| Thursday, 31st December 2020, 5:10 pm

'അവധി ദിവസമായതിനാല്‍ വോട്ടര്‍മാരെല്ലാം ട്രിപ്പിന് പോയി'; ഹരിയാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് പരാജയത്തില്‍ വിശദീകരണവുമായി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരിയാന: ഹരിയാന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ കാരണം വിശദീകരിച്ച് ബി.ജെ.പി. തെരഞ്ഞെടുപ്പ് നടന്ന ദിവസം അവധിദിനമായതിനാലാണ് തങ്ങള്‍ക്ക് തിരിച്ചടി നേരിടേണ്ടി വന്നതെന്നാണ് ഹരിയാന ബി.ജെ.പി വക്താവ് സഞ്ജയ് ശര്‍മ്മ പറഞ്ഞത്.

‘ഡിസംബര്‍ 25,26,27 ഇതെല്ലാം അവധി ദിനങ്ങളാണ്. വര്‍ഷാവസാനമാണ് ഡിസംബര്‍. അതുപോലെ തന്നെ നിരവധി അവധിദിനങ്ങളും ഡിസംബറിലാണ്. ജനങ്ങള്‍ സാധാരണ കുടുംബത്തോടെ യാത്ര പോകുന്ന മാസം കൂടിയാണിത്. നിര്‍ഭാഗ്യവശാല്‍ അവധിയാഘോഷിക്കാന്‍ ഞങ്ങളുടെ വോട്ടര്‍മാരില്‍ ഭൂരിഭാഗം പേരും പോയതാണ് പാര്‍ട്ടിയ്ക്ക് കനത്ത നഷ്ടമുണ്ടാക്കിയത്’, സഞ്ജയ് ശര്‍മ്മ പറഞ്ഞു.

കര്‍ഷക സമരം ശക്തമായ സാഹചര്യത്തിലാണ് ഹരിയാനയില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് നടന്നത്. ഭരണകക്ഷിയായ ബി.ജെ.പി-ജെ.ജെ.പി സഖ്യത്തിന് വന്‍ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലുണ്ടായത്. ആറിടത്ത് മത്സരിച്ച സഖ്യം നാലിടത്തും കനത്ത പരാജയമേറ്റുവാങ്ങി.

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ നടന്ന മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലാണ് ഭരണകക്ഷിക്ക് ഇത്രയും വലിയ തിരിച്ചടി നേരിടേണ്ടി വന്നിരിക്കുന്നത്.

ദല്‍ഹിയില്‍ ഒരു മാസത്തിലേറെയായി പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന അതേസമയത്താണ് ബി.ജെ.പിക്ക് ഹരിയാനയില്‍ തിരിച്ചടി നേരിടുന്നത്.

ബി.ജെ.പിക്കും ജെ.ജെ.പിക്കും രണ്ട് സീറ്റുകള്‍ വീതമാണ് നഷ്ടമായത്. സോണിപത്, അംബാല മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ മേയര്‍ സ്ഥാനമാണ് ബി.ജെ.പിക്ക് നഷ്ടമായത്

ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗതാലയുടെ പാര്‍ട്ടിയായ ജെ.ജെ.പി അവരുടെ ശക്തി കേന്ദ്രമായ ഹിസാറിലെ ഉകലാനയിലും രെവാരി ജില്ലയിലെ ധരുഹേരയിലും പരാജയപ്പെട്ടു.

അംബാല, പഞ്ചകുള, സോണിപത്, ദാരുഹരെ, സാംപ്ല, ഉകലാന എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബുധനാഴ്ചയാണ് ഫലം വന്നത്.

ഇതോടെ തെരഞ്ഞെടുപ്പ് നടന്ന ആറില്‍ നാലിടത്തും ബി.ജെ.പി-ജെ.ജെ.പി സഖ്യത്തിന് മേയര്‍ സ്ഥാനം നഷ്ടമായി. കര്‍ഷക പ്രതിഷേധം നടക്കുന്ന സിംഗു അതിര്‍ത്തിക്ക് സമീപമുള്ള പ്രദേശമാണ് സോണിപത്. ഇവിടെയാണ് ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടത്.

പഞ്ചഗുളയില്‍ ബി.ജെ.പിക്ക് തന്നെയാണ് മേയര്‍ സ്ഥാനം ലഭിച്ചത്. ബി.ജെ.പി നേതാവ് കുല്‍ഭൂഷണ്‍ ഗോയലാണ് അവിടെ ജയിച്ചത്.

അതേസമയം സോണിപതില്‍ കോണ്‍ഗ്രസ് വിജയിച്ചത് 13,818 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. കര്‍ഷക പ്രതിഷേധത്തിന്റെ പ്രതിഫലനമാണ് ബി.ജെ.പിക്കേറ്റ തിരിച്ചടിക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Our Voters On Holiday Says BJP On Poor Show In Haryana Civic Elections

We use cookies to give you the best possible experience. Learn more