| Wednesday, 6th November 2024, 5:36 pm

തിയേറ്ററില്‍ പോലും ഇങ്ങനെയൊരു ക്ലാഷ് കണ്ടിട്ടില്ല, ഈയാഴ്ച ഒ.ടി.ടിയില്‍ ചാകര തന്നെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികളെ സംബന്ധിച്ച് ഈയാഴ്ച വളരെയധികം സന്തോഷം നല്‍കുന്ന ഒന്നുതന്നെയാണ്. ഈ വര്‍ഷം തമിഴിലെയും തെലുങ്കിലെയും മലയാളത്തിലെയും വമ്പന്‍ ഹിറ്റുകള്‍ ഒരുമിച്ച് ഒ.ടി.ടിയിലെത്തുകയാണ്. ജൂനിയര്‍ എന്‍.ടി.ആറിന്റെ ദേവര, രജിനികാന്ത് ചിത്രം വേട്ടൈയന്‍, ടൊവിനോയുടെ അജയന്റെ രണ്ടാം മോഷണം എന്നിവയാണ് ഒ.ടി.ടിയിലെത്തുന്ന വമ്പന്മാര്‍. ഇതോടൊപ്പം രാജ് & ഡി.കെ ഒരുക്കിയ സിറ്റാഡെല്‍ ഹണി ബണ്ണിയും ഈയാഴ്ച സ്ട്രീമിങ് ആരംഭിക്കുന്നുണ്ട്.

ജൂനിയര്‍ എന്‍.ടി.ആറിനെ നായകനാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രമാണ് ദേവര. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ദേവരയുടെ ആദ്യഭാഗം വന്‍ വിജയമാണ് സ്വന്തമാക്കിയത്. വേള്‍ഡ്‌വൈഡായി 400 കോടിക്കുമുകളില്‍ ചിത്രം കളക്ട് ചെയ്തു. എന്‍.ടി.ആറിന് പുറമെ സെയ്ഫ് അലി ഖാന്‍, പ്രകാശ് രാജ്, ജാന്‍വി കപൂര്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരന്നിരുന്നു. നവംബര്‍ എട്ടിന് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ദേവര ഒ.ടി.ടിയിലെത്തുന്നത്.

രജിനികാന്ത്, അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു വേട്ടൈയന്‍. വന്‍ ബജറ്റിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ടി.ജെ ജ്ഞാനവേലായിരുന്നു. എന്നാല്‍ ബോക്‌സ് ഓഫീസില്‍ വേട്ടൈയന് വേണ്ടത്ര ശോഭിക്കാനായില്ല. 300 കോടി ബജറ്റിലെത്തിയ ചിത്രം 290 കോടി മാത്രമാണ് കളക്ട് ചെയ്തത്. ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയത്. നവംബര്‍ എട്ടിനാണ് വേട്ടൈയന്റെ ഒ.ടി.ടി റിലീസ്.

മലയാളത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായിരുന്നു അജയന്റെ രണ്ടാം മോഷണം. ടൊവിനോയുടെ അമ്പതാമത് ചിത്രം എന്ന രീതിയില്‍ തിയേറ്ററിലെത്തിയ ചിത്രം 100 കോടിക്കുമുകളില്‍ കളക്ഷന്‍ നേടിയിരുന്നു. ത്രീ.ഡിയിലൊരുങ്ങിയ ചിത്രം ഓണം റിലീസായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഈ വര്‍ഷം 100 കോടി നേടുന്ന അഞ്ചാമത്തെ ചിത്രമായി എ.ആര്‍.എം മാറി. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെ നവംബര്‍ എട്ടിന് ചിത്രം ഒ.ടി.ടിയിലെത്തും.

റൂസ്സോ ബ്രദേഴ്‌സ് അണിയിച്ചൊരുക്കിയ സ്‌പൈ ത്രില്ലര്‍ സീരീസായ സിറ്റാഡെല്ലിന്റെ സ്പിന്‍ ഓഫ് സീരീസാണ് സിറ്റാഡെല്‍: ഹണി ബണ്ണി. രാജ്- ഡി.കെ കോമ്പോ സംവിധാനം ചെയ്യുന്ന സീരീസില്‍ വരുണ്‍ ധവാനും സാമന്തയുമാണ് പ്രധാനവേഷത്തിലെത്തുന്നത്. നവംബര്‍ ഏഴിന് ആമസോണ്‍ പ്രൈമിലൂടെ സിറ്റാഡെല്‍ ഹണി ബണ്ണി സ്ട്രീമിങ് ആരംഭിക്കും.

Content Highlight: OTT release of Devara, Vettaiyan and ARM

Latest Stories

We use cookies to give you the best possible experience. Learn more