ന്യൂദല്‍ഹി: മറ്റൊരു രാജ്യത്തിന്റെയും ഒരിഞ്ച് ഭൂമി പോലും ആക്രമിക്കുകയോ തട്ടിയെടുക്കുകയോ ചെയ്യാത്ത ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.
ഇന്ത്യയുടെ ശക്തി ലോകത്തിന്റെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ്, ആരെയും ഭയപ്പെടുത്താനല്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
‘ഇന്ത്യയെ ജഗത് ഗുരുവാക്കുക എന്നതാണ് ബി.ജെ.പി സര്‍ക്കാറിന്റെ സ്വപ്നം. രാജ്യത്തെ ശക്തവും സമ്പന്നവും അറിവുള്ളതും മൂല്യങ്ങളുള്ളതുമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. മറ്റൊരു രാജ്യത്തിന്റെയും ഒരിഞ്ച് ഭൂമി പോലും ഒരിക്കലും ആക്രമിക്കുകയോ കൈവശപ്പെടുത്തുകയോ ചെയ്യാത്ത ഒരേയൊരു രാജ്യമാണ് ഇന്ത്യ,”അദ്ദേഹം പറഞ്ഞു.
വിജ്ഞാനവും ശാസ്ത്രവും ഉള്‍പ്പെടെ നിരവധി മേഖലകളില്‍ ഇന്ത്യ ഒരു കാലത്ത് ലോകത്തില്‍ മുന്‍പന്തിയിലായിരുന്നെന്നും എന്നാല്‍ രാജ്യത്തിന്റെ സാംസ്‌കാരിക മികവിനെ അപകീര്‍ത്തിപ്പെടുത്തുകയും ചോദ്യം ചെയ്യുകയും ചെയ്യാന്‍ ഇപ്പോള്‍ പുരോഗമനവാദികളുണ്ടെന്നും സിംഗ് പറഞ്ഞു.
ശാസ്ത്രരംഗത്ത് ഇന്ത്യയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്, എന്നാല്‍ നൂറ്റാണ്ടുകളുടെ അടിമത്തം കാരണം പലര്‍ക്കും അതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പൂജ്യം എന്ന ആശയം കൊണ്ടുവന്നത് ഇന്ത്യയാണ്. ശ്രീധരാചാര്യ ചതുരാകൃതിയിലുള്ള സമവാക്യം കൊണ്ടുവന്നു. പൈഥഗോറസ്, സിദ്ധാന്തം കൊണ്ടുവരുന്നതിന് 300 വര്‍ഷം മുമ്പ് പൈഥഗോറസ് സിദ്ധാന്തം ബോധയാനം ആവിഷ്‌കരിച്ചു. യേശുക്രിസ്തുവിന് മുമ്പ് ഈ രാജ്യത്ത് ശസ്ത്രക്രിയ നടന്നു. കോപ്പര്‍നിക്കസിന് മുമ്പ് ഭൂമിയുടെ ആകൃതിയും അത് കറങ്ങുന്നതും ആര്യഭട്ടന്‍ വിശദീകരിച്ചു,’ രാജ്‌നാഥ് സിംഗ് പറഞ്ഞു.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുമ്പോള്‍, സമത്വത്തിന്റെയും ഐക്യത്തിന്റെയും വിജ്ഞാനത്തിന്റെയും മഹത്തായ പാരമ്പര്യം നാം ഓര്‍മിക്കുകയും നമ്മുടെ ഉള്ളില്‍ കടന്ന് കൂടിയ വിഷത്തെ പുറത്താക്കാന്‍ ശ്രമിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയുമാണ് തീവ്രവാദത്തിന് പിന്നിലെ കാരണമെന്നത് തെറ്റിദ്ധാരണയാണെന്ന് യു.എസിലെ ഇരട്ട ഗോപുരങ്ങള്‍ ആക്രമിച്ചതിന് ശിക്ഷിക്കപ്പെട്ട തീവ്രവാദികളായ അഫ്സല്‍ ഗുരു, യാക്കൂബ് മേമന്‍ എന്നിവരുടെ പേരുകള്‍ ഉദ്ധരിച്ച് സിംഗ് അഭിപ്രായപ്പെട്ടു.
Content Highlights: Our dream is to make India Jagat Guru said by Rajnath Singh