| Saturday, 2nd March 2019, 9:39 am

മോദി പുറത്ത് പോവുക തന്നെ വേണം; ഒറ്റയടിക്ക് ഇന്ത്യയുടെ നട്ടെല്ല് തകര്‍ത്ത പ്രധാനമന്ത്രിയെ നമുക്ക് താങ്ങാനാവില്ല: കശ്മീര്‍ വിഷയത്തില്‍ അരുന്ധതി റോയ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി അരുന്ധതി റോയ്. മുന്‍ സര്‍ക്കാരുകള്‍ പതിറ്റാണ്ടുകളോളം അത്ഭുതകരമായി നടപ്പാക്കി കൊണ്ടിരുന്നതിനെ മോദി ബാലാകോട്ടില്‍ നടത്തിയ വീണ്ടു വിചാരമില്ലാത്ത പ്രീ എംപ്റ്റീവ് വ്യോമാക്രമണത്തോടെ ഇല്ലാതാക്കി എന്നായിരുന്നു അരുന്ധതിയുടെ ആരോപണം. ഹഫ്‌പോസ്റ്റില്‍ എഴുതിയ ലേഖനത്തിലാണ് അരുന്ധതി റോയ് കശ്മീര്‍ വിഷയത്തില്‍ മോദിക്കെതിരെ വിമര്‍ശനവുമായി എത്തിയത്.

“കശ്മീരിലേത് “ആഭ്യന്തര വിഷയം” ആണ് എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് 1947 മുതല്‍ തന്നെ കശ്മീരിലെ സംഘര്‍ഷം അന്താരാഷ്ട്ര മധ്യസ്ഥതയിലൂടെ പരിഹരിക്കാമെന്ന ഏതൊരു നിര്‍ദ്ദേശത്തോടും അമര്‍ഷത്തോടെയാണ് ഇന്ത്യന്‍ ഭരണകൂടം പ്രതികരിച്ചിരുന്നത്. പാകിസ്ഥാനെ തിരിച്ചടിയ്ക്കാന്‍ പ്രേരിപ്പിച്ചതിലൂടെ, ചരിത്രത്തില്‍ ആദ്യമായി പരസ്പരം ബോംബാക്രമണം നടത്തുന്ന രണ്ട് ആണവ ശക്തികളായി ഇന്ത്യയേയും പാകിസ്ഥാനേയും മാറ്റിത്തീര്‍ത്തതിലൂടെ, മോദി കശ്മീര്‍ തര്‍ക്കത്തെ അന്താരാഷ്ട്രവല്‍ക്കരിച്ചു. ഭൂമിയിലെ ഏറ്റവും അപകടകരമായ ഇടമാണ് കശ്മീരെന്നും ആണവയുദ്ധത്തിന്റെ അനിയന്ത്രിതമായ ഒരു കേന്ദ്രമാണ് അവിടെയെന്നും മോദി ലോകത്തെ കാണിച്ചു കൊടുത്തു.”അരുന്ധതി പറഞ്ഞു.

പുല്‍വാമയിലെ ആക്രമണം മാരകമായ ഒന്നായിരുന്നെന്നും ആദില്‍ അഹമ്മദ് ദാറിനെ പോലെ കശ്മീര്‍ താഴ്‌വരയില്‍ യുദ്ധമുഖത്തേക്ക് പിറന്നു വീഴുന്ന യുവാക്കള്‍ ജീവന്‍പോലും ത്യജിക്കാന്‍ തയ്യാറാവുകയാണെന്നും അരുന്ധതി ലേഖനത്തില്‍ പറയുന്നു.

ALSO READ: പാക് ഷെല്ലാക്രമണത്തില്‍ അമ്മയും രണ്ടു കുട്ടികളും കൊല്ലപ്പെട്ടു; രണ്ടുപേര്‍ക്ക് പരിക്ക്

“ആദില്‍ അഹമ്മദ് ദര്‍ എന്ന 20 കാരന്‍ കശ്മീരില്‍ ചാവേറാക്രമണത്തിന് ഇരയായി. 1990 മുതല്‍ 70,000ല്‍ അധികം ആളുകളാണ് കശ്മീര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. ആയിരങ്ങള്‍ “അപ്രത്യക്ഷരായി”, പതിനായിരങ്ങള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു, പെല്ലറ്റ് തോക്കുകളാല്‍ കാഴ്ച്ചയില്ലാത്തവരാക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ 12 മാസത്തെ മരണസംഖ്യ 2009ന് ശേഷം ഏറ്റവും ഉയര്‍ന്നതാണ്. ഏകദേശം 570 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അവരില്‍ 260 പേര്‍ തീവ്രവാദികളും, 160 സാധാരണക്കാരും, കൃത്യനിര്‍വ്വഹണത്തിനിടെ മരിച്ച 150 ഇന്ത്യന്‍ സായുധ ജവാന്‍മാരും ഉള്‍പ്പെടുന്നു.

