ഞങ്ങളുടെ അജണ്ട ബി.ജെ.പിയെ പരാജയപ്പെടുത്തുക; തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ കുറിച്ച് യോഗത്തില്‍ തീരുമാനമെടുക്കും: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
national news
ഞങ്ങളുടെ അജണ്ട ബി.ജെ.പിയെ പരാജയപ്പെടുത്തുക; തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ കുറിച്ച് യോഗത്തില്‍ തീരുമാനമെടുക്കും: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd June 2023, 11:47 am

പട്‌ന: അധികാരത്തില്‍ നിന്നും ബി.ജെ.പിയെ നീക്കം ചെയ്യുകയെന്നതാണ് തങ്ങളുടെ അജണ്ടയെന്നും എല്ലാ പാര്‍ട്ടികളും ഏകകണ്ഠമായി തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ കുറിച്ച് തീരുമാനമെടുക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വിശാല പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.

ബി.ജെ.പിയെ അധികാരത്തില്‍ നിന്നും നീക്കം ചെയ്യുക എന്നതാണ് തങ്ങളുടെ അജണ്ടയെന്നും ഇതിനായി ഒന്നിച്ച് പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങളെല്ലാവരും ബി.ജെ.പിക്കെതിരെ ഒന്നിച്ച് പോരാടും. ബി.ജെ.പിയെ നീക്കം ചെയ്യുക എന്നതാണ് ഞങ്ങളുടെ അജണ്ട. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഓര്‍ഡിനന്‍സ് വിഷയത്തില്‍ എ.എ.പിയെ പിന്തുണക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും,’ മാധ്യമങ്ങളോട് സംസാരിക്കവെ ഖാര്‍ഗെ പറഞ്ഞു.

വിശാല പ്രതിപക്ഷ യോഗം ചേരാനിരിക്കെ ഓര്‍ഡിനന്‍സ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളോട് ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ തീരുമാനിക്കാനായി പട്‌നയില്‍ ഇന്നാണ് യോഗം ചേരുന്നത്.

പല പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുക്കാനായി വ്യാഴാഴ്ച തന്നെ പട്‌നയില്‍ എത്തിയിരുന്നു. രാഷ്ട്രീയ ലോക് ദള്‍ ( ആര്‍.എല്‍.ഡി) പ്രസിഡന്റ് ജയന്ത് ചൗധരി മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനുള്ളതിനാല്‍ യോഗത്തിനെത്തില്ല. പ്രതിപക്ഷ ഐക്യത്തിനുള്ള നാഴികക്കല്ലായി യോഗം മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷ മായാവതിയെ യോഗത്തിലേക്ക് ക്ഷണിക്കാത്തതിനാലാണ് ആര്‍.എല്‍.ഡി യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

വിശാല പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കാനായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി എന്നിവര്‍ പട്‌നയില്‍ എത്തിയിട്ടുണ്ട്. ഇന്ന്11.30നാണ് യോഗം ചേരുക.

യോഗം ചേരാനിരിക്കെ ഇന്നലെ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു കുടുംബത്തെ പോലെ ഒന്നിച്ച് ബി.ജെ.പിക്കെതിരെ പോരാടുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം മമത പറഞ്ഞിരുന്നു.

പട്‌നയില്‍ നടക്കുന്ന വിശാല പ്രതിപക്ഷ യോഗം ഏറെ നിര്‍ണായകമാകുമെന്ന് ജെ.ഡി.യു വക്താവും നിതീഷ് കുമാറിന്റെ ഉപദേശകനുമായ കെ.സി ത്യാഗി പറഞ്ഞിരുന്നു. ‘പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ ചര്‍ച്ച നടത്തും,’ അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഒരുമിച്ച് നില്‍കേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നിയുള്ള ചര്‍ച്ചയായിരിക്കും നടക്കുകയെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Our agenda is to remove bjp government: Mallikarjun kharge