ഞെട്ടിക്കുന്ന മേക്കോവറുമായി ഇന്ദ്രജിത്ത്; റസൂല്‍ പൂക്കുട്ടിയുടെ ഒറ്റ ട്രെയ്‌ലര്‍
Film News
ഞെട്ടിക്കുന്ന മേക്കോവറുമായി ഇന്ദ്രജിത്ത്; റസൂല്‍ പൂക്കുട്ടിയുടെ ഒറ്റ ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st October 2023, 4:40 pm

ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന മലയാള ചിത്രം ‘ഒറ്റ’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ട്രെയ്‌ലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഒക്ടോബര്‍ 27 ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ബാല്യമോ കൗമാരമോ യൗവ്വനമോ ആയിക്കൊള്ളട്ടെ, ജീവിതത്തിലേല്‍ക്കുന്ന അടയാളങ്ങളെ ഓര്‍മിപ്പിക്കുന്ന അനുഭവങ്ങള്‍ ജീവിതയാത്രയില്‍ ഓരോരുത്തരെയും തേടിയെത്തികൊണ്ടേയിരിക്കും. രക്ഷപ്പെടാന്‍ തേടുന്ന വഴികള്‍ ചിലപ്പോഴൊക്കെ പാളിപ്പോകാം. നമ്മളൊന്ന് കണ്ണ് തുറന്ന് നോക്കിയാല്‍ കാണാം നമുക്ക് ചുറ്റും അങ്ങനെയുള്ള പല ജീവിതങ്ങളും. ആ ജീവിത കഥകളെ ഓര്‍മ്മിപ്പിക്കുന്നതാണ് ഒറ്റയുടെ ട്രെയ്‌ലര്‍.

രണ്ട് യുവാക്കളുടെ ആവേശകരമായ കഥയും അവരുടെ അപ്രതീക്ഷിതമായ ഭാവിയിലേക്കുള്ള യാത്രയുമാണ് ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ‘ ഒറ്റ’ എന്ന ചിത്രത്തിലൂടെ പറയുന്നത്. മാതാപിതാക്കളുമായുള്ള തര്‍ക്കത്തിനെ തുടര്‍ന്ന്, ഹരിയും ബെന്നും വീടുവിട്ട് ഒരു യാത്ര ആരംഭിക്കുന്നു, പിന്നീട് അവരുടെ ജീവിതം നിയന്ത്രണാതീതമായി പോകുന്നു. ജീവിതം വഴുതിപ്പോകുന്നു എന്ന തിരിച്ചറിവ് പിന്നീട് അവരില്‍ ഉണ്ടാകുന്നു. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം പോകുന്നത്. ഹരി എന്ന പ്രധാന കഥാ പാത്രമായി ആസിഫ് അലിയും ബെന്‍ ആയി അര്‍ജുന്‍ അശോകനും, രാജുവായി ഇന്ദ്രജിത്തുമാണ് ചിത്രത്തിലെത്തുന്നത്.

സൗണ്ട് ഡിസൈനറും ഓസ്‌കാര്‍ ജേതാവുമായ റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഒറ്റ’ ചിത്രത്തില്‍
മലയാളം – തമിഴ് – കന്നഡ സിനിമകളിലെ മുന്‍നിരതാരങ്ങള്‍ അണിനിരക്കുന്നുണ്ട്. പ്രധാന വേഷം ചെയ്യുന്ന
ആസിഫ് അലിയെ കൂടാതെ അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദില്‍ ഹുസൈന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, മേജര്‍ രവി, സുരേഷ് കുമാര്‍, ശ്യാമ പ്രസാദ്, സുധീര്‍ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹന്‍ദാസ്, ജലജ, ദേവി നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ എത്തുന്നു. ഞെട്ടിപ്പിക്കുന്ന മേക്കോവറോടെയാണ് ഇന്ദ്രജിത്ത് ചിത്രത്തിലെത്തിയിരിക്കുന്നത്. ആസിഫ് അലിയുടെയും അര്‍ജുന്‍ അശോകന്റെയും വേറിട്ട ഒരു പ്രകടനം ആയിരിക്കും ചിത്രത്തില്‍ എന്നത് ട്രെയ്‌ലറില്‍ നിന്ന് തന്നെ വ്യക്തമാണ്.

