ബി.ജെ.പിയുടെ തെറ്റായ നയങ്ങളുടെ ഭാരം പേറുന്നത് രാജ്യത്തെ സൈനികർ: ദോഡ ഏറ്റുമുട്ടലിൽ രാഹുൽ ഗാന്ധി
national news
ബി.ജെ.പിയുടെ തെറ്റായ നയങ്ങളുടെ ഭാരം പേറുന്നത് രാജ്യത്തെ സൈനികർ: ദോഡ ഏറ്റുമുട്ടലിൽ രാഹുൽ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th July 2024, 2:00 pm

ന്യൂദൽഹി: ജമ്മു കശ്മീരിലെ ദോഡയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർ കൊല്ലപ്പെട്ടതിൽ കേന്ദ്രത്തെ വിമർശിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിയുടെ തെറ്റായ നയങ്ങളുടെ ഭാരം പേറുന്നത് രാജ്യത്തെ സൈനികരും അവരുടെ കുടുംബങ്ങളുമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ദോഡ ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഓഫീസർ ഉൾപ്പെടെ നാല് സൈനികർ കൊല്ലപ്പെട്ടിരുന്നു. ദിവസങ്ങൾക്ക് മുമ്പ് കത്വ ജില്ലയിലെ മച്ചേഡി വനമേഖലയിൽ സൈനിക പട്രോളിങിന് നേരെയുണ്ടായ ഭീകരരുടെ ആക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ആക്രമണം.

രാഷ്ട്രീയ റൈഫിള്‍സിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് വിഭാഗവും ജമ്മു കശ്മീര്‍ പൊലീസും ദോഡ നഗരത്തില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള വനമേഖലയില്‍ ഭീകരര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്.

‘ദുഃഖത്തിൻ്റെ ഈ വേളയിൽ രാജ്യം മുഴുവൻ ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുന്നു. തുടർച്ചയായി നടക്കുന്ന ഈ ഭീകരാക്രമണങ്ങൾ ജമ്മു കശ്മീരിൻ്റെ വഷളായ അവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നത്. ബിജെപിയുടെ തെറ്റായ നയങ്ങളുടെ ആഘാതം നമ്മുടെ സൈനികരും അവരുടെ കുടുംബങ്ങളും പേറേണ്ടി വരികയാണ്,’ രാഹുൽ എക്സിൽ കുറിച്ചു.

രക്തസാക്ഷികൾക്ക് രാഹുൽ ഗാന്ധി ആദരാഞ്ജലികൾ അർപ്പിക്കുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് തൻ്റെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഒന്നിനുപുറകെ ഒന്നായി നടക്കുന്ന ഇത്തരം ഭയാനകമായ സംഭവങ്ങൾ അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്നും അദ്ദേഹം പറഞ്ഞു.

ആവർത്തിച്ചുള്ള സുരക്ഷാ വീഴ്ചകളുടെ പൂർണ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുകയും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Our soldiers, their families bearing brunt of BJP’s wrong policies: Rahul Gandhi