| Saturday, 28th October 2023, 6:52 pm

'ഒറ്റ'യിലെ കാഴ്ചകള്‍ ഒറ്റപ്പെട്ടതല്ല; ചുറ്റുപാടിന്റെ നേര്‍കാഴ്ചയായി റസൂല്‍ പൂക്കുട്ടി ചിത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്ത ഒറ്റ എന്ന ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, സത്യരാജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായത്.

പാലക്കാടന്‍ പശ്ചാത്തലത്തിലാണ് കഥ തുടങ്ങുന്നത്. ഹരിയും ബെന്നും സുഹൃത്തുക്കളാണ്. രണ്ട് പശ്ചാത്തലത്തിലാണ് ജനിച്ചതും വളര്‍ന്നതുമെങ്കിലും ഒരു കാര്യത്തില്‍ ഹരിയും ബെന്നും സമന്മാരായിരുന്നു. ടോക്‌സിങ് പേരന്റിങ് അനുഭവിച്ചാണ് ഇരുവരും വളര്‍ന്നത്. പിരിഞ്ഞുജീവിക്കുന്ന ബെന്നിന്റെ മാതാപിതാക്കള്‍ ഒരുപടി കൂടുതല്‍ കടന്ന് ഹരിയുടെ സ്വഭാവത്തേയും വ്യക്തിത്വത്തേയും വരെ ബാധിക്കുന്നു.

വീട്ടില്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ താങ്ങാനാവാതെ ഇരുവരും മുംബൈയിലേക്ക് നാടുവിടുകയാണ്. അവിടെവെച്ചാണ് അവര്‍ രാജുവണ്ണനെ കണ്ടുമുട്ടുന്നത്. ജീവിതത്തില്‍ ഒരുപാട് നഷ്ടങ്ങള്‍ സംഭവിച്ച രാജുവണ്ണന്‍ പിന്നെ ഹരിക്കും ബെന്നിനും താങ്ങാവുകയാണ്. മുംബൈയില്‍ ഒരുപാട് ജീവിതങ്ങള്‍ അവര്‍ കാണുന്നു. ചുറ്റും സംഭവിക്കുന്ന ദുരന്തങ്ങളില്‍ ആരേയും സഹായിക്കാനോ സ്വയം രക്ഷപ്പെടാനോ ആവാതെ ബെന്നും ഹരിയും നിസഹായരാവുകയാണ്. ജീവിതം തള്ളിനീക്കാന്‍ ഇരുവരും നേരിടുന്ന പ്രതിസന്ധികളും അത് അവരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന വഴിത്തിരിവുകളുമാണ് പിന്നീട് ഒറ്റയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

മുംബൈയിലെ ‘സമതോല്‍’ എന്ന സാമൂഹികസേവന സംഘടനയുടെ സ്ഥാപകനായ എസ്. ഹരിഹരന്റെ ജീവിതത്തിലെ സംഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഒറ്റ നിര്‍മിച്ചിരിക്കുന്നത്.

ആദ്യസംവിധാനം സംരംഭം വിജയകരമായി പൂര്‍ത്തിയാക്കാന്‍ റസൂല്‍ പൂക്കുട്ടിക്കായിട്ടുണ്ട്. പ്രധാനതാരങ്ങള്‍ ഉള്‍പ്പെടെ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. അച്ഛനും മകനുമായുള്ള ആസിഫ് അലിയുടേയും സത്യരാജിന്റേയും കോമ്പിനേഷന്‍ എടുത്തുപറയേണ്ടതാണ്. അച്ഛനും മകനും തമ്മിലുള്ള അകല്‍ച്ചയും പിന്നീട് ഉണ്ടാവുന്ന തിരിച്ചറിവുകളും കണ്‍വിന്‍സിങ്ങായാണ് ഇരുവരും അവതരിപ്പിച്ചത്.

ടോക്‌സിക് പേരന്റിങ്ങിന്റെ ഭീകരത വെളിവാക്കുന്നതായിരുന്നു അര്‍ജുന്‍ അശോകന്റെ പ്രകടനം. ഗെറ്റിപ്പിലാകെ മാറ്റം വരുത്തിയെത്തിയ ഇന്ദ്രജിത്ത് ഇമോഷണല്‍ രംഗങ്ങളില്‍ ഉള്‍പ്പെടെ സ്‌കോര്‍ ചെയ്തു. ഒറ്റ രംഗത്തില്‍ മാത്രം അഭിനയിച്ച സുധീര്‍ കരമനയെ ചിത്രം കണ്ടവരാരും മറക്കാനിടയില്ല. ഒരു ഡയലോഗ് പോലുമില്ലെങ്കിലും അദ്ദേഹത്തിന്റെ നിസഹായതയും കുറ്റബോധവും കലര്‍ന്ന ഭാവം അത്രക്കും തീവ്രമായിരുന്നു. രോഹിണി, ഇന്ദ്രന്‍സ്, സുരേഷ് കുമാര്‍, സോന നായര്‍ എന്നിങ്ങനെ മറ്റ് അഭിനേതാക്കളുടെ കയ്യില്‍ അതാത് കഥാപാത്രങ്ങള്‍ ഭദ്രമായിരുന്നു.

എം. ജയചന്ദ്രന്റെ സംഗീതം ഓരോ സന്ദര്‍ഭങ്ങളേയും എലവേറ്റ് ചെയ്യുന്നതായിരുന്നു. തന്റെ ആദ്യസംവിധാന ചിത്രം ശബ്ദത്തിനും വളരെയധികം പ്രാധാന്യം നല്‍കിയാണ് റസൂല്‍ പൂക്കുട്ടി ചിത്രീകരിച്ചത്. പാലക്കാടന്‍ ഗ്രാമത്തിലേയും ബോംബെ നഗരത്തിലേയും വ്യത്യസ്ത ശബ്ദങ്ങളുടെ കൃത്യമായ മിശ്രണം ചിത്രത്തിന് കൂടുതല്‍ സ്വഭാവികത നല്‍കി.

ഒറ്റയിലെ കാഴ്ചകള്‍ ഒറ്റപ്പെട്ടതല്ല, ഇതൊരു യൂണിവേഴ്‌സല്‍ കണ്ടന്റാണ്. പലതരം ജീവിത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്നുപോകുന്ന ഒറ്റയിലെ ഏതെങ്കിലും കാഴ്ചകളിലൊന്നില്‍ പ്രേക്ഷകനും താദാത്മ്യം പ്രാപിക്കാന്‍ സാധിക്കും.

Content Highlight: Otta Movie review

Latest Stories

We use cookies to give you the best possible experience. Learn more