ചിത്രത്തിന്റെ നിര്‍മാതാവ് എസ്. ഹരിഹരന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നെടുത്ത ഓര്‍മകളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. സമൂഹത്തിന്റെ ഒരു നേര്‍ക്കാഴ്ചയാണ് ചിത്രമെന്ന് കാണുന്ന ഓരോ പ്രേക്ഷകനും തോന്നുംവിധത്തിലുള്ളതാണ് പുറത്തിറങ്ങിയ ട്രെയ്‌ലര്‍. ത്രില്ലറെന്ന നിലയിലും ഫാമിലി എന്റര്‍ടെയ്‌നര്‍ എന്ന നിലയിലും പ്രേക്ഷകനെ ആകര്‍ഷിക്കുന്നതാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം റസൂല്‍ പൂക്കുട്ടിയുടെ ഏറെ കാലത്തെ സ്വപ്നസാഫല്യമാണ്. ചില്‍ഡ്രന്‍ റീ യുണൈറ്റഡ് എല്‍.എല്‍.പിയും റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷന്‍സും ചേര്‍ന്നൊരുക്കുന്ന ‘ഒറ്റ’ കഥ കിരണ്‍ പ്രഭാകറിന്റേതാണ്.

പാട്ടുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് എം . ജയചന്ദ്രന്‍ സംഗീതമൊരുക്കുന്നു. ഗാനങ്ങളൊരുക്കിയത്
വൈരമുത്തുവും റഫീക്ക് അഹമ്മദും ചേര്‍ന്നാണ്. എം. ജയചന്ദ്രന്‍, പി. ജയചന്ദ്രന്‍, ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, ജാസി ഗിഫ്റ്റ്, ബെന്നി ദയാല്‍, അല്‍ഫോന്‍സ് തുടങ്ങിയ പ്രമുഖ ഗായകരാണ് ഒറ്റയിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. അഞ്ചു പാട്ടുകള്‍ ഉള്ള ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ അരുണ്‍ വര്‍മയാണ്. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ കുമാര്‍ ഭാസ്‌കര്‍. ഒറ്റയുടെ സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി, വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്.

എഡിറ്റര്‍- സിയാന്‍ ശ്രീകാന്ത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- അരോമ മോഹന്‍, വി.ശേഖര്‍
പ്രൊഡക്ഷന്‍ ഡിസൈനര്‍- സിറില്‍ കുരുവിള, സൗണ്ട് മിക്‌സ്- കൃഷ്ണനുണ്ണി കെ.ജെ, ബിബിന്‍ ദേവ്. ആക്ഷന്‍ കൊറിയോഗ്രാഫര്‍- ഫീനിക്‌സ് പ്രഭു, കോസ്റ്റ്യൂം റിതിമ പാണ്ഡെ. മേക്കപ്പ് രതീഷ്- അമ്പാടി. പ്രൊഡക്ഷന്‍ മാനേജര്‍- ഹസ്മീര്‍ നേമം. സ്റ്റില്‍സ്- സലീഷ് പെരിങ്ങോട്ടുകര, മുരളി മുംബൈ, പ്രശാന്ത് കൊച്ചി എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനേഴ്സ്. കളറിസ്‌റ്- ലിജു പ്രഭാകര്‍. അസോസിയേറ്റ് ഡയറക്ടേഴ്‌സ്- ബോസ് വാസുദേവന്‍, ഉദയ് ശങ്കരന്‍, പി.ആര്‍.ഒ- മഞ്ജു ഗോപിനാഥ്. സെഞ്ച്വറി ഫിലിംസാണ് ഈ റസൂല്‍ പൂക്കുട്ടി ചിത്രം ‘ഒറ്റ’ കേരളത്തിലെ തീയേറ്ററുകളിലെത്തിക്കുന്നത്.

Content Highlight: Otta movie trailer