cauvery issue
'രജനീകാന്തിന്റെ ചിത്രം കര്‍ണ്ണാടക ജനതയ്ക്ക് വേണ്ട'; കാലയ്‌ക്കെതിരെ കുമാരസ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Jun 03, 04:05 am
Sunday, 3rd June 2018, 9:35 am

ബെംഗളൂരു: സൂപ്പര്‍ താരം രജനീകാന്തും, സംവിധായകന്‍ പാ രഞ്ജിത്തും ചേര്‍ന്നൊരുക്കുന്ന “കാലാ”ക്കെതിരെ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയും രംഗത്ത്. കര്‍ണാടകയിലെ ജനങ്ങള്‍ക്ക് രജനീചിത്രം വേണ്ടെന്ന നിലപാടിലാണെന്നും ഇത് പരിഗണിച്ചായിരിക്കും ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് തീരുമാനം എടുക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

കാവേരി വിഷയത്തില്‍ കര്‍ണ്ണാടകയ്ക്കെതിരെ നിലപാടെടുത്തതാണ് കന്നഡക്കാരെ പ്രകോപിപ്പിച്ചത്. നേരത്തെ ചിത്രം റിലീസിനെത്തിക്കില്ലെന്ന് വിതരണക്കാരുടെ സംഘടന വ്യക്തമാക്കിയതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രിയും രംഗത്തെത്തിയത്.

“പ്രശ്‌നം എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കര്‍ണാടകയിലെ ജനങ്ങള്‍ക്കും കര്‍ണാടക ഫിലിം ചേംബേഴ്സ് ഓഫ് കൊമേഴ്സിനും കാല ഇവിടെ പ്രദര്‍ശിപ്പിക്കാന്‍ താല്‍പര്യമില്ല. ചില കന്നഡ അനുകൂല സംഘടനകളും ഇക്കാര്യം ആവശ്യപ്പെട്ട് എന്നെ സമീപിച്ചിരുന്നു. ഈ ആവശ്യം പരിഗണിക്കുകയും ഉചിതമായ തീരുമാനമെടുക്കുകയും ചെയ്യും.” കുമാരസ്വാമി നിലപാട് വ്യക്തമാക്കി.


Also Read കേരളത്തിലെ അംബേദ്കറൈറ്റ് വിദ്യാര്‍ഥി രാഷ്ട്രീയം; ചരിത്രത്തിലൂടെ


രാഷ്ട്രീയത്തിലേക്ക് വന്നതിന് ശേഷം കര്‍ണാടകത്തിനെതിരായ നിലപാട് സ്വീകരിക്കാന്‍ രജനീകാന്ത് തുടങ്ങിയെന്നും, മുന്‍പ് യുക്തിപൂര്‍വ്വം ഇടപെട്ടിട്ടുണ്ടെന്നും സംഘടനകള്‍ ആരോപിച്ചിരുന്നു.

നേരത്തെ തീയറ്റര്‍ ഉടമകളോടും, വിതരണ കമ്പനികളോടും കാലാ സിനിമയുടെ അണിയറക്കാരുമായി ബന്ധപ്പെടരുതെന്ന് കര്‍ണാടക ഫിലിം ചെംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് സാരാ ഗോവിന്ദ് നിര്‍ദ്ദേശിച്ചിരുന്നു.

ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന ആവശ്യവുമായി ഒട്ടേറെ കന്നഡ സംഘടനകള്‍ ഫിലിം ചേംബര്‍ കൊമേഴ്സിന് സമീപിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ചിത്രം കര്‍ണാടകത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കില്ലെന്ന് സാരാ ഗോവിന്ദ് അറിയിച്ചിരുന്നു. പ്രശ്നം പരിഹരിച്ച് ചിത്രം റിലീസിന് എത്തിക്കാന്‍ തമിഴ് നിര്‍മാതാക്കളുടെ സംഘടനയിലെ നേതാവ് വിശാലും നടന്‍ പ്രകാശ് രാജും ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.