ കുറവുവരുത്താതെ ക്രൈസ്തവ വിഭാഗത്തിന് സാമൂഹ്യ-വിദ്യാഭ്യാസ-സാമ്പത്തിക പിന്നോക്കാവസ്ഥ ഉണ്ടെങ്കില്‍ അത് പരിശോധിച്ച് ശുപാര്‍ശകള്‍ സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് റിട്ടയേഡ് ജസ്റ്റിസ് കോശിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ നിയമിക്കാന്‍ തീരുമാനിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ബുദ്ധിപരമായ ഇടപെടലാണ് യു.ഡി.എഫിന്റെയും തല്‍പര കക്ഷികളുടെയും കുടില തന്ത്രം തകര്‍ത്തതെന്നും കെ.ടി പറഞ്ഞു.

80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികള്‍. ഈ അനുപാതമാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദ് ചെയ്തിരിക്കുന്നത്.ഇപ്പോള്‍ 18 ശതമാനം ക്രിസ്ത്യാനികളും 27 ശതമാനം മുസ്ലിം വിഭാഗക്കാരുമാണ്.

പുതിയ ഉത്തരവ് നിലവില്‍ വരികയാണെങ്കില്‍ 60:40 എന്ന അനുപാതത്തിലേക്ക് വരും. എന്നാല്‍ ക്രൈസ്തവ വിഭാഗത്തിലെ പിന്നോക്ക വിഭാഗക്കാരെ മാത്രമാണ് പരിഗണിക്കുന്നതെങ്കില്‍ നിലവിലെ അനുപാതം തന്നെ തുടരേണ്ടി വരും.നിലവിലെ അനുപാതം ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ക്രൈസ്തവ വിഭാഗങ്ങള്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറി


CONTENT HIGHLIGHS: court order quashing the beneficiary ratio of 80:20 for projects implemented for the backward classes, the Muslim League KT Jalil

We use cookies to give you the best possible experience. Learn more