| Friday, 21st June 2019, 6:51 pm

ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് മോദിയോട് കെജ്‌രിവാള്‍; ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിക്ക് ക്ഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കെജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ദല്‍ഹി സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടു.

ലോക്‌സഭ തെരഞ്ഞെടുപ്പ് വിജയത്തില്‍ മോദിയെ അഭിനന്ദിക്കുകയും ചെയ്തു. ദല്‍ഹിയുടെ വികസനത്തിനായി പൂര്‍ണ സഹകരണം ഉറപ്പ് നല്‍കിയതായും കൂടിക്കാഴ്ചക്ക് ശേഷം കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

മോദി സര്‍ക്കാറിന്റെ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിനെ കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി. ദല്‍ഹി സര്‍ക്കാറിന്റെ ആരോഗ്യ പദ്ധതികളെ കുറിച്ചും മോദിയുമായി ചര്‍ച്ച നടത്തി.

ആയുഷ്മാന്‍ ഭാരത് പദ്ധതി ദല്‍ഹി സര്‍ക്കാറിന്റെ ആരോഗ്യ പദ്ധതിയുമായി കൂട്ടിച്ചേര്‍ക്കുന്ന കാര്യം പരിശോധിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായും ദല്‍ഹി മുഖ്യമന്ത്രി അറിയിച്ചു.

‘മഴക്കാലത്ത് യമുനാ നദിയിലെ ജലം സംഭരിച്ചുവെക്കാന്‍ ദല്‍ഹി സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ഒരു വര്‍ഷത്തെ ദല്‍ഹിയുടെ ജലാവശ്യങ്ങള്‍ക്ക് ഒരു സീസണിലെ ജലം പര്യാപ്തമാവും. മഴവെള്ള സംഭരണത്തിന് കേന്ദ്രത്തിന്റെ പിന്തുണ തേടിയിട്ടുണ്ട്’- കെജ്‌രിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചു.

ദല്‍ഹിയിലെ മൊഹാല ക്ലിനിക്കും സര്‍ക്കാര്‍ സ്‌കൂളുകളും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചതായും കെജ്‌രിവാള്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more