ആടുജീവിതത്തിലെ നജീബിന്റെ പ്രണയ സങ്കല്‍പ്പങ്ങള്‍ക്ക് നേരെ വരുന്ന വിമര്‍ശനങ്ങള്‍ തന്നെ അതിശയിപ്പിക്കുന്നെന്ന് സംവിധായകന്‍ ബ്ലെസി.
അഞ്ച് ക്ലാസുവരെ മാത്രം പഠിച്ച നായകന്‍ ലിപ് ലോക്ക് ചെയ്യുന്നത് എങ്ങനെയാണെന്നാണ് ചിലര്‍ തന്നോട് ചോദിച്ചെന്നും പ്രണയിക്കാന്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ ആവശ്യമുണ്ടോയെന്നും ബ്ലെസി ചോദിച്ചു. ഒരു സ്ത്രീ പ്രണയത്തിന്റെ കാര്യത്തില്‍ കൂടുതല്‍ താത്പര്യം കാണിച്ചാല്‍ അവരെ മോശക്കാരിയായി ചിത്രീകരിക്കുന്ന സമൂഹമാണ് ഉള്ളതെന്നും ബ്ലെസി പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബ്ലെസി.
‘ 2009 ല്‍ ആണ് ഞാന്‍ രാജുവിനോട് ഇതിന്റെ കഥ പറയുന്നത്. ആ സമയത്ത് ഇയാളുടെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞിരുന്നു. സാധാരണക്കാരനായ മനുഷ്യനാണ്. മണല്‍ വാരുന്ന പൊറോട്ടയും ബീഫ് കഴിക്കുന്ന ഒരാള്‍.
ഇയാള്‍ക്ക് സാമാന്യം നല്ല മീശവേണമെന്ന് പറഞ്ഞിരുന്നു. അവര്‍ ഒരു പുതുമോടിയില്‍ നില്‍ക്കുന്ന ഒരു സ്‌റ്റേജ് കൂടിയുണ്ട്. ഒരു ഘട്ടത്തില്‍ സൈന നജീബിന്റെ മീശ കടിച്ചെടുത്ത് നാക്കില്‍ അത് കാണിക്കുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍ അതുകൊണ്ടാണ് കട്ടിയുള്ള മീശ വേണമെന്ന് പറഞ്ഞത്.
ഈ സ്‌ക്രിപ്റ്റ് ആദ്യമായി പറയുമ്പോഴാണ് ഇത്. ആ കാലഘട്ടത്തിലും പ്രണയം ഇങ്ങനെയാണ്. ലിപ് ലോക്ക് ചെയ്യാന്‍ ഉന്നത വിദ്യാഭ്യാസം നേടണമെന്ന് ഞാന്‍ പഠിച്ചിട്ടില്ല. സാധാരണക്കാരനെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യുന്നതുകൊണ്ടാണ് അത്. പ്രശസ്തമായ ഒരു ചാനലിലെ ഒരാള്‍ ഇതേ ചോദ്യം എന്നോട് ചോദിച്ചിരുന്നു.
അഞ്ചാം ക്ലാസുകാരന് മണിരത്‌നം സിനിമയിലേതുപോലെ പ്രണയസങ്കല്‍പ്പം ഉണ്ടാവുമോ എന്നാണ് ചോദിച്ചത്. അതിലും ഞാന്‍ രസകരമായ ഒരു മറുപടി പറഞ്ഞിരുന്നു. ഇവരുടേത് ചോര്‍ന്നൊലിക്കുന്ന വീടാണ്. അവിടെ പ്രൈവസി ഇല്ല. ഒരു കെട്ടുവള്ളത്തില്‍ പോയിരുന്നാണ് ഇവര്‍ സംസാരിക്കുന്നത്.
ഇയാളിലേക്ക് മോഹങ്ങളും ആഗ്രഹങ്ങളും എറിഞ്ഞുകൊടുക്കുന്നത് സൈനുവാണ്. ആരുടേയോ ഒരു കെട്ടുവള്ളത്തില്‍ കിടന്നുകൊണ്ടാണ് ഇവര്‍ ഇതൊക്കെ പറയുന്നത്. ഈ കുട്ടി അഞ്ചാം ക്ലാസാണെന്ന് നമ്മള്‍ പറഞ്ഞിട്ടില്ലല്ലോ. ഇയാളില്‍ പ്രണയം സൃഷ്ടിക്കുന്ന തരത്തിലുള്ള കാല്‍പ്പനികത അവള്‍ക്ക് ഇല്ല എന്ന് നിങ്ങള്‍ കാണാത്തതല്ലേ യഥാര്‍ത്ഥ കുഴപ്പം.
നജീബ് നജീബ് എന്ന രീതിയില്‍ നായകനെ കുറിച്ച് മാത്രം ചിന്തിക്കുന്നത് എന്തിനാണ്. സൈനു സ്വപ്‌നം കാണുന്നവളാണ്. അതൊക്കെ സിനിമയില്‍ കാണിച്ചിട്ടുണ്ട്. പ്രണയം ഉണ്ടാകുവാനായിട്ട് ഒരുപാട് വിദ്യാഭ്യാസം വേണോ എന്നത് എന്നെ അതിശയിപ്പിക്കുന്ന കാര്യമാണ്. ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ഒരുമിച്ചുള്ള നിമിഷങ്ങള്‍ക്ക് വിദ്യാഭ്യാസം വേണോ?
ഒരു സ്ത്രീ ഒരു പുരുഷനോട് അമിതമായി താത്പര്യം കാണിച്ചാല്‍ അവര്‍ മോശം സ്ത്രീയാണെന്ന് വിചാരിക്കുന്ന സമൂഹമാണ് നമുക്കുള്ളത്. പുരുഷനോടൊപ്പമോ അവര്‍ക്ക് മുകളിലോ ആ സ്വാതന്ത്ര്യം നമ്മള്‍ കൊടുക്കാത്തതാണ് പ്രശ്‌നം. ഇമോഷണലിയും ഹോര്‍മോണ്‍ വൈസും ഒരുപാട് വേരിയേഷന്‍സ് ഉണ്ടാകുന്നത് സ്ത്രീകളിലാണ്. അത് പുരുഷന്‍ മനസിലാക്കുന്നില്ല എന്ന് മാത്രം,’ ബ്ലെസി പറഞ്ഞു.
Content Highlight: our society under estimate womens Blessy about Aadujeevitham scenes