ന്യൂദല്‍ഹി: രാഷ്ട്രപിതാവിന്റെ ഉദാത്തമായ ആശയങ്ങള്‍ കൂടുതല്‍ ജനകീയമാക്കാനുള്ള കൂട്ടായ ശ്രമമാണ് മഹാത്മാഗാന്ധിയുടെ ചരമവാര്‍ഷിക ദിനാഘോഷത്തിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
‘ബാപ്പുവിന്റെ പുണ്യ തിഥിയില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ മഹത്തായ ആശയങ്ങള്‍ കൂടുതല്‍ ജനകീയമാക്കാനുള്ള ഞങ്ങളുടെ കൂട്ടായ പരിശ്രമമാണിത്. രക്തസാക്ഷി ദിനത്തില്‍, നമ്മുടെ രാഷ്ട്രത്തെ ധീരമായി സംരക്ഷിച്ച എല്ലാ മഹാന്മാര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അവരുടെ സേവനവും ധീരതയും എക്കാലവും സ്മരിക്കപ്പെടും,’ മോദി ട്വീറ്റ് ചെയ്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രക്തസാക്ഷി ദിനത്തില്‍ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബാപ്പു ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തില്‍ സ്വദേശി, സ്വഭാഷ, സ്വരാജ് എന്നിവയുടെ ആത്മാവ് പകര്‍ന്നുവെന്ന് അമിത് ഷാ പറഞ്ഞു.
Remembering Bapu on his Punya Tithi. It is our collective endeavour to further popularise his noble ideals.
Today, on Martyrs’ Day, paying homage to all the greats who courageously safeguarded our nation. Their service and bravery will always be remembered.
‘മഹാത്മാഗാന്ധി ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ സ്വദേശി, സ്വഭാഷ, സ്വരാജ് എന്നിവയുടെ ചൈതന്യം പകര്‍ന്നു. അദ്ദേഹത്തിന്റെ ചിന്തകളും ആദര്‍ശങ്ങളും രാഷ്ട്രത്തെ സേവിക്കാന്‍ എല്ലാ ഇന്ത്യക്കാരെയും എപ്പോഴും പ്രചോദിപ്പിക്കും,’ ഷാ ട്വീറ്റ് ചെയ്തു.
മഹാത്മാഗാന്ധിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ചും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ ആദരിക്കുന്നതിനുമായി എല്ലാ വര്‍ഷവും ജനുവരി 30 ന് ഇന്ത്യ രക്തസാക്ഷി ദിനമായി ആചരിക്കാറുണ്ട്.
1948 ജനുവരി 30ന് ബിര്‍ള ഹൗസിലെ ഗാന്ധി സ്മൃതിയില്‍ വെച്ചാണ് മഹാത്മാഗാന്ധിയെ നാഥുറാം വിനായക് ഗോഡ്സെ കൊലപ്പെടുത്തിയത്.