പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി സമരം ചെയ്യുന്നവരെ രാജ്യദ്രോഹികളെന്ന് വിളിക്കരുത്: ബോംബെ ഹൈക്കോടതി
national news
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി സമരം ചെയ്യുന്നവരെ രാജ്യദ്രോഹികളെന്ന് വിളിക്കരുത്: ബോംബെ ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th February 2020, 10:39 am

ഔറംഗാബാദ്: പൗരത്വ നിയമത്തിനെതിരെ സമാധാനപരമായി സമരം ചെയ്യുന്നവരെ രാജ്യദ്രോഹികളെന്ന് വിളിക്കരുതെന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച്.

‘ഒരു നിയമത്തെ ആളുകള്‍ക്ക് എതിര്‍ക്കേണ്ടിവരുന്നു എന്നതിനാല്‍ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി കാണരുത്,’ ഹൈക്കോടതി പറഞ്ഞു.

മജാല്‍ഗോണിലെ ഇദ്ഗാ മൈതാനത്തില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്താന്‍ അനുമതി നിഷേധിച്ചതിനെതിരെ നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

ആളുകള്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ ആ അര്‍ത്ഥത്തിലാണ് കോടതി കാണുന്നതെന്നും അത്തരം ആളുകളെ രാജ്യ ദ്രോഹികളാക്കി മുദ്ര കുത്തരുതെന്നുമാണ് കോടതി പറഞ്ഞത്. സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിനെതിരെയുള്ള ആളുകളുടെ പ്രതിഷേധം മാത്രമാണ് നടക്കുന്നതെന്നും കോടതി വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബീഡ് ജില്ലയിലെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റും മജാല്‍ഗോണ്‍ സിറ്റി പൊലീസും പാസാക്കിയ രണ്ടു ഓര്‍ഡറുകളും ബെഞ്ച് റദ്ദാക്കി. പൗരത്വ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച നടപടികളാണ് കോടതി റദ്ദാക്കിയത്.

‘പൗരത്വ ഭേദഗതി നിയമത്തിനെതിരായ കാര്യത്തിലും ജനങ്ങള്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്തും നമ്മുടെ പൂര്‍വികര്‍ യുദ്ധം ചെയ്തത് സ്വാതന്ത്ര്യത്തിനും മനഷ്യാവകാശങ്ങള്‍ക്കും വേണ്ടിയാണ്. അത്തരത്തിലാണ് നമ്മള്‍ ഭരണഘടന നിര്‍മിച്ചതും. സര്‍ക്കാരിനെതിരായി ആ രാജ്യത്തെ ജനത പ്രതിഷേധിക്കുന്നത് നിര്‍ഭാഗ്യകരമാണെങ്കിലും പ്രതിഷേധിക്കാനുള്ള അവകാശത്തെ അടിച്ചമര്‍ത്താനാവില്ല,’ ബെഞ്ച് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രക്ഷോഭത്തെ തുടര്‍ന്ന് ക്രമസമാധാനം തകര്‍ന്നുവെന്ന് കാണിച്ച് ബീഡ് പൊലീസ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എഡിഎം ഉത്തരവിട്ടത്. എന്നാല്‍ എഡിഎമ്മിന്റെ നടപടി ജനങ്ങള്‍ക്കെതിരാണെന്നും കോടതി പറഞ്ഞു.