| Friday, 9th June 2023, 1:53 pm

ജിയോയെ പോലെ സൗജന്യങ്ങളുമായി ഹോട്ട്‌സ്റ്റാറും; സ്ട്രീമിങ് ചെയ്യുന്ന മത്സരങ്ങള്‍ പ്രഖ്യാപിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

2023ല്‍ നടക്കുന്ന ഏകദിന ലോകകപ്പും ഏഷ്യാ കപ്പും സൗജന്യമായി സ്ട്രീം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍. ക്രിക്കറ്റ് കൂടുതല്‍ ജനാധിപത്യപരമാക്കുന്നതിനാണ് തീരുമാനമെടുത്തതെന്ന് ഹോട്ട് സ്റ്റാര്‍ അറിയിച്ചു.

ഏഷ്യാകപ്പും ലോകകപ്പും കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നത് കമ്പനിയുടെ വളര്‍ച്ചക്ക് സഹായകരമാകുമെന്നും ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ തലവന്‍ സജിത് ശിവാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ ഇന്ത്യയില്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്ലാറ്റ്‌ഫോമാണ്. കാഴ്ചക്കാരുടെ അനുഭവം വര്‍ധിപ്പിക്കുന്നതിനായി ഇതിനോടകം വിവിധ നൂതനാശയങ്ങള്‍ ഞങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഏഷ്യാ കപ്പും ഐ.സി.സി പുരുഷ ക്രിക്കറ്റ് ലോകകപ്പും കൂടുതല്‍ പ്രേക്ഷകര്‍ക്ക് ലഭ്യമാക്കുന്നത് ഞങ്ങളെ സഹായിക്കുമെന്ന് വിശ്വസിക്കുന്നു,’ ഹോട്ട്സ്റ്റാര്‍ മേധാവി പറഞ്ഞു.

മുകേഷ് അംബാനിയുടെ ജിയോ സിനിമയുമായുള്ള മത്സരത്തിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനമെന്നാണ് വിലയിരുത്തലുകള്‍. 2023 സീസണിലെ ഐ.പി.എല്‍ സൗജന്യമായിട്ടായിരുന്നു ജിയോ സിനിമ സംപ്രേക്ഷണം ചെയ്തിരുന്നത്.

അതുകൊണ്ട് തന്നെ റെക്കോര്‍ഡ് വ്യൂവ്‌സായിരുന്നു ഈ വര്‍ഷം ഐ.പിഎല്ലിലുണ്ടായിരുന്നത്. ജിയോ സിനിമയിലൂടെ മാത്രം ഐ.പി.എല്‍ ഫൈനല്‍ മത്സരം മൂന്ന് കോടി പേര്‍ കണ്ടിരുന്നു.

2022ലെ ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിലാണ് ജിയോ സിനിമ ഇന്ത്യയില്‍ സൗജന്യ സ്ട്രീമിങ് തുടങ്ങുന്നത്. ഇത് അതിന് മുമ്പ് പണം നല്‍കി സ്ട്രീമിങ് നടത്തിയിരുന്ന സോണി ലിവ്, ഹോട്ട്‌സ്റ്റാര്‍ എന്നീ കമ്പനികള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു.

Content Highlight: OTT platform Disney Plus Hot Star announces free streaming of 2023 ODI World Cup and Asia Cup

We use cookies to give you the best possible experience. Learn more