| Wednesday, 5th June 2019, 11:01 pm

സ്‌നേഹം പങ്കുവെച്ച് നാനാ മതസ്ഥര്‍; ഇഫ്താര്‍ സംഗമമൊരുക്കി ക്രിസ്ത്യന്‍ ചര്‍ച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈയിലെ മലാഡ് പ്രദേശത്ത് താമസിക്കുന്ന മുസ്ലിം വിഭാഗത്തിലുള്ളവരുടെ ദിനചര്യയില്‍ ഇന്നലെ ഒരു മാറ്റമുണ്ടായിരുന്നു. സാധാരണ നോമ്പ് തുറക്കാന്‍ മുസ്ലിം പള്ളിയിലേക്കാണ് പോവാറുള്ളതെങ്കില്‍ ഇന്നലെ അവര്‍ പോയത് ഒരു ക്രിസ്ത്യന്‍ പള്ളിയിലേക്കാണ്.

ഓര്‍ലെമിലെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ചര്‍ച്ച് ആണ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചത്. ചര്‍ച്ചില്‍ ബാങ്ക് വിളിച്ചതോടെ വിശ്വാസികള്‍ നമസ്‌ക്കാരം നിര്‍വഹിക്കുകയും നോമ്പ് മുറിക്കുകയും ചെയ്തു.

സാധാരണ ഞങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് നടത്താറുള്ളത്. ഇത്തവണ ഞങ്ങള്‍ തീരുമാനിച്ചു എല്ലാവര്‍ക്കും വേണ്ടി നടത്തണമെന്ന്. അത് കൊണ്ട് ഞങ്ങള്‍ ഇഫ്താര്‍ സംഗമം നടത്താന്‍ തീരുമാനിച്ചു, എല്ലാ വിഭാഗത്തില്‍പ്പെട്ട വിശ്വാസികളെയും ക്ഷണിക്കാനും. നമ്മളെല്ലാവരും ഇന്ത്യാക്കാരാണ്. ഇന്ത്യന്‍ സംസ്‌ക്കാരത്തെ ഇഷ്ടപ്പെടുകയും അതില്‍ ജീവിക്കുകയും ചെയ്യുന്നു. എല്ലാ തരം വിശ്വാസികളെയും ഇഫ്താര്‍ സംഗമത്തിന് ക്ഷണിച്ചത് സബ്കാ മാലിക് ഏക് എന്ന തത്വത്തില്‍ വിശ്വസിക്കുന്നത് കൊണ്ടാണെന്ന്ചര്‍ച്ചിലെ പുരോഹിതന്‍ ഫാദര്‍. മൈക്കല്‍ പിന്റോ പറഞ്ഞു.നല്ല ജനപങ്കാളിത്തം ഇഫ്താറില്‍ ഉണ്ടായി.

ഞങ്ങളുടെ അയല്‍വാസികളെ ഞങ്ങള്‍ ക്ഷണിച്ചിരുന്നു. നിങ്ങള്‍ മുസ്ലിമാണെങ്കിലും അല്ലെങ്കിലും ഇഫ്താറില്‍ പങ്കെടുക്കണമെന്ന്. ഇന്ത്യന്‍ സംസ്‌ക്കാരത്തിലുള്ള വസ്ത്രം അണിഞ്ഞ് വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ചിലെ ഫാദര്‍ പോലും കുര്‍ത്തയും പൈജാമയുമാണ് ധരിച്ചിരുന്നത്, സംഘാടകരിലൊരാളായ രവീണ ലോബോ പറഞ്ഞു. ബിരിയാണി, പഴങ്ങള്‍, കുല്‍ഫി, ബാജിയാസ് എന്നിവ ഇഫ്താര്‍ വിഭവങ്ങളായി ഉണ്ടായിരുന്നു.

മറ്റേത് ഇഫ്താര്‍ സംഗമത്തിലെന്ന പോലെ പഴങ്ങളും ഈന്തപ്പഴവും ഉപയോഗിച്ചു. നമസ്‌ക്കാരത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നു. ഏറെ ബഹുമാനവും തന്നുവെന്ന് ഇഫ്താറില്‍ പങ്കെടുക്കാനെത്തിയ റസ്‌ക്കര്‍ നാദിയാവാല പറഞ്ഞു. ഐക്യത്തെ കുറിച്ചും സമാധാനത്തെ കുറിച്ചും നമ്മുടെ കുട്ടികള്‍ക്ക് കാണാനും പഠിക്കാനും ഉള്ള സാഹചര്യം നമ്മള്‍ ഉണ്ടാക്കിയെന്നും റസ്‌ക്കര്‍ നാദിയാവാല പറഞ്ഞു.

We use cookies to give you the best possible experience. Learn more