| Tuesday, 11th February 2020, 9:58 am

ഹിന്ദുക്കള്‍ക്കും മുസ്‌ലീങ്ങള്‍ക്കുമിടയില്‍ ധ്രുവീകരണം ഉണ്ടാക്കാന്‍ അവര്‍ ശ്രമിച്ചപ്പോള്‍ ഞങ്ങള്‍ ചെയ്തത് ഇതായിരുന്നു; ദല്‍ഹി തെരഞ്ഞെടുപ്പ് മുന്നേറ്റത്തില്‍ സിസോദിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെ മുന്നേറ്റത്തില്‍ സന്തോഷം പങ്കുവെച്ച് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. യഥാര്‍ത്ഥ ദേശീയത എന്താണെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തിലൂടെ തെളിയിക്കപ്പെടുന്നതെന്ന് സിസോദിയ പറഞ്ഞു.

ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് യഥാര്‍ത്ഥ ദേശീയതയെന്നും സിസോദിയ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയത്തില്‍ അവസരം ലഭിക്കുകയാണെങ്കില്‍ നിങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം. അതാണ് യഥാര്‍ത്ഥ ദേശസ്നേഹം. ഞങ്ങളുടെ വിജയം തെളിയിക്കുന്നതും ഇതാണ്. വിദ്യാഭ്യാസം, ആരോഗ്യം സേവനം എന്നിവയില്‍ ഊന്നി പ്രവര്‍ത്തിക്കുകയായിരുന്നു ഞങ്ങള്‍ – സിസോദിയ പറഞ്ഞു.

”ഒരു സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചാല്‍ അവര്‍ വിജയം കണ്ടിരിക്കുമെന്ന് തെളിയിക്കുകയാണ് ദല്‍ഹി.

ഞങ്ങള്‍ സ്‌കൂളുകളെയും ആശുപത്രികളെയും കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു, എന്നാല്‍ മറുവശത്ത് ഇത്തരമൊരു സാഹചര്യത്തെ ദുര്‍ബലപ്പെടുത്താനായി ഹിന്ദുക്കളേയും മുസ്‌ലീങ്ങളേയും കുറിച്ച് മാത്രം അവര്‍ സംസാരിച്ചു.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തെ, പ്രത്യേകിച്ചും ഷാഹീന്‍ബാഗിലെ പ്രതിഷേധത്തെ ദേശവിരുദ്ധ നടപടിയെന്ന് മുദ്രകുത്തി വോട്ടര്‍മാര്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കാന്‍ ബി.ജെ.പി ശ്രമിച്ചെന്നും സിസോദിയ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളാക്കി മുദ്രകുത്തിക്കൊണ്ടായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെ നിരവധി ബി.ജെ.പി നേതാക്കള്‍ ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയത്.

എട്ട് മണിക്കാണ് ദല്‍ഹി തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണല്‍ ആരംഭിച്ചത്. എഴുപത് സീറ്റിലേക്കാണ് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. എക്സിറ്റ് പോളുകളെല്ലാം ആംആദ്മിക്ക് അനുകൂലമാണ്. നിലില്‍ 50 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയും 20 സീറ്റുകളില്‍ ബി.ജെ.പിയും ലീഡ് ചെയ്യുന്നുണ്ട്.

2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 67 സീറ്റ് നേടിയാണ് ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. ബി.ജെ.പി മൂന്ന് സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റ് പോലും നേടാത്തത് പാര്‍ട്ടിക്ക് രാജ്യതലസ്ഥാനത്ത് വലിയ തിരിച്ചടിയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more