| Thursday, 30th January 2014, 3:10 pm

ശുഭപ്രതീക്ഷകരമായ ഹോളോകാസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

………………………………………………………………………………………………………………………………………………..

കവിത / ഓട്ടോ റെനെ കാസ്റ്റില്ലോ

മൊഴിമാറ്റം / സ്വാതി ജോര്‍ജ്

വര /മജിനി

………………………………………………………………………………………………………………………………………………..

[]എത്ര ഭയാനകം എന്റെ കാലം !
എങ്കിലും അതെന്റെ കാലമായിരുന്നു.
ഞാന്‍ അതില്‍ തന്നെയിരുന്നില്ല,
എന്റെ പങ്ക് ചാടുകയെന്നതായിരുന്നു –
ആ ചെളിയുടെ വയറ്റിലേയ്ക്ക്,
എന്റെ ആത്മാവോളം അതിനെചവിട്ടിമെതിച്ച്,
ചെളികൊണ്ട് എന്റെ മുഖം മറയ്ക്കുന്നവിധം,
ആ നാറിയ വെള്ളം എന്റെ കണ്ണുകളില്‍
ചെളി നിറയ്ക്കുന്നവിധം,
ചാടി, അതിന്റെ ഭീകരതയില്‍ അനന്തതയിലേക്ക് നാറുന്ന
ഒരു കാല്‍പ്പാടുപേക്ഷിച്ച് ,
ഭാവിയുടെ ഒരു കരയിലേയ്ക്ക്.

എങ്കിലും അതെന്റെ കാലമായിരുന്നു
ചലം നിറഞ്ഞത്. പട്ടിയെപ്പോലെ. ബീഭല്‍സം.
ശരിക്കും ചെന്നായയാല്‍ സൃഷ്ടിക്കപ്പെട്ടത്.
ശരിക്കും മനുഷ്യരാകെ അനുഭവിച്ചുപോയത്.
സ്‌നേഹത്തിന്റെയും ജീവിതത്തിന്റെയും പേരില്‍
വെറുപ്പുകൊണ്ടും മരണം കൊണ്ടും നശിപ്പിക്കപ്പെട്ടുപോയത്.

എത്ര ഭയാനകം എന്റെ കാലം !
എങ്കിലും അതെന്റെ കാലമായിരുന്നു.
ഭാവിയിലെ മനുഷ്യരെ, നിങ്ങള്‍ ഞങ്ങളുടെ
കാലത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനുഷ്യരെക്കുറിച്ച് ആലോചിക്കരുത്.
ആത്മാവിന്റെ തുണ്ടുകളുമായ്, കൊല്ലുന്ന ദംഷ്ട്രകളുമായ്
നിന്നിരുന്ന ഞങ്ങളായിരുന്ന ഭീകരസത്വങ്ങളെക്കുറിച്ച് ആലോചിക്കൂ
മൃഗങ്ങള്‍ തമ്മിലുള്ള ഈ യുദ്ധത്തില്‍
ഭീകരസത്വങ്ങള്‍ എന്നേന്നേയ്ക്കുമായി മരിച്ചതും
മനുഷ്യവര്‍ഗ്ഗം ജനിക്കുകയും ചെയ്തു എന്ന,
എന്റെ കാലത്തിലെ ആകെയുണ്ടായിരുന്ന നല്ലതിനെക്കുറിച്ച് ചിന്തിക്കൂ.
ആലോചിക്കുക, എല്ലാറ്റിനുമിടയ്ക്ക്,  ഞങ്ങളില്‍ ചിലര്‍
മാറാലയും ജനിതകപ്പൊടിയും നിറഞ്ഞ മനുഷവര്‍ഗ്ഗം
എങ്ങനെയായിരുന്നു ഭീകരസത്വത്തെ
കീഴടക്കിക്കൊണിരുന്നതെന്ന് കണ്ടതിനെക്കുറിച്ചും
എങ്ങനെയാണു,
മനുഷ്യത്തത്തിന്റെ ഭാരത്തിനടിയില്‍ ഞെരിഞ്ഞമര്‍ന്ന്
ആ ഭീകരസത്വം മരിച്ചുകൊണ്ടിരുന്നപ്പോള്‍
മുടിയിഴകളില്‍ തൂക്കിയ ഒരു നക്ഷത്രവുമായ്
ഭാവി അടുത്തടുത്തെത്തിക്കൊണ്ടിരുന്നതിനെക്കുറിച്ചും

………………………………………………………………………………..

ഓട്ടോ റെനെ കാസ്റ്റില്ലോ

1936ല്‍ ജനനം. ഗ്വാട്ടിമലയന്‍ വിപ്ലവകാരി, ഗറില്ലാ യോദ്ധാവ്, കവി, നാടകപ്രവര്‍ത്തകന്‍. സായുധ ഗറില്ലാ പോരാട്ടങ്ങളില്‍ ഏര്‍പ്പെടവെ സഖാക്കള്‍ക്കൊപ്പം പിടികൂടപ്പെട്ടു.

1967 മാര്‍ച്ച് 23 ന് കൊടിയ പീഡനത്തിനുശേഷം കത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. ജോണ്‍ എബ്രഹാം തന്റെ അമ്മ അറിയാന്‍ എന്ന ചിത്രത്തില്‍ ഉപയോഗിച്ച അരാഷ്ട്രീയ ബുദ്ധിജീവികള്‍ (Apolitical Intellectuals) എന്ന കാസ്റ്റില്ലോയുടെ കവിത വളരെ പ്രസിദ്ധമാണ്.

സ്വാതി ജോര്‍ജ്

ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശി. Bahrain panorama cotnracting and engineering services പദ്ധതി ആസൂത്രണ സാങ്കേതിക വിദഗ്ദ്ധന്‍. സോഷ്യല്‍ മീഡിയ രംഗത്ത് സജീവം. നിരവധി കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

മജ്‌നി തിരുവങ്ങൂര്‍

കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ സ്വദേശി. ജെ.ഡി.ടി ഇസ്‌ലാം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗം ചരിത്രാധ്യാപിക. ഡൂള്‍ ന്യൂസില്‍ ചിത്രകാരി. നിരവധി ആനുകാലികങ്ങളില്‍ വരക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more