|

നമ്മുടെ ഇളം തലമുറ വല്ലാതെ അസ്വസ്ഥരാണ്, പുതിയ കമ്പോള വ്യവസ്ഥയുടെ ഭാഗമായുള്ള മത്സരാധിഷ്ഠിത ജീവിതമാണ് ഘടകങ്ങളിലൊന്ന്: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കുട്ടികളിൽ വർധിച്ച് വരുന്ന അക്രമണോത്സുകത അതീവ ഗൗരവത്തോടെയുള്ള അപഗ്രഥനം ആവശ്യമുള്ള വിഷയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താമരശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥി കൊല്ലപ്പെട്ടതടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിൻ്റെ നിർദേശം അംഗീകരിച്ച് നിയമസഭയിൽ നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഷയത്തിൽ കോൺഗ്രസ് നേതാവായ രമേശ് ചെന്നിത്തല നൽകിയ അടിയന്തര പ്രമേയ നോട്ടീസിൽ നിയമസഭയിൽ ചർച്ച നടന്നു.

കുട്ടികളിൽ വർധിച്ച് വരുന്ന അക്രമണോത്സുകത അതീവ ഗൗരവത്തോടെയുള്ള അപഗ്രഥനം ആവശ്യപ്പെടുന്ന ഒന്നാണെന്നും അതുകൊണ്ട് തന്നെ രമേശ് ചെന്നിത്തല നൽകിയ അടിയന്തര പ്രമേയ നോട്ടീസ് അർഹിക്കുന്ന ഗൗരവത്തിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നാല് സംഭവങ്ങളാണ് നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇവ ഒറ്റയ്ക്ക് ഒറ്റയ്ക്ക് പരിശോധിക്കേണ്ടവയല്ല. പല മുഖങ്ങളും പല തലങ്ങളും ഉള്ളതും ഈ ചർച്ചയോടെ അവസാനിപ്പിക്കേണ്ട വിഷയവുമല്ല അത്. അതീവ ഗൗരവത്തോടെ പൊതു സമൂഹത്തിൻ്റെ വികാരം സർക്കാർ കണക്കിലെടുക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ എല്ലാ നിയമ നടപടിയും സ്വീകരിക്കും. കേവലം ഒരു ക്രമസമാധാന പ്രശ്നമല്ലയിത്. അതിനപ്പുറം വലിയ സാമൂഹിക മാനമുള്ള അതി ഗൗരവതരമായ വിഷയമായതിനാൽ കേവലം വ്യക്തിനിഷ്ഠ തലത്തിലോ രാഷ്ട്രീയ തലത്തിലോ ഇത് ചുരുക്കരുത്.
കുട്ടികളിലെ അക്രമണോത്സുകത ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്ന കാലമാണിത്. ഇതൊരാഗോള പ്രതിഭാസമായി മാറുന്നതിൽ ഐക്യരാഷ്ട്ര സഭ തന്നെ ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ലോകത്തിൻ്റെ പല ഭാഗങ്ങളിൽ ഉണ്ടാകുന്നു എന്നത് കേരളത്തിൽ സംഭവിക്കുന്നതിന് ന്യായീകരണമല്ല. അതേ സമയം കേരളം ലോകത്തിൻ്റെ ഭാഗവുമാണ്.

നമ്മുടെ ഇളം തലമുറ വല്ലാതെ അസ്വസ്ഥരാണ്. പുതിയ കമ്പോള വ്യവസ്ഥയുടെ ഭാഗമായുള്ള മത്സരാധിഷ്ഠിത ജീവിതമാണ് ഘടകങ്ങളിലൊന്ന്. എല്ലായിടത്തും മത്സരമാണ്. എൻട്രൻസിന് മത്സരം, ഇൻ്റർവ്യൂവിന് മത്സരം, തൊഴിൽ നേടാൻ മത്സരം തൊഴിലിൽ പിടിച്ചുനിൽക്കാൻ മത്സരം. ഒപ്പമുള്ളവനെ തോല്പിച്ചാലേ ജയിക്കാനാവൂ എന്ന സ്ഥിതി ശത്രുത വളർത്തുന്നു. ശത്രു കൂടെയുള്ളവരാണോ എന്ന ചിന്തയിലേക്ക് അരക്ഷിതബോധം വളരുന്നോ എന്ന് ആലോചിക്കണം,’ അദ്ദേഹം പറഞ്ഞു.

