വാഷിങ്ടണ്‍: ലോകത്ത് അസ്ഥിരത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ക്വാഡ് സഖ്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും വര്‍ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍ ക്വാഡ് സഖ്യം ജനാധിപത്യ മൂല്യങ്ങളില്‍ അധിഷ്ഠിതമായി മുന്നോട്ട് പോവേണ്ടത് മനുഷ്യരാശിക്ക് അത്യവശ്യമാണെന്ന് പറഞ്ഞ മോദി തങ്ങള്‍ ആര്‍ക്കും എതിരല്ലെന്നും കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
ലോകം മുഴുവന്‍ സംഘര്‍ഷത്താലും പിരിമുറുക്കത്താലും ബാധിക്കപ്പെട്ട സമയത്താണ് ഞങ്ങളുടെ ഈ കൂടിക്കാഴ്ച്ച. അതിനാല്‍ തന്നെ ഇത്തരം സാഹചര്യങ്ങളില്‍ ക്വാഡ് സഖ്യത്തിലെ അംഗങ്ങള്‍ ജനാധിപത്യ മൂല്യങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കേണ്ടത് ലോകത്തിന് അനിവാര്യമാണ്. ഞങ്ങള്‍ ആര്‍ക്കും തന്നെ എതിരല്ല.
അതിനാല്‍ തന്നെ അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങള്‍ പാലിക്കുന്നതും ഒരു രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കുന്നതും പ്രശ്‌നങ്ങളെ ഒരു പരിധി വരെ തടയാന്‍ സഹായിക്കുമെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു.
ഇന്തോ-പസഫിക് മേഖലകളിലെ തുറന്ന ചര്‍ച്ചകള്‍ നടത്തേണ്ടത് ഞങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമാണ്. ആരോഗ്യ സുരക്ഷ, നിര്‍ണായകമായ സാങ്കേതികവിദ്യകള്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളില്‍ ഞങ്ങള്‍ നിരവധി നിര്‍ണായകമായ ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞിട്ടുണ്ട്,’ മോദി കൂട്ടിച്ചേര്‍ത്തു.
അമേരിക്കയുടെ ആതിഥേയത്തില്‍ നടന്ന 66ാമത് ക്വാഡ് ഉച്ചകോടിക്ക് വേദിയായത് പ്രസിഡന്റ് ജോ ബൈഡന്റെ ഹൈസ്‌ക്കൂള്‍ ആയ ആര്‍ച്ചര്‍ അക്കാദമിയാണ്. ഉച്ചകോടിക്ക് മുമ്പായി നരേന്ദ്ര മോദിയും ജോ ബൈഡനും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇന്ത്യയുമായുള്ള യു.എസിന്റെ ബന്ധം എക്കാലത്തെക്കാളും ശക്തമായ നിലയില്‍ ആണെന്ന് ജോ ബൈഡന്‍ കൂടിക്കാഴ്ച്ചക്ക് ശേഷം എക്‌സില്‍ കുറിച്ചിരുന്നു.
മോദിയുമായുള്ള ഓരോ കൂടിക്കാഴ്ച്ചക്ക് ശേഷവും പുതിയ സഹകരണ മേഖല കണ്ടെത്താനുള്ള നമ്മുടെ കഴിവ് എന്നെ അത്ഭുതപ്പെടുത്താറുണ്ട്. ഇന്നും അതിന് മാറ്റമുണ്ടായില്ല,’ ബൈഡന്‍ പറഞ്ഞു.
ഇന്ത്യ, യു.എസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡിന്റെ പൂര്‍ണരൂപം ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് എന്നാണ്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി യു.എസിലെത്തിയ മോദി അതിനുശേഷം നാളെ(തിങ്കളാഴ്ച്ച) ന്യൂയോര്‍ക്കിലെ യു.എന്‍ പൊതുസഭയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിലും സംസാരിക്കും.
Content Highlight: ‘our message is clear’ says PM Modi on Quad summit