ബര്‍മ്മ: മ്യാന്‍മറിലെ പട്ടാള അട്ടിമറിയ്‌ക്കെതിരെ മിസ് യൂണിവേഴ്‌സ് സൗന്ദര്യ മത്സര വേദിയില്‍ പ്രതിഷേധമുയര്‍ത്തി മത്സരാര്‍ത്ഥി. തുസാര്‍ വിന്റ് ല്വിന്‍ എന്ന മത്സരാര്‍ത്ഥിയാണ് രാജ്യത്തെ പട്ടാള അട്ടിമറിയ്‌ക്കെതിരെ ആഗോളസമൂഹം ശബ്ദമുയര്‍ത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.
സെമിനോള്‍ ഹാര്‍ഡ് റോക്ക് ആന്റ് കസിനോയില്‍ വെച്ച് നടന്ന ഫൈനല്‍ മത്സരങ്ങള്‍ക്കിടെയാണ് പ്ലക്കാര്‍ഡുമായി തുസാര്‍ രംഗത്തെത്തിയത്. മ്യാന്‍മറിനായി പ്രാര്‍ത്ഥിക്കൂവെന്നായിരുന്നു പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത്.
‘പട്ടാളത്തിന്റെ ക്രൂരതകള്‍ക്ക് മുന്നില്‍ ഞങ്ങളുടെ പ്രിയപ്പെട്ടവര്‍ മരിച്ചുവീഴുന്നു. മ്യാന്‍മറിലെ ജീവനുകളെ രക്ഷിയ്ക്കുക. അവര്‍ക്കായി ശബ്ദമുയര്‍ത്തുക. എല്ലാവരോടും അപേക്ഷിക്കുകയാണ്’, തുസാര്‍ പറഞ്ഞു.
മ്യാന്‍മറില്‍ തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ചാണ് പട്ടാളം അട്ടിമറി നടത്തിയത്. ആങ് സാങ് സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരുമുള്‍പ്പെടെയുള്ളവരെ തടവിലാക്കുകയും ചെയ്തിരുന്നു.
നൂറോളം പാര്‍ലമെന്ററി അംഗങ്ങളെ തുറന്ന ജയിലില്‍ തടങ്കലിലാക്കിയിരുന്നു. ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.
മ്യാന്‍മറിലെ പട്ടാള അട്ടിമറിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. സൈന്യം ഉടന്‍ നടപടി പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം മ്യാന്‍മറിനുമേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു.
പട്ടാള അട്ടിമറിയെ വിമര്‍ശിച്ച് ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന റോഹിങ്ക്യന്‍ മുസ്‌ലിങ്ങളും രംഗത്തെത്തിയിരുന്നു. മ്യാന്‍മറില്‍ വീണ്ടും പട്ടാളഭരണമെന്ന് കേള്‍ക്കുന്നത് ജന്മനാട്ടിലേക്കുള്ള മടക്കയാത്രയെന്ന സ്വപ്നം വീണ്ടും പേടിപ്പെടുത്തുന്നത് ആക്കുന്നുവെന്ന് ബംഗ്ലാദേശില്‍ താമസിക്കുന്ന റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ പറഞ്ഞതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2017ല്‍ റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് ലക്ഷക്കണക്കിനാളുകളാണ് മ്യാന്‍മറില്‍ നിന്ന് അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.