|

ഞങ്ങളുടെ ചുണക്കുട്ടികൾ ഉയിർത്തെഴുന്നേൽക്കും, ‍ഞങ്ങൾ തലയുയർത്തി നടക്കും: ഡേവിഡ് ബെക്കാം

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പിലെ ആവേശകരമായ മത്സരങ്ങളിലൊന്നായിരുന്നു ഇം​ഗ്ലണ്ട് – ഫ്രാൻ‌സ് ക്വാർട്ടർ ഫൈനൽ. ഇംഗ്ലണ്ടിനെ തകർത്ത് ഫ്രാൻസ് സെമിയിൽ പ്രവേശിക്കുകയായിരുന്നു. 2-1നാണ് നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിന്റെ ജയം.

മത്സരം കാണാൻ ലോകഫുട്ബോളിലെ ഗ്ലാമർ താരങ്ങളിലൊരായിരുന്ന ഡേവിഡ‍് ബെക്കാമും എത്തിയിരുന്നു. ഫ്രാൻസിനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ ഇംഗ്ലീഷ് നിരയെ പിന്തുണച്ച് ​രം​ഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ ബെക്കാം.

ഇംഗ്ലണ്ട് ടീമിൻറെ പോരാട്ട മികവിനെ വാഴ്ത്തിയ ബെക്കാം, ഈ ടീം തോൽവിയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുമെന്ന പ്രത്യാശയും പങ്കുവച്ചു.

‘ഞങ്ങളുടെ ആൺകുട്ടികൾ മുന്നേറും, അവരുടെ കരിയറിയിൽ വളർച്ചയുണ്ടാകും. ടൂർണമെന്റിൽ നിന്ന് പുറത്തായതിന് ശേഷം ഉയർത്തെഴുന്നേൽക്കുന്നത് അല്പം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്.

പക്ഷെ ഞങ്ങളുടെ കോച്ച് ​ഗാരത് സൗത്ത് ​ഗേറ്റിനെയും സംഘത്തിനെയും ഓർത്ത് ആരാധകർക്ക് അഭിമാനിക്കാം. ഞങ്ങളുടെ ക്യാപ്റ്റൻ ഹാരി കെയ്ൻ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അടുത്ത തവണ ഞങ്ങൾക്ക് കപ്പ് നേടാനാകും. ഞങ്ങൾ തലയുയർത്തി നടക്കും,’ബെക്കാം പറഞ്ഞു.

അതേസമയം ച്യൂവേമിനി നേടിയ സൂപ്പർ ഗോളാണ് ഫ്രാൻസിനെ ആദ്യം മുന്നിലെത്തിച്ചത്. 17ാം മിനിട്ടിൽ അന്റോണിയ ഗ്രീസ്മാന്റെ അസിസ്റ്റിലായിരുന്നു ഗോൾ.

ഗ്രീസ്മാൻ നൽകിയ പന്ത് ബോക്‌സിന് പുറത്തുനിന്ന് തന്നെ അതിവേഗ ഷോട്ടിലൂടെ ഇംഗ്ലണ്ട് ഡിഫന്റർമാരെയും ഗോൾ കീപ്പർ പിക്ഫോർഡിനെയും മറികടന്ന് വലയിലെത്തിക്കുകയായിരുന്നു.

ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ അനായാസമായി പെനാൽട്ടി വലയിലെത്തിച്ചപ്പോഴാണ് സ്‌കോർ 1-1ലെത്തിയത്. തുടർന്ന് 78ാം മിനിട്ടിൽ ജിറൂദിന്റെ ഗോളിലൂടെ ഫ്രാൻസ് 2-1ന്റെ ലീഡ് ഉയർത്തുകയായിരുന്നു.

ഇതിന് പിന്നാലെ 80ാം മിനിട്ടിന്റെ തുടക്കത്തിൽ ഗോൾ മടക്കാൻ ഇംഗ്ലണ്ടിന് ഒരു പെനാൾട്ടി കൂടെ ലഭിച്ചെങ്കിലും പോസ്റ്റിന് മുകളിലൂടെ അടിച്ച് ഹാരി കെയ്ൻ അത് പാഴാക്കുകയായിരുന്നു.

Content Highlights: Our boys will continue to grow, says David Beckham