| Monday, 23rd January 2023, 7:17 pm

ഞങ്ങളുടെ താരങ്ങൾക്ക് കൂടുതൽ ബഹുമാനം വേണം; പൊട്ടിത്തെറിച്ച് റയൽ മാഡ്രിഡ്‌ പരിശീലകൻ

സ്പോര്‍ട്സ് ഡെസ്‌ക്

സ്പാനിഷ് ലീഗിലെ വമ്പൻമാരായ റയൽ മാഡ്രിഡ്‌ തിങ്കളാഴ്ച നടന്ന മത്സരത്തിൽ അത്ലറ്റിക്കോ ബിൽബാവോ ക്ലബ്ബിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.

കരീം ബെൻസെമ, ടോണി ക്രൂസ് എന്നിവരാണ് റയലിനായി ഗോളുകൾ സ്വന്തമാക്കിയത്.
മത്സരത്തിൽ വിജയിക്കാൻ സാധിച്ചതോടെ ലാ ലിഗയിലെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സയെക്കാൾ പോയിന്റ് വ്യത്യാസം മൂന്നായി കുറക്കാൻ റയൽ മാഡ്രിഡിനായി.

എന്നാൽ മത്സരത്തിൽ ആറ് പ്രാവശ്യമാണ് റയലിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ഫൗൾ ചെയ്യപ്പെട്ടത്.

സീസണിന്റെ തുടക്കത്തിൽ മിന്നും ഫോമിൽ കളിച്ചിരുന്ന ജൂനിയർ എന്നാൽ ലോകകപ്പിന് ശേഷമുള്ള ഇടവേള കഴിഞ്ഞ് ഫോമിലില്ലായ്മയുടെ ലക്ഷണങ്ങളാണ് കാഴ്ച വെക്കുന്നത്.

കഴിഞ്ഞ ആറ് മത്സരങ്ങളിൽ നിന്നും ഒരു ഗോൾ മാത്രമാണ് വിനീഷ്യസ് നേടിയത്.

എന്നാൽ മത്സരത്തിൽ വിനീഷ്യസ് തുടർച്ചയായി ഫൗൾ ചെയ്യപ്പെട്ടതിനെതിരെ റയൽ പരിശീലകൻ കാർലോ ആൻസലോട്ടി രൂക്ഷമായാണ് പ്രതികരിച്ചത്. തങ്ങളോട് എതിരാളികൾ കുറച്ചുകൂടി ബഹുമാനം കാണിക്കണമെന്നും റഫറിയും മറ്റുള്ളവരും തങ്ങളുടെ താരങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കണമെന്നുമാണ് കാർലോ ആൻസലോട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.

ബിൽബാവോക്കെതിരെ നടന്ന മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിലായിരുന്നു റയൽ പരിശീലകന്റെ വിമർശനം.


“വിനീഷ്യസ് വളരെ പ്രതിഭയുള്ള കളിക്കാരനാണ്. എന്നാൽ അദ്ദേഹത്തെ എല്ലാവരും തഴയുകയാണ്. ആരും അദ്ദേഹത്തിന് ബഹുമാനം നൽകുന്നില്ല. ഞങ്ങളുടെ എതിരാളികളും, അവരുടെ ആരാധകരും ചില സമയത്ത് റഫറിമാരും അദ്ദേഹത്തോട് മര്യാദവിട്ട് പെരുമാറുന്നു,’ ആൻസലോട്ടി പറഞ്ഞു.

ലാ ലിഗയിൽ തുടർച്ചയായി വംശീയ അതിക്രമണം നേരിടുന്ന താരം കൂടിയാണ് വിനീഷ്യസ്. അത് ലറ്റിക്കോ മാഡ്രിഡ്‌, റയൽ വല്ലാഡോയിഡ് മുതലായ നിരവധി ക്ലബ്ബുകളിലെ ആരാധകർ മത്സരത്തിനിടെ വിനീഷ്യസിനെതിരെ വംശീയ അതിക്രമണം നടത്തിയിരുന്നു.
അതേസമയം ജനുവരി 27ന് അത്ലറ്റിക്കോ മാഡ്രിഡ്‌ ക്ലബ്ബിനെതിരെയാണ് റയലിന്റെ അടുത്ത മത്സരം.

Content Highlights:Our players need more respect; said Real Madrid coach

We use cookies to give you the best possible experience. Learn more