കുട്ടികളിൽ ബാല്യത്തിൽ തന്നെ ഒറ്റപ്പെടലുകളുണ്ടാകുന്നു. വീട്ടിലെ മുറി എന്ന പെട്ടിയിൽ നിന്നും സ്കൂൾ ബസ് എന്ന പെട്ടിയിലേക്കും അതിൽ നിന്ന് ക്ലാസ് മുറി എന്ന പെട്ടിയിലേക്കും ബാല്യം കൈമാറ്റം ചെയ്യപ്പെടുന്നു. പഠനത്തിനപ്പുറത്തേക്ക് മനസ് തുറക്കാൻ പറ്റാത്ത സമ്മർദം. തിരികെ വീട്ടിലെത്തിയാൽ സന്തോഷമോ സങ്കടമോ പങ്കിടാൻ ആരുമില്ലെന്ന തോന്നൽ പല കുട്ടികൾക്കുമുണ്ട്. പല അച്ഛനമ്മമാർക്കും സംസാരിക്കാൻ സമയമില്ല. അവർ അവരുടെ സ്വകാര്യ ലോകത്താണ്. പതിയെ ഇത് ഡിജിറ്റൽ അഡിക്ഷനു വഴിവെക്കുന്നു. പിന്നീട് ഇതിൽ നിന്ന് അടർത്തിമാറ്റാൻ ശ്രമിക്കുന്ന അച്ഛനമ്മമാരടക്കം എല്ലാം കുട്ടികൾക്ക് ശത്രുക്കളായി മാറുന്നു.

സീരിയലും സിനിമയും ദുസ്വാധീനമുണ്ടാക്കുന്നു എന്നത് കണ്ടേ പറ്റൂ. ഏറ്റവും കൂടുതൽ അക്രമവും കൊലയും നടത്തുന്നവൻ പലതിലും ഹീറോ ആകുന്നു. ഈ ഹീറോ വർഷിപ്പ് എല്ലാവരേയും തല്ലി ഒതുക്കുന്നതാണ് തൻ്റെ മഹത്വം എന്ന ചിന്തയിലേക്ക് പല കുട്ടികളേയും നയിക്കുന്നു. ഒരു സിനിമയിൽ കുട്ടികളെ എടാ മോനെ എന്നാണ് വിളിക്കുന്നത്. ആ സിനിമ കണ്ട ചില കുട്ടികൾ ഗുണ്ടാത്തലവന്മാരുടെ കൂടെ പോയതായി പൊലീസ് റിപ്പോർട്ടുണ്ട്.

കുട്ടികളുടെ മാനസിക അസ്വസ്ഥതകൾക്ക് പല കാരണങ്ങളുണ്ട്. അധ്യാപക-വിദ്യാർത്ഥി ബന്ധത്തിൽ വന്ന മാറ്റം, രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിലെ മാറ്റം സഹപാഠികളുമായുള്ള ബന്ധത്തിലെ മാറ്റം, ധൂർത്ത് ജീവിതത്തോടുള്ള ആസക്തി, എവിടെയൊക്കെ സന്തോഷമുണ്ടോ അതൊക്കെ സ്വന്തമാക്കാനുള്ള വ്യഗ്രത, എല്ലാം പിടിച്ചടക്കണമെന്ന ചിന്ത ഇതൊക്കെ കാണാതിരുന്നുകൂട. പഠനം ഭൗതിക നേട്ടമുണ്ടാക്കുന്നതിനു മാത്രമായി മാറുന്നുണ്ടോ എന്നും പരിശോധിക്കപ്പെടണം.

മയക്കുമരുന്നിൻ്റെ കാര്യത്തിലേക്ക് വന്നാൽ അത് മാരക വിപത്ത് തന്നെയാണ്. മയക്കുമരുന്ന് പ്രത്യേകിച്ച് രാസ മയക്കുമരുന്ന് ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നതല്ല. ഇറക്കുമതി ചെയ്യപ്പെടുന്നവയാണ്. സംസ്ഥാനത്തെ തുറമുഖം വഴിയുള്ള കടന്നുവരവിനെ നാം നിയന്ത്രിക്കുന്നുണ്ടെങ്കിലും ഇതര തുറുമുഖങ്ങളിൽ നിന്ന് റോഡുമാർഗം ഇവിടെ എത്തുന്നുണ്ട്.

ഈ സർക്കാരിൻ്റെ കാലത്ത് 2024 ഡിസംബർ 31 വരെ 87 ,389 കേസുകളിലായി 93 ,599 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് 37 ,228 കേസുകളിൽ 41 ,378 പേരെയും അറസ്റ്റ് ചെയ്തു. മയക്കു മരുന്ന് സംഭരണവും വിതരണവും തടയാൻ പി-ഹണ്ട് എന്ന പേരിൽ ഈ വർഷം 22 /2 / 25 മുതൽ മാർച്ച് ഒന്ന് വരെ നടത്തിയ പ്രത്യേക പരിശോധനയിൽ 2,854 പേരെ അറസ്റ്റ് ചെയ്തു.

