| Saturday, 21st July 2018, 6:37 pm

ഞങ്ങളുടെ ലോകം തകര്‍ന്നു, പാല്‍ തരുന്ന പശുവിനെ കൊണ്ട് വരുന്നതില്‍ എന്താണ് കുഴപ്പം: അല്‍വാറില്‍ കൊല്ലപ്പെട്ട അക്തറിന്റെ കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അല്‍വാര്‍: പശുവിനെ കടത്തി എന്നാരോപിച്ച് ഇന്ന് ആള്‍ക്കൂട്ടം കൊല ചെയ്ത അക്രത്തിന്റെ കുടുംബം അനാഥമായിരിക്കുകയാണ്. അക്രത്തെ ആശ്രയിച്ച് ജീവിച്ചിരുന്ന ഏഴ് കുട്ടികള്‍ അടങ്ങുന്ന കുടുംബമാണ് സംരക്ഷകര്‍ ആരുമില്ലാതെ അനാഥമായത്.

അക്രത്തിന്റെ മൂത്ത മകളായ സാഹിലയ്ക്ക് 14 വയസ്സും, ഇളയവളായ അഷേറയ്ക്ക് 2 വയസ്സുമാണ്. ഇവരെ ഇനി സംരക്ഷിക്കേണ്ടത് അക്രത്തിന്റെ ഭാര്യയായ അസ്മാനിയുടെ ഒറ്റയ്ക്കുള്ള ഉത്തരവാദിത്വമാണ്.

“”അക്രമികളെ തൂക്കിലേറ്റണം. പാല്‍ തരുന്ന പശുവിനെ കൊണ്ട് വരുന്നതില്‍ എന്ത് നിയമവിരുദ്ധതയാണുള്ളത്?. ഞങ്ങളുടെ ലോകമാണ് അവര്‍ ഇല്ലാതാക്കിയത്”” അസ്മാനിയ മാധ്യമങ്ങളുടെ മുമ്പില്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു.

തങ്ങള്‍ക്ക് നീതി വേണമെന്നും അക്രമികളെ അറസ്റ്റ് ചെയ്യണമെന്നും അക്രത്തിന്റെ അച്ഛനായ സുലൈമാനും ആവശ്യപ്പെട്ടു.

സംഭവത്തില്‍ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത് രണ്ട് പേരെയാണ്. ദൃക് സാക്ഷികള്‍ പറയുന്നത് അനുസരിച്ച് അക്രത്തിനെ ആക്രമിച്ചവര്‍ പശുക്കളെ കൈക്കലാക്കുകയും, വില്‍ക്കുകയും ചെയ്തു.

ഹരിയാനയിലെ കൊല്‍ഗ്‌നാവ് ഗ്രാമത്തില്‍ നിന്നും രാംഗറിലെ ലാല്‍വാന്ദി ഗ്രാമത്തിലേക്ക് പശുവുമായി വരികയായിരുന്നു അക്രം.

അല്‍വാറില്‍ തന്നെ കഴിഞ്ഞ വര്‍ഷം പശുക്കടത്തിന്റെ പേരില്‍ മധ്യവയസ്‌കനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു.

രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ ഇന്നലെ സഭയില്‍ മോദി സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും പുതിയ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ ഓരോ സംസ്ഥാന സര്‍ക്കാരുകളും പ്രതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു.

ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ കേന്ദ്രത്തിന് കൂടുതലൊന്നും ചെയ്യാന്‍ കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ പരിഹരിക്കേണ്ട വിഷയമാണ് ഇതെന്നുമായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നത്.

നിയമം കയ്യിലെടുക്കാനുള്ള അധികാരം ആര്‍ക്കുമില്ലെന്നും പശുക്കടത്തിന്റേയും മറ്റും പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്ന നടപടി അങ്ങേയറ്റം ഖേദകരമാണെന്നും സര്‍ക്കാര്‍ കര്‍ശന നടപടി തന്നെ വിഷയത്തില്‍ കൈക്കൊള്ളണമെന്നും ചൊവ്വാഴ്ച സുപ്രീം കോടതിയും ആവശ്യപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more