കഴിഞ്ഞ ഒരു മാസത്തോളമായി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന ഒറ്റപ്പാലം നഗരസഭയിലെ മോഷണത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു. സി.പി.ഐ.എം വനിതാ കൗണ്‍സിലറാണ് പ്രതി. ഇതിനെ തുടര്‍ന്ന് സി.പി.ഐ.എം കൗണ്‍സിലറെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
വരോട് വാര്‍ഡ് കൗണ്‍സില്‍ അംഗവും സ്ഥിരം സമിതി അദ്ധ്യക്ഷയുമായ വനിതാ കൗണ്‍സിലറെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. കഴിഞ്ഞ മാസം 20നാണ് സ്ഥിരം സമിതി അദ്ധ്യക്ഷയുടെ ഓഫീസ് മുറിയിലെ ബാഗില്‍ നിന്ന് 38,000 രൂപ മോഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നഗരസഭ ഓഫീസില്‍ നടന്ന ഇരുപ്പത്തിയൊന്നാമത്തെ മോഷണമായിരുന്നു ഇത്. കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, സന്ദര്‍ശകര്‍ എന്നിവരില്‍ നിന്നായി 1.70 ലക്ഷം രൂപയും സ്വര്‍ണ്ണനാണയവും മോഷണം പോയിട്ടുണ്ടെന്നാണ് കണക്ക്.
നഗരസഭയില്‍ നിന്ന് മോഷണം നടന്നതിനാല്‍ ഭരണപക്ഷ-പ്രതിപക്ഷ കൗണ്‍സിലര്‍ എന്ന ഭേദമന്യേ എല്ലാവരെയും മുന്‍നിര്‍ത്തി പൊലീസ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിന്റെ അവസാനത്തിലാണ് വനിതാ കൗണ്‍സിലറിലേക്ക് പൊലീസ് എത്തിയത്.
പ്രതിയാണെന്ന് തിരിച്ചറിഞ്ഞ വനിതാ അംഗവും മോഷണത്തിനിരയായ സ്ഥിരം സമിതി അദ്ധ്യക്ഷയും സി.പി.ഐ.എം അംഗങ്ങളായിരുന്നു.