ഞങ്ങളുടെ സര്‍ക്കാര്‍ മുസ്‌ലിം സ്ത്രീകള്‍ക്കൊപ്പമാണ്, ഞങ്ങള്‍ അവരെ പുരോഗതിയിലേക്ക് നയിക്കുകയാണ്: മോദി
national news
ഞങ്ങളുടെ സര്‍ക്കാര്‍ മുസ്‌ലിം സ്ത്രീകള്‍ക്കൊപ്പമാണ്, ഞങ്ങള്‍ അവരെ പുരോഗതിയിലേക്ക് നയിക്കുകയാണ്: മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th February 2022, 7:44 am

ന്യൂദല്‍ഹി: മുത്തലാഖ് നിരോധന നിയമത്തിനെതിരെ സംസാരിച്ച ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ജനങ്ങളുടെ ക്ഷേമത്തെ കുറിച്ച് ചിന്തയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മുത്തലാഖ് നിരോധന നിയമത്തില്‍ രാജ്യത്തെ സ്ത്രീകള്‍ തനിക്കൊപ്പമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള മുസ്‌ലിം സഹോദരിമാരുടെയും പെണ്‍മക്കളുടെയും അനുഗ്രഹം എനിക്ക് ലഭിക്കുന്നുണ്ട്. കാരണം അവരെ സംരക്ഷിക്കാന്‍ ഞാന്‍ വലിയ സേവനം ചെയ്തിട്ടുണ്ട്,’ മോദി കൂട്ടിച്ചേര്‍ത്തു.

തന്റെ സഹോദരിമാര്‍ പെട്ടെന്ന് വിവാഹമോചനം നേടിയതിന് ശേഷമുള്ള അവരുടെ ദയനീയാവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. അവര്‍ എവിടെ പോകും? വിവാഹമോചനത്തിന് ശേഷം സ്ത്രീകളെ അവരുടെ മാതാപിതാക്കളുടെ, സഹോദരന്റെ, അമ്മയുടെ അടുത്തേക്ക് അയക്കുന്നത് ഒന്ന് ചിന്തിക്കൂ. താന്‍ വോട്ടിനെക്കുറിച്ചോ, തന്റെ പദവിയെക്കുറിച്ചോ, രാജ്യത്തേക്കുറിച്ചോ അതിലെ ജനങ്ങളെക്കുറിച്ചോ മാത്രമാണ് ചിന്തിക്കുന്നത്. പക്ഷെ ഇവിടുത്തെ പ്രതിപക്ഷം മുത്തലാഖിനെ എതിര്‍ത്തെന്നും അദ്ദേഹം പറഞ്ഞു.

‘മുത്തലാഖ് എന്ന സ്വേച്ഛാധിപത്യത്തില്‍ നിന്ന് മുസ്‌ലിം സഹോദരിമാരെ നാം മോചിപ്പിച്ചു. മുസ്‌ലിം സഹോദരിമാര്‍ ബി.ജെ.പിയെ പരസ്യമായി പിന്തുണയ്ക്കാന്‍ തുടങ്ങിയപ്പോള്‍, ഇവിടുത്തെ മറ്റ് പാര്‍ട്ടിക്കാര്‍ അസ്വസ്ഥരായി. മുസ്‌ലിം പെണ്‍മക്കളെ പുരോഗതിയില്‍ നിന്ന് തടയാന്‍ അവര്‍ ശ്രമിക്കുന്നു. ഞങ്ങളുടെ സര്‍ക്കാര്‍ മുസ്‌ലിം സ്ത്രീകള്‍ക്കൊപ്പമാണ്,’ മോദി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശിലെ 403 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് മൂന്ന്, മാര്‍ച്ച് ഏഴ് തിയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായ ഫെബ്രുവരി 20നാണ് അഖിലേഷ് യാദവിന്റെ മണ്ഡലമായ കര്‍ഹാലിലും ആറാം ഘട്ടമായ മാര്‍ച്ച് മൂന്നിനാണ് യോഗിയുടെ മണ്ഡലമായ ഗൊരഖ്പൂരിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.


Content Highlights: Our government is with Muslim women and we are leading them to progress: Modi