| Saturday, 29th June 2024, 4:26 pm

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: ഉദ്ധവ് താക്കറെ എം.വി.എ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആകുന്നതിനെ എതിർത്ത് ശരദ് പവാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെയെ മഹാ വികാസ് അഘാഡിയുടെ (എം.വി.എ) മുഖ്യമന്ത്രി സ്ഥാനാർഥി ആക്കുന്നതിനെ എതിർത്ത് എൻ.സി.പി നേതാവ് ശരദ് പവാർ. ഉദ്ധവ് താക്കറെയെ എം.വി.എ സഖ്യത്തിന്റ മുഖ്യമന്ത്രി മുഖമായി ഉയർത്തിക്കാട്ടണമെന്ന ശിവസേനയുടെ ആവശ്യം ശരദ് പവാർ തള്ളിക്കളഞ്ഞു.

ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട്‌ ചെയ്തത്. കൂട്ടായ നേതൃത്വമാണ് തങ്ങളുടെ സഖ്യത്തിന്റെ ഫോർമുലയെന്ന് ആദ്ദേഹം പറഞ്ഞു.

“ഒരു വ്യക്തിയെ മാത്രമായി ഞങ്ങളുടെ സഖ്യത്തിന്റെ മുഖമായി ഉയർത്തിക്കാട്ടാനാകില്ല. കൂട്ടായ നേതൃത്വമാണ് ഞങ്ങളുടെ ഫോർമുല,” ശരദ് പവാർ പറഞ്ഞു.

എം.വി.എയുടെ മുഖ്യമന്ത്രി മുഖമായി താക്കറെയെ ഉയർത്തിക്കാട്ടണമെന്ന ശിവസേന എം.പി സഞ്ജയ് റാവത്തിൻ്റെ നിർബന്ധത്തെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു ആദ്ദേഹം.

മൂന്ന് സഖ്യകക്ഷികളും ഇക്കാര്യത്തിൽ സംയുക്തമായി തീരുമാനമെടുക്കുമെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു. മോദിയെ എതിർക്കുന്നവരെല്ലാം എം.വി.എയുടെ ഭാഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

“അടുത്തിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പി.ഡബ്ല്യു.പി (പെസൻ്റ്സ് ആൻഡ് വർക്കേഴ്സ് പാർട്ടി ഓഫ് ഇന്ത്യ), എ.എ.പി, കമ്മ്യൂണിസ്റ്റ് പാർട്ടികൾ എന്നിവ ഞങ്ങളെ സഹായിച്ചു. എം.വി.എയിൽ ഞങ്ങൾ മൂന്ന് കക്ഷികളാണെങ്കിലും മോദിയെ എതിർക്കുന്നവരെല്ലാം എം.വി.എയുടെ ഭാഗമാകണം.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ച് എന്ത് തീരുമാനമെടുത്താലും ചർച്ചയിലൂടെയും എല്ലാവരെയും വിശ്വാസത്തിലെടുത്ത ശേഷവുമായിരിക്കും തീരുമാനമെടുക്കുക,” പവാർ പറഞ്ഞു.

അതേസമയം, എം.വി.എയ്ക്ക് മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന് അവതരിപ്പിക്കേണ്ടതുണ്ടെന്ന് സഞ്ജയ് റാവത്ത് ശനിയാഴ്ച വീണ്ടും ആവർത്തിച്ചു.

“മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പിന് പോകുന്നത് എം.വി.എയ്ക്ക് അപകടകരമാണ്. ഉദ്ധവ് താക്കറെയുടെ വഴിയാണ് മഹാരാഷ്ട്ര കണ്ടത്.

ഉദ്ധവ് താക്കറെയുടെ ജനപ്രീതി കൊണ്ടാണ് ജനങ്ങൾ എം.വി.എയ്ക്ക് വോട്ട് ചെയ്തത്. മുഖമില്ലാത്ത ഒരു സഖ്യം തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ജനങ്ങൾ സഹായിക്കില്ല, ” സഞ്ജയ്‌ റാവത് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞടുപ്പിൽ ഇന്ത്യാ സഖ്യത്തിന്റെ പ്രധാനമന്ത്രി മുഖമായി രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടിയിരുന്നെങ്കിൽ സഖ്യത്തിന് കൂടുതൽ സീറ്റ്‌ ലഭിച്ചേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.വി.എ 175 മുതൽ 180 വരെ നിയമസഭാ സീറ്റുകൾ നേടി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: ‘Our alliance is our collective face’: Sharad Pawar on MVA’s chief ministerial candidate

We use cookies to give you the best possible experience. Learn more