തിരുവനന്തപുരം: സാദിഖലി തങ്ങളെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തെ പിന്തുണച്ച് സി.പി.ഐ.എം പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ പരാമർശത്തെ മതപരമായി മാറ്റുകയാണ് മുസ്‌ലിം ലീഗ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളെ വിമർശിക്കാൻ പാടില്ല എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ശ്രമം മത വികാരം ആളിക്കത്തിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനെ ആ അർത്ഥത്തിൽ കണ്ട് മനസിലാക്കാൻ കേരളത്തിലെ ജനങ്ങൾക്ക് നസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
‘എന്ത് പറയാനും യാതൊരു വിധ ഉളുപ്പുമില്ലാതെ പ്രചാരണ കോലാഹലങ്ങളാണ് ചിലർ ഇവിടെ നടത്തുന്നത്. ഞങ്ങൾ കൃത്യമായ രാഷ്ട്രീയ വിമർശനമാണ് ഉന്നയിച്ചത്. മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തെപ്പറ്റിയാണ് പറഞ്ഞത്. അപ്പോൾ ഉടനെ തന്നെ മതപരമായ വികാരം രൂപപ്പെടുത്താൻ വേണ്ടിയുള്ള വർഗീയ അജണ്ടകളാണ് ചിലർ നടത്തുന്നത്. ജമാഅത്ത് ഇസ്‌ലാമിയുടെ തടങ്കൽ പാളയത്തിലാണ് മുസ്‌ലിം ലീഗ് ഇപ്പോൾ ഉള്ളത്.
വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമകളാണ് ജമാഅത്ത് ഇസ്‌ലാമിയുടേത്. അതിനെതിരെയുള്ള വിമർശനമാണ് ഞങ്ങൾ ഉന്നയിച്ചിട്ടുള്ളത്. അത് ശരിയായ വിമർശനം തന്നെയാണ്,’ അദ്ദേഹം പറഞ്ഞു.
സാദിഖലി തങ്ങള്‍ മുന്‍ പാണക്കാട് തങ്ങളെ പോലെ അല്ലെന്നും, അദ്ദേഹം ജമാഅത്ത് ഇസ്‌ലാമിയുടെ പ്രവര്‍ത്തകനെന്ന നിലയിലാണ് മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Content Highlight: Ours is the party’s opinion, League leaders are infusing it with communalism: MV Govindan