………………………………………………………………………………………………………………………………………………..
കവിത / ഓട്ടോ റെനെ കാസ്റ്റില്ലോ
മൊഴിമാറ്റം / സ്വാതി ജോര്‍ജ്
വര / മജിനി
………………………………………………………………………………………………………………………………………………..
” കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എഴുപത്തിയേഴ് വയസ്സുള്ള, മിസിസ് ഡാമിയാന മുര്‍ഷ്യയുടെ, (ഗാര്‍ഷ്യയുടെ വിധവ ) വീട്ടുസാധനങ്ങളെല്ലാം 15 സി സ്ട്രീറ്റില്‍ 3 , 41 സോണുകള്‍ക്കിടയിലുള്ള അവരുടെ ചെറിയ വീട്ടുമുറിയില്‍ നിന്ന് മഴയത്തെറിയപ്പെട്ട് കിടക്കുകയാണു. ( റേഡിയോ ന്യൂസ്‌പേപ്പര്‍ ” ഡയറിയോ മിനുട്ടോ ” എഡിഷന്‍ 1, ബുധന്‍, ജൂണ്‍ 10, 1964)
ഒരുപക്ഷേ നിങ്ങള്‍ക്ക് വിശ്വസിക്കാനാവില്ലായിരിക്കാം,
പക്ഷേ ഇവിടെ,
എന്റെ കണ്ണുകള്‍ക്ക് മുന്നില്‍,
ഡാമിയാന മുര്‍ഷ്യ, ഗാര്‍ഷ്യയുടെ വിധവ,
ഒരു വൃദ്ധ,
എഴുപത്തിയേഴ് വര്‍ഷങ്ങളുടെ ചാരം,
മഴയത്ത്,
പഴകിപ്പൊട്ടിയ അവരുടെ വീട്ടുസാധനങ്ങള്‍ക്ക് വശത്ത്,
അവരുടെ വളഞ്ഞ പുറത്ത്,
എന്റെയും നിങ്ങളുടെയും വ്യവസ്ഥിതിയുടെ
ഭീകരമായ അനീതി ഏറ്റുവാങ്ങുന്നു.
ദരിദ്രയായതുകൊണ്ട്.
പണക്കാരുടെ ജഡ്ജി
കുടിയിറക്കാന്‍ ഉത്തരവിട്ടു.
ഒരുപക്ഷേ നിങ്ങള്‍ക്ക് ഇനി ഒരിക്കലും
ആ ലോകത്തെ മനസ്സിലാക്കാന്‍ കഴിഞ്ഞേക്കില്ല.
എത്ര കുലീനമാണു നിങ്ങള്‍ ജീവിക്കുന്ന ലോകം!
ഏറ്റവും കയ്‌പ്പേറിയ വാക്കുകള്‍ക്ക് പോലും
അവിടെ ചെറുതായ് ചെറുതായ്
അവയുടെ ക്രൗര്യം നഷ്ടപ്പെടുന്നു.
എന്നിട്ട് എല്ലാ ദിവസവും
ഉഷസ്സ് പോലെ
സ്‌നേഹം കൊണ്ട് നിറഞ്ഞ
തരളിതമായ പുതിയ വാക്കുകള്‍ ഉയിര്‍ക്കുന്നു
മനുഷ്യനു വേണ്ടി.
കുടിയിറക്കല്‍,
എങ്ങനെയാണു അതിനെ വിശദീകരിക്കുക ?
നിങ്ങള്‍ക്കറിയാം
ഇവിടെ
നിങ്ങള്‍ക്ക് വാടക കൊടുക്കാനാകാതെ വരുമ്പോള്‍
പണക്കാരുടെ അധികൃതര്‍ വന്ന്
നിങ്ങളുടെ സാധനങ്ങള്‍ തെരുവിലെറിയുന്നു.
പിന്നെ സ്വപ്നങ്ങളുടെ പൊക്കത്തിനു
മേല്‍ക്കൂരയില്ലാതെ നിങ്ങള്‍ ബാക്കിയാകുന്നു.
അതാണു ആ വാക്കിന്റെ അര്‍ത്ഥം
കുടിയിറക്കല്‍ : ആകാശത്തേയ്ക്ക് തുറന്ന ഏകാന്തത,
വിലയിരുത്തുന്ന കണ്ണുകള്‍ക്ക്-കഷ്ടപ്പാട്.
ഇതാണു അവര്‍ പറയുന്ന സ്വതന്ത്രമായ ലോകം.
നിങ്ങള്‍ക്ക് നിങ്ങളുടെ സ്വാതന്ത്ര്യങ്ങളറിയില്ല
മഹാഭാഗ്യം !
ഡാമിയാന മുര്‍ഷ്യ, ഗാര്‍ഷ്യയുടെ വിധവ
അവര്‍ ആകെ ചെറുതായിരുന്നു കേട്ടോ,
വലിയ തണുപ്പായിരുന്നിരിക്കണം.
എത്ര വലുത് അവരുടെ ഏകാന്തത !
