| Saturday, 21st September 2024, 6:55 pm

ഞങ്ങളുടെ ലക്ഷ്യം വ്യക്തമാണ്; ബെയ്‌റൂട്ട് ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി നെതന്യാഹു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: 14 പേരുടെ മരണത്തിനിടയാക്കിയ ബെയ്‌റൂട്ട് ആക്രമണത്തിന് പിന്നാലെ പ്രകോപനപരമായ പരാമര്‍ശവുമായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തങ്ങളുടെ ലക്ഷ്യം വ്യക്തമാണെന്നും പ്രവര്‍ത്തനങ്ങള്‍ സ്വയം സംസാരിക്കുമെന്നുമാണ് നെതന്യാഹു പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കുറിച്ചത്.

അതേസമയം കഴിഞ്ഞ ദിവസം ഇസ്രഈല്‍ കഴിഞ്ഞ ദിവസം ലെബനന്‍ നഗരമായ ബെയ്‌റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി ഉയര്‍ന്നു. ആക്രമണത്തില്‍ മുതിര്‍ന്ന ഹിസ്ബുള്ള കമാന്‍ഡര്‍ മുതിര്‍ന്ന കമാന്‍ഡറായ ഇബാഹിം ആഖില്‍ കൊല്ലപ്പെട്ടിരുന്നു.

ഹിസ്ബുള്ളയുടെ എലൈറ്റ് റദ്വാന്‍ യൂണിറ്റിന്റെ കമാന്‍ഡറാണ് കൊല്ലപ്പെട്ട ആഖില്‍.

ആഖിലിന്റെ മരണം ഇസ്രഈല്‍ പ്രതിരോധ സേനയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇസ്രഈല്‍ പ്രദേശമായ ഗലീലി കീഴടക്കാന്‍ ആഖിലിന്റെ നേതൃത്വത്തിലുള്ള സംഘം ശ്രമം നടത്തിയിരുന്നതായി ഐ.ഡി.എഫ് വക്താവ് ഡാനിയല്‍ ഹരാരി ആരോപിച്ചിട്ടുണ്ട്.

ഹിസ്ബുള്ളയുടെ സൈനിക വിഭാഗമായ ജിഹാദ് കൗണ്‍സിലിലെ അംഗമായ ആഖില്‍ യു.എസ് നീതിന്യായ വകുപ്പ് ഭീകരവാദിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വ്യക്തിയാണ്. കൂടാതെ ഇയാളെ കണ്ടെത്തുന്നവര്‍ക്ക് സാമ്പത്തിക പാരിതോഷികം നല്‍കുമെന്നും യു.എസ് വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ 1980ല്‍ ബെയ്‌റൂട്ടിലെ യു.എസ് എംബസിയില്‍ നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കിയ ആക്രമണത്തിലെ പ്രധാനിയുമായിരുന്നു ആഖില്‍.

അതേസമയം പശ്ചിമേഷ്യയിലെ യുദ്ധം മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കുന്നതില്‍ ലോകരാജ്യങ്ങള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. ഇസ്രഈലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ യു.എന്‍ രക്ഷാസമിതി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

ഒരു വര്‍ഷക്കാലത്തിലായി ഇസ്രഈല്‍-ലെബനന്‍ അതിര്‍ത്തിയില്‍ തുടരന്ന സംഘര്‍ഷം സുരക്ഷാ സമിതിയുടെ പ്രമേയത്തിന് വിരുദ്ധമാമെന്ന് യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ റോസ്‌മേരി ഡികാര്‍ളോ പറഞ്ഞു.

Content Highlight: Our goals are clear, says Netanyahu after Israeli airstrike  in Beirut

We use cookies to give you the best possible experience. Learn more