1.31 കിലോ MDMA , 154 കിലോ കഞ്ചാവ്, 18 .15 ഗ്രാം ഹാഷിഷ് ഓയിൽ, 1.85 ഗ്രാം ബ്രൗൺഷുഗർ , 13.06 ഹെറോയിൻ, വിവിധയിനം മയക്കുമരുന്ന് ഗുളികകൾ എന്നിവ ഇവരിൽ നിന്ന്  കണ്ടെടുത്തു. ഹൈദരാബാദിൽ വൻ മയക്കു മരുന്നു ശാല നടത്തുന്ന വ്യക്തിയെ അവിടെ പോയി അറസ്റ്റ് ചെയ്തത് തൃശൂർ പൊലീസാണ്. ഇവിടെ ഒന്നും ചെയ്യുന്നില്ല എന്ന് വിമർശിക്കുന്നവർ ഇവ കൂടി കാണണം. മയക്കുമരുന്ന് കേസുകളിൽ ദേശീയ ശിക്ഷാ നിരക്ക് 78 .1 ശതമാനമാണ്. തെലങ്കാനയിൽ 25.6ഉം ആന്ധ്രയിൽ 25.4 ഉം ശതമാനം മാത്രമുള്ളപ്പോൾ കേരളത്തിൽ 98.19 ശതമാനം പ്രതികളും ശിക്ഷിക്കപ്പെടുന്നു. മയക്കുമരുന്ന് കേസുകളിൽ കേരളത്തിലെ എൻഫോഴ്ന്മെൻ്റ് ഏജൻസികൾ 2024ൽ അറസ്റ്റ് ചെയ്തത്‌ 24 ,517പേരെയാണ്. സർക്കാർ ഇക്കാര്യത്തിൽ വളരെ കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നതെന്ന് കണക്കുകൾ തെളിയിക്കുന്നു.

കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം 2023ൽ രാജ്യത്ത് 16 ,100 കോടിയുടേയും 2024 ൽ 25 ,000 കോടിയുടേയും മയക്കുമരുന്ന് പിടികൂടിയപ്പോൾ കേരളത്തിൽ അത് 100 കോടിക്കു താഴെ മാത്രമാണ്. ചെറുപ്രായത്തിലേ പ്രൊഫഷണൽ വിദ്യാഭ്യാസ പ്രവേശനത്തിനുള്ള കോച്ചിങ് തുടങ്ങുന്ന കാരണം പല കുഞ്ഞുങ്ങൾക്കും മാനസികോല്ലാസത്തിനുള്ള സമയമോ സാഹചര്യമോയില്ല. ഓൺലൈൻ ഗെയിമുകളും കുട്ടികളെ ഹൃദയശൂന്യതയുടെ ലോകത്തേക്ക് തള്ളിവിടുന്നു. അരാഷ്ട്രീയതയുള്ള കോളേജ് കാമ്പസുകളിലാണ് ജുനിയർ-സീനിയർ വിഭാഗീയത, ഗാങ്ങ് സംഘർഷം, മയക്കുമരുന്ന് കൈമാറ്റം എന്നിവ കൂടുതലായി നടക്കുന്നത്.

ഇതൊരു സാമൂഹിക പ്രശ്നമായി കണ്ടുള്ള പ്രതിരോധ നടപടികൾ ഉണ്ടാവേണ്ടതുണ്ട്. നിയമ നടപടികൾ കൂടുതൽ ശക്തമായി തുടരും. അതോടൊപ്പം എല്ലാവരും ഭിന്നതകൾ മാറ്റി വച്ച് ഒറ്റമനസ്സോടെ ഇതിനെ എതിർത്തു തോല്പിക്കേണ്ടതുണ്ട്. സർക്കാർ തീർച്ചയായും മുൻകയ്യെടുക്കും. ഇക്കാര്യത്തിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും സുപ്രധാന പങ്കുണ്ട്. വിദ്യാർത്ഥി-യുവജന സംഘടനകൾ, സിനിമ, സാംസ്കാരിക, മാധ്യമ മേഖലയിലെ സംഘടനകൾ, പി.ടി.എ എന്നിവയുടെ യോഗം ചെർന്ന് വിപുലമായ കർമ പദ്ധതി ഉടൻ തയ്യാറാക്കും. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

Content Highlight: Our young generation is very restless and one of the factors is the competitive life as part of the new market system: CM

Video Stories