ന്യൂദല്‍ഹി: സാമ്പത്തിക ഉത്തേജനത്തോടൊപ്പം, രാജ്യത്തെ കര്‍ഷകപ്രതിസന്ധിയും, തൊഴിലില്ലായ്മയും, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ മൂല്യച്യുതിയും മറികടക്കുന്നതിന് പ്രാധാന്യം നല്‍കിക്കൊണ്ട് കോണ്‍ഗ്രസ് തയ്യാറാക്കിയ പ്രകടനപത്രിക ഉടന്‍ പുറത്തിറങ്ങുമെന്ന് രാഹുല്‍ ഗാന്ധി.
രാജ്യത്താകമാനമുള്ള ജനങ്ങളുമായും വിഷയവിദഗ്ദരുമായും ചര്‍ച്ച ചെയ്താണ് തങ്ങളുടെ പ്രകടന പത്രിക തയ്യാറാക്കിയതെന്ന് രാഹുല്‍ പറയുന്നു. ഈ പ്രകടന പത്രികയില്‍ പ്രതിഫലിക്കുക രാജ്യത്തെ ജനങ്ങളുടെ ശബ്ദമാണെന്നും, ഒരു വ്യക്തിയുടെ മാത്രം കാഴ്ചപ്പാടല്ലെന്നും മോദിയെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് രാഹുല്‍ പറഞ്ഞു.
മോദിയുടെ വ്യാജ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞെന്നും കോണ്‍ഗ്രസ് അധികാരത്തിലേറുമെന്നും പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ പറയുന്നു. “ഞങ്ങള്‍ ഒരു വ്യക്തിയുടെ ശബ്ദത്തിലും അഭിപ്രായത്തിലും വിശ്വസിക്കുന്നില്ല. ഞങ്ങള്‍ എല്ലാവരുടേയും ശബ്ദത്തില്‍ വിശ്വസിക്കുന്നു. ഇത് ചെയ്യാന്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. എന്നാല്‍ ഇത് സാധ്യമാണ്”- രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ പ്രകടന പത്രിക അടുത്തയാഴ്ച പുറത്തിറങ്ങും. ഏപ്രില്‍ 11നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് തങ്ങളുടെ പ്രകടന പത്രിക പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ രാജ്യത്തെ ഏറ്റവും പാവപ്പെട്ട ജനങ്ങള്‍ക്ക് മാസം 12,000 രൂപ അടിസ്ഥാന വരുമാനം ഉറപ്പു വരുത്തുമെന്ന വാഗ്ദാനം ഏറെ ചര്‍ച്ചായിരുന്നു. ഇത് തന്റെ പദ്ധതിയല്ലെന്നും, രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങളെ കേട്ടതില്‍ നിന്നും ഉരുത്തിരിഞ്ഞ ആശയമാണെന്നും രാഹുല്‍ പറഞ്ഞു.
“ഞങ്ങള്‍ ജനങ്ങളുടെ ശബ്ദത്തെ പ്രതിഫലിക്കുക മാത്രമാണ് ചെയ്യുന്നത്”- രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ സ്വയം തൊഴില്‍ സംരഭകര്‍ക്ക് വലിയ തോതിലുള്ള ഇളവുകള്‍ നല്‍കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
2014ലെ പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയെന്നും, അധികാര വികേന്ദ്രീകരണം കോണ്‍ഗ്രസില്‍ നടപ്പിലാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Image Credits: PTI