നിങ്ങള്‍ക്ക് വിശ്വസിക്കാനാകില്ല
ഈ അനീതികള്‍ മുറിവേല്‍പ്പിക്കുന്നതെങ്ങനെയെന്ന്.
ഇതാണു നമുക്കിടയിലെ സാമാന്യത.
അസാധാരണമാണു അതിന്റെ തരളത,
ദാരിദ്ര്യത്തോടുള്ള അതിന്റെ വെറുപ്പും.
അതുകൊണ്ട് എന്നത്തെക്കാളും
ഞാന്‍ നിങ്ങളുടെ ലോകത്തെ സ്‌നേഹിക്കുന്നു
ഞാനത് മനസ്സിലാക്കുന്നു
അതിന്റെ
പ്രാപഞ്ചിക അഹന്തയെ പ്രകീര്‍ത്തിക്കുന്നു.
എന്നിട്ട് എന്നോട് തന്നെ ഞാന്‍ ചോദിക്കുന്നു :
എന്തുകൊണ്ട് നമുക്കിടയില്‍ വൃദ്ധര്‍
ഇത്ര കഷ്ടപ്പെടുന്നു ?
പ്രായം ഒരു ദിനം നമുക്കും വന്ന് ചേര്‍ന്നാല്‍ ?
പക്ഷേ ഏറ്റവും മോശപ്പെട്ടത് ആ ശീലമാണു.
മനുഷ്യനവന്റെ മനുഷ്യത്വം നഷ്ടമാകുന്നു
അന്യന്റെ കൊടിയ വേദന ഇനിയൊരിക്കലും
അവന്റെ പ്രശ്‌നമല്ല
അവന്‍ തിന്നുന്നു
അവന്‍ ചിരിക്കുന്നു
എന്നിട്ടവനെല്ലാം മറക്കുന്നു.
എനിക്കീ കാര്യങ്ങള്‍ എന്റെ രാജ്യത്തിനായി വേണ്ട.
ആര്‍ക്കുവേണ്ടിയും എനിക്കിവ വേണ്ട.
ലോകത്ത് ആര്‍ക്കു വേണ്ടിയും എനിക്കിവ വേണ്ട.
എന്നിട്ട് ഞാന്‍ പറയുന്നു, എന്തെന്നാല്‍,
വേദനയ്ക്ക് ഒരു മായ്ക്കാനാകാത്ത
പരിവേഷം അതിന്റെകൂടെയുണ്ടാകണം.
അവര്‍ പറയുന്നു, ഇതാണു സ്വതന്ത്രമായ ലോകം.
എന്നെ നോക്കൂ.
എന്നിട്ട് നിങ്ങളുടെ കൂട്ടുകാരോട് പറയൂ
എന്റെ പൊട്ടിച്ചിരി
മുഖത്തിന്റെ ഒത്തനടുക്ക്
വികൃതമായിപ്പോയി എന്ന്.
അവരോട് പറയൂ
ഞാന്‍ അവരുടെ സുന്ദരമായ ലോകത്തെ സ്‌നേഹിക്കുന്നുവെന്ന്.
അവരത് മനോഹരമാക്കേണ്ടതാണു.
ഞാന്‍ വളരെ സന്തോഷവാനാണു,
അവര്‍ക്കിനി അറിയില്ല
അത്ര ആഴത്തില്‍ വേദന നിറഞ്ഞ അനീതികള്‍.
………………………………………………………………………………..
[]ഓട്ടോ റെനെ കാസ്റ്റില്ലോ
1936ല്‍ ജനനം. ഗ്വാട്ടിമലയന്‍ വിപ്ലവകാരി, ഗറില്ലാ യോദ്ധാവ്, കവി, നാടകപ്രവര്‍ത്തകന്‍. സായുധ ഗറില്ലാ പോരാട്ടങ്ങളില്‍ ഏര്‍പ്പെടവെ സഖാക്കള്‍ക്കൊപ്പം പിടികൂടപ്പെട്ടു.
1967 മാര്‍ച്ച് 23 ന് കൊടിയ പീഡനത്തിനുശേഷം കത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. ജോണ്‍ എബ്രഹാം തന്റെ അമ്മ അറിയാന്‍ എന്ന ചിത്രത്തില്‍ ഉപയോഗിച്ച അരാഷ്ട്രീയ ബുദ്ധിജീവികള്‍ (Apolitical Intellectuals) എന്ന കാസ്റ്റില്ലോയുടെ കവിത വളരെ പ്രസിദ്ധമാണ്.
സ്വാതി ജോര്‍ജ്
ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശി. Bahrain panorama cotnracting and engineering services പദ്ധതി ആസൂത്രണ സാങ്കേതിക വിദഗ്ദ്ധന്‍. സോഷ്യല്‍ മീഡിയ രംഗത്ത് സജീവം. നിരവധി കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
മജ്‌നി തിരുവങ്ങൂര്‍
കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ സ്വദേശി. ജെ.ഡി.ടി ഇസ്‌ലാം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗം ചരിത്രാധ്യാപിക. ഡൂള്‍ ന്യൂസില്‍ ചിത്രകാരി. നിരവധി ആനുകാലികങ്ങളില്‍ വരക്കുന്നു.