(കടപ്പാട്: ഓട്ടോ റെനെ കാസ്റ്റിലോ)
ഒരു ദിവസം ഏറ്റവും ദരിദ്രരായ മുഅ്മിനീങ്ങളാല്‍
എന്റെ നാട്ടിലെ സമുദായ നേതാക്കള്‍
ചോദ്യം ചെയ്യപ്പെടും.
ഒറ്റ രാത്രി കൊണ്ട് എടുക്കാതാകുന്ന
കറന്‍സി പോലെ
ജീവിതം അസാധുവായിക്കൊണ്ടിരിക്കുമ്പോള്‍,
സ്വാതന്ത്ര്യവും ആദര്‍ശങ്ങളും ക്രമേണ മരിച്ചു കൊണ്ടിരുന്നപ്പോള്‍,
എന്ത് ചെയ്തു എന്നവര്‍ ചോദ്യം ചെയ്യപ്പെടും.
അവരുടെ കെട്ടിപ്പൊക്കിയ ഇമേജിനെ പറ്റി
പിരിച്ചുണ്ടാക്കിയ താഴികക്കുടങ്ങളെ പറ്റി
ഒച്ച വെക്കാന്‍ ഉപകരിച്ച മൈക്കുകളെ പറ്റി
വിരുന്നുകളെയും വാര്‍ഷിക സമ്മേളനങ്ങളെയും പറ്റി
ഉച്ചയൂണിനു ശേഷം വിട്ട ഏമ്പക്കങ്ങളേയും
കോട്ടുവാകളെയും പ്രസ്താവനകളെയും പറ്റി
അവരോടാരും ചോദിക്കില്ല.
ഹജ്ജിന്റെയും ഉമ്രയുടെയും എണ്ണത്തെപ്പറ്റിയും
സ്ഥാനമാനങ്ങളെ ചൊല്ലിയുമുള്ള
അവരുടെ പൊള്ളയായ
തര്‍ക്കങ്ങളെ പറ്റിയും ഒരാളും നാളെ അന്വേഷിക്കില്ല.
മുത്തലാഖിനെയും
ഖുനൂത്തിനെയും കാനോത്തിനെയും
പതിനെട്ടാകും മുന്നെ പെണ്‍കുട്ടികളെ കെട്ടിക്കുന്നതിനെയും
മേച്ച ആടുകളെയും പറ്റി ചോദ്യം ചെയ്യപ്പെടില്ല.
ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍
എന്റെ നാട്ടിലെ സമുദായ നേതാക്കള്‍ ചോദ്യം ചെയ്യപ്പെടും.
അന്ന് ദരിദ്രരായ മനുഷ്യര്‍ വരും,
ഈ നേതാക്കളുടെ വിരുന്നിലും ചാരു കസേരകളിലും
തൊള്ള ബഡായികളില്‍ പോലും ഒരിക്കലും ഇടം കിട്ടിയിട്ടില്ലാത്തവര്‍.
എന്നാല്‍, ദിവസവും കൂലിപ്പണി കഴിഞ്ഞു വന്ന ശേഷം
അവര്‍ക്ക് ഇളമക്കോഴിയും നേര്‍മപ്പത്തിരിയും കൊടുത്തവര്‍
കോഴിബിരിയാണിയും നെയിച്ചോറും വെച്ചവര്‍,
അവരുടെ ചെരുപ്പുകള്‍ എടുത്തു ഒപ്പിച്ചു കൊടുത്തവര്‍,
മേല്‍മുണ്ടും കുപ്പായച്ചുളിവുകളും നേരെയാക്കി കൊടുത്തവര്‍,
കൈകളില്‍ മുത്തി അത്തറു മണം മതിവരുവോളം ശ്വസിച്ചവര്‍,
മഹാ നഗരികളിലേക്ക് അവരുടെ റോഡ് നിറഞ്ഞോടുന്ന
കാറിനു വഴി ഒരുക്കിക്കൊടുക്കാന്‍ പാഞ്ഞവര്‍,
അവരുടെ പിരിവു ബക്കറ്റുകള്‍ ചുമന്ന് ഇരന്നവര്‍,
കൊടി കെട്ടാനും കീറാനും രാത്രി ഉറക്കമൊഴിച്ചവര്‍,
വരുമ്പോഴും പോകുമ്പോഴും തക്ബീര്‍ വിളിച്ചവര്‍,
അവര്‍ വരും, വന്ന് ചോദിക്കും.
യാതനകളില്‍ ജീവിതവും സ്വപ്നവും ചവിട്ടിയരക്കപ്പെട്ടപ്പോള്‍
അറ്റമില്ലാത്ത ക്യൂവില്‍ ഞങ്ങള്‍ ഒറ്റക്കു നിന്നപ്പോള്‍
വഴിവക്കില്‍ കൊലക്കത്തികള്‍
ഞങ്ങളെ മാത്രം മുറിച്ചപ്പോള്‍
എന്ത് ചെയ്യുകയായിരുന്നു നിങ്ങള്‍..?
ഗ്വാട്ടിമാലയിലെ കവിയും പോരാളിയുമായിരുന്നു ഓട്ടോ റെനെ കാസ്റ്റിലോയുടെ ബുദ്ധിജീവികളോട് എന്ന കവിത(Apolitical Intellectuasl)യുടെ സ്വതന്ത്ര ആവിഷ്‌കാരമാണിത്. ഭരണകൂടം ഭീകരമായി പീഡിപ്പിച്ചു കൊന്നു കളഞ്ഞതാണ് ഓട്ടോ റെനെ കാസ്റ്റിലോയെ.
ചിത്രം കടപ്പാട്: സുപ്രഭാതം