[share]
………………………………………………………………………………………………………………………………………………..
കവിത / ഓട്ടോ റെനെ കാസ്റ്റില്ലോ
മൊഴിമാറ്റം / സ്വാതി ജോര്‍ജ്
വര /മജിനി
………………………………………………………………………………………………………………………………………………..
നിനക്കായി
ഒരുപാട് ദണ്ഡനം
തൊലിപ്പുറത്ത് ഏറ്റുവാങ്ങിയ ഞങ്ങള്‍
അല്ലെങ്കില്‍, പിന്നെയും നിവര്‍ന്ന് നിന്ന്
മരണത്തില്‍ പോലും ഇടം ലഭിക്കാതിരുന്നവര്‍.
എന്റെ രാജ്യത്ത്,
ആത്മാവില്‍ നിന്ന് ഉയരുന്ന
ലോലമായ ഒരു ശ്വാസം മാത്രമല്ല സ്വാതന്ത്ര്യം.
ശാരീരികമായ ഒരു ധീരത കൂടിയാണു.
അതിന്റെ അനന്തഭൂമികയുടെ
ഓരോ മില്ലിമീറ്ററിലും
നിന്റെ പേരു എഴുതപ്പെട്ടിരിക്കുന്നു:
സ്വാതന്ത്ര്യം.
പീഡകള്‍ ഏറ്റ് വാങ്ങിയ കൈകളില്‍.
കൊടിയ വിഷാദത്തിന്റെ
വിസ്മയം ഏറ്റുവാങ്ങിയ
കണ്ണുകളില്‍.
ശ്രേഷ്ഠത പിടച്ചുകൊണ്ടിരുന്നപ്പോള്‍
നെറ്റിത്തടത്തില്‍.
ഞങ്ങള്‍ക്കുള്ളില്‍ ശാശ്വതനായ ഒരു മനുഷ്യന്‍
ശ്രേഷ്ഠതയിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്ന
നെഞ്ചുകളില്‍.
ഒരുപാട് സഹിക്കുന്ന
മുതുകിലും കാലുകളിലും.
സ്വയം അഭിമാനം കൊള്ളുന്ന
വൃഷണങ്ങളില്‍.
അവിടെ, നിന്റെ പേരു,
പ്രതീക്ഷയാലും ധീരതയാലും പാട്ട് പാടുന്ന,
മൃദുലവും തരളവുമായ നിന്റെ പേരു.
ഒരുപാടിടങ്ങളില്‍
വേദനിപ്പിക്കുന്ന താഡനങ്ങള്‍
നമ്മള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.
എന്നിട്ട് ഒരുപാട് തവണ
ഒരല്‍പം മാത്രമായ തൊലിപ്പുറത്ത്
നിന്റെ പേരു എഴുതി വെച്ചിട്ടുണ്ട്,
അതുകൊണ്ട്, മരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല
എന്തെന്നാല്‍, മരണമില്ലാത്തതാണു സ്വാതന്ത്ര്യം.
തീര്‍ച്ചയായും,
കഴിയുന്നുവെങ്കില്‍
അവര്‍ക്ക് ഞങ്ങളെ തോല്‍പ്പിച്ചു കൊണ്ടേയിരിക്കാം..
സ്വാതന്ത്ര്യമേ,
നീ എന്നും വിജയിയാകും.
അവസാനത്തെ വെടി ഞങ്ങള്‍ പൊട്ടിക്കുമ്പോള്‍
എന്റെ ജനങ്ങളുടെ തൊണ്ടയില്‍
ആദ്യം പാടുന്ന പാട്ട് നീയായിരിക്കും.
കാരണം
മരിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥിതിയുടെ അവസാനം
ധീരതയോടെ പൂര്‍ത്തിയാക്കുന്ന
സ്വതന്ത്രരായ മനുഷ്യരെക്കാള്‍ മനോഹരമായി
ഒന്നും തന്നെയില്ല ഈ ഭൂമുഖത്ത്.
അതുകൊണ്ട്
സ്വാതന്ത്ര്യം,
കിനാവ് കാണുകയും കരുതലോടെ ഇരിക്കുകയും ചെയ്യുന്നു.
രാത്രിയിലേക്കോ പകലിലേക്കോ നമ്മള്‍ എത്തിച്ചേരുന്നു,
സ്വാതന്ത്ര്യം എന്ന നിന്റെ പേരിനാല്‍
അതിലോലമായി വശീകരിക്കപ്പെട്ടുകൊണ്ട്.
………………………………………………………………………………..
[]ഓട്ടോ റെനെ കാസ്റ്റില്ലോ
1936ല്‍ ജനനം. ഗ്വാട്ടിമലയന്‍ വിപ്ലവകാരി, ഗറില്ലാ യോദ്ധാവ്, കവി, നാടകപ്രവര്‍ത്തകന്‍. സായുധ ഗറില്ലാ പോരാട്ടങ്ങളില്‍ ഏര്‍പ്പെടവെ സഖാക്കള്‍ക്കൊപ്പം പിടികൂടപ്പെട്ടു.
1967 മാര്‍ച്ച് 23 ന് കൊടിയ പീഡനത്തിനുശേഷം കത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. ജോണ്‍ എബ്രഹാം തന്റെ അമ്മ അറിയാന്‍ എന്ന ചിത്രത്തില്‍ ഉപയോഗിച്ച അരാഷ്ട്രീയ ബുദ്ധിജീവികള്‍ (Apolitical Intellectuals) എന്ന കാസ്റ്റില്ലോയുടെ കവിത വളരെ പ്രസിദ്ധമാണ്.
സ്വാതി ജോര്‍ജ്
ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശി. Bahrain panorama contracting and engineering services പദ്ധതി ആസൂത്രണ സാങ്കേതിക വിദഗ്ദ്ധന്‍. സോഷ്യല്‍ മീഡിയ രംഗത്ത് സജീവം. നിരവധി കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
മജ്‌നി തിരുവങ്ങൂര്‍
കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ സ്വദേശി. ജെ.ഡി.ടി ഇസ്‌ലാം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗം ചരിത്രാധ്യാപിക. ഡൂള്‍ ന്യൂസില്‍ ചിത്രകാരി. നിരവധി ആനുകാലികങ്ങളില്‍ വരക്കുന്നു.