ALSO WATCH:

കശ്മീര്‍ താഴ്വരയില്‍ ആദില്‍ അഹമ്മദ് ദറിനേപ്പോലെ യുദ്ധത്തിലേക്ക് ജനിച്ചുവീണ നൂറല്ല, ആയിരക്കണക്കിന് ചെറുപ്പക്കാരുണ്ട്, അവര്‍ സ്വാതന്ത്യത്തിന് വേണ്ടി ജീവന്‍ ത്യജിക്കാന്‍ സന്നദ്ധരായാണ്. ഏത് ദിവസവും മറ്റൊരു ആക്രമണം സംഭവിക്കാം, പുല്‍വാമയിലേതിനേക്കാള്‍ ദാരുണമായതോ അതിനേക്കാള്‍ തീവ്രത കുറഞ്ഞതോ ആയ ഒന്ന്. രാജ്യത്തിന്റെ വിധി നിയന്ത്രിക്കാന്‍ ഈ ചെറുപ്പക്കാരുടെ പ്രവൃത്തികളെ വിട്ടുകൊടുക്കുകയാണോ ഇന്ത്യന്‍ സര്‍ക്കാര്‍?. അരുന്ധതി റോയ് ചോദിക്കുന്നു.

കശ്മീര്‍ വിഷയത്തെ എടുക്കുമ്പോള്‍ ഇത് പ്രീ എംപിറ്റീവ് എന്നതിനേക്കാള്‍ പ്രീ ഇലക്ഷന്‍ ആണെന്ന് പറയേണ്ടി വരുമെന്നും അവര്‍ കൂട്ടി ചേര്‍ത്തു.

കശ്മീര്‍ സംഘര്‍ഷത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മാന്യതയോടെയും നെറിയോടെയുമാണ് പ്രവര്‍ത്തിച്ചത്.

ALSO READ: കമ്പ്യൂട്ടര്‍ പിടിച്ചെടുക്കല്‍ പദ്ധതി യഥാര്‍ത്ഥത്തില്‍ സ്വകാര്യതയെ സംരക്ഷിക്കാന്‍; സുപ്രീം കോടതിയോട് കേന്ദ്ര സര്‍ക്കാര്‍

ഒരു പക്ഷെ ഇന്ത്യയ്ക്കും ഇതേ മര്യാദ കശ്മീരിലേയും ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലേയും രാഷ്ട്രീയതടവുകാരോട് കാണിക്കാവുന്നതാണെന്നും അരുന്ധതി പറഞ്ഞു.

ഒറ്റയടിക്ക് ഇന്ത്യയുടെ നട്ടെല്ല് തകര്‍ത്ത പ്രധാനമന്ത്രിയെ നമുക്ക് താങ്ങാനാവില്ല. ചരിത്രത്തില്‍ ആരെങ്കിലും ഇത് ചെയ്തിട്ടുണ്ടോ? രാജ്യം ഭീരകമായ പ്രതിസന്ധി നേരിടുമ്പോള്‍ അടുത്തത് എന്ത് ചെയ്യണമെന്ന തീരുമാനം സൈന്യത്തിന് വിടുകയാണെന്ന് അനായാസമായി പ്രഖ്യാപിച്ച പ്രധാനമന്ത്രിയെ നമുക്ക് നിലനിര്‍ത്താനാവില്ലെന്നും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഏതെങ്കിലും ഒരു രാഷ്ട്രത്തലവന്‍ ഇങ്ങനെ ചെയ്തതായി ചരിത്രത്തിലുണ്ടോയെന്നും അരുന്ധതി ചോദിച്ചു. മോദി പോവുക തന്നെ വേണം. വഴക്കടിക്കുന്നതും ഭിന്നിപ്പിക്കുന്നതുമായ സര്‍ക്കാരുകള്‍ വന്നാല്‍ അത് ഒരു പ്രശ്‌നമേയല്ല. അതാണ് ജനാധിപത്യത്തിന്റെ സാരാംശം. അരുന്ധതി പറഞ്ഞു.

We use cookies to give you the best possible experience. Learn more