| Friday, 15th November 2019, 8:07 am

ശബരിമലയ്‌ക്കൊപ്പം ഏഴംഗ ബെഞ്ച് ഇനി പരിഗണിക്കുന്നതു മൂന്നു സമുദായങ്ങളിലെ കേസുകള്‍; അവയുടെ നിലവിലെ അവസ്ഥ ഇങ്ങനെയാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മതപരമായ വിശ്വാസങ്ങളെ സംബന്ധിച്ചു കോടതിക്ക് ഇടപെടുന്നതിനെക്കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഏഴംഗ ബെഞ്ചില്‍ നിന്ന് ഉത്തരങ്ങള്‍ കിട്ടിയതിനു ശേഷമേ ശബരിമല കേസിലെ പുനഃപരിശോധനാ ഹരജികള്‍ സുപ്രീംകോടതി പരിശോധിക്കൂ. ശബരിമല കേസിനോടൊപ്പം ഏഴംഗ ബെഞ്ച് പരിശോധിക്കുന്ന മറ്റു മൂന്നു സമുദായങ്ങളിലെ കേസുകളില്‍ക്കൂടിയുണ്ട്.

പാഴ്‌സി, ദാവൂദി ബോറ, മുസ്‌ലിം സമുദായങ്ങളിലെ കേസുകളാണ് ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടിട്ടുള്ളത്. ആ കേസുകള്‍ ഇങ്ങനെയാണ്:

1) മറ്റൊരു മതസ്ഥനെ വിവാഹം ചെയ്ത പാഴ്‌സി സ്ത്രീ, വിവാഹത്തിനൊപ്പം ഭര്‍ത്താവിന്റെ മതത്തിലേക്കു പരിവര്‍ത്തിതയാകുമോ? അവര്‍ക്ക് പാഴ്‌സി ആരാധനാലയത്തില്‍ പ്രവേശനവിലക്കുണ്ടാകുമോ?

ഹരജി നല്‍കിയത് ഗുജറാത്തിലെ വല്‍സാദ് സ്വദേശി ഗൂല്‍രൊഖ് ഗുപ്തയാണ്. 2012 ജൂണ്‍ 28-നാണ് കേസിനു പ്രത്യേകാനുമതി ഹരജി ലഭിക്കുന്നത്. പിതാവിന്റെ സംസ്‌കാര ശ്രുശ്രൂഷയില്‍ പങ്കെടുക്കാന്‍ പാഴ്‌സി പ്രാര്‍ഥനാ ഹാളില്‍ പ്രവേശിക്കുന്നതിന് അനുമതി ചോദിച്ചുള്ള ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹരജിക്കാരി വിവാഹത്തോടെ ഭര്‍ത്താവിന്റെ മതത്തിലേക്കു മാറിയെന്നാണു കോടതി വിലയിരുത്തിയത്. നടപടി പ്രത്യേക വിവാഹ നിയമത്തിന്റെയും ഭരണഘടനാപരമായ മൗലികാവകാശങ്ങളുടെയും ലംഘനമാണെന്നു ഹരജിക്കാരി കോടതിയില്‍ വാദിച്ചു.

തുടര്‍ന്ന് സുപ്രീംകോടതിയില്‍ കേസ് വന്നതിനു ശേഷം ഹരജിക്കാരിക്കു പാഴ്‌സി പ്രാര്‍ഥനാ ഹാളില്‍ പ്രവേശിക്കുന്നതിന് അനുമതി ലഭിച്ചു. ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തിലായിരുന്നു അത്.

ഹൈക്കോടതി വിധിക്കെതിരെ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ നിലവില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്. 2017 ഡിസംബര്‍ 14-ന് കേസ് പരിഗണിച്ചപ്പോഴാണ് വിശാല വിഷയങ്ങള്‍ തുടര്‍ന്നുള്ള പരിഗണനയ്ക്കു മാറ്റിയത്. പിന്നീട് പലതവണ പട്ടികയില്‍ ഉള്‍പ്പെടുത്തിയെങ്കിലും കേസ് വാദത്തിനെടുത്തില്ല.

2) ദാവൂദി ബോറ വിഭാഗക്കാര്‍ക്കിടയിലെ സ്ത്രീകളുടെ ചേലാകര്‍മത്തിനെതിരെ.

ഹരജി നല്‍കിയത് ദല്‍ഹി ഹൈക്കോടതി അഭിഭാഷക സുനിത തിവാരിയാണ് 2017 ജനുവരി ഏഴിന് സിവില്‍ റിട്ട് ഹരജി സമര്‍പ്പിച്ചത്. സ്ത്രീ ജനനേന്ദ്രിയത്തിലെ ചേലാകര്‍മം മനുഷ്യാവകാശം സംബന്ധിച്ച ആഗോള പ്രഖ്യാപനം, ബാലാവകാശം സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ ധാരണ, ഭരണഘടനയുടെ 21-ാം വകുപ്പ് എന്നിവയുടെ ലംഘനമാണെന്നു ഹരജിയില്‍ വാദിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 24-ന് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് വിഷയം വിശാല ബെഞ്ചിനു വിട്ടു. കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരമായിരുന്നു നടപടി. വിശാല ബെഞ്ച് പരിഗണിക്കേണ്ട ചോദ്യങ്ങളില്‍ തങ്ങള്‍ ഒന്നും പറയുന്നില്ലെന്നും എല്ലാ വശങ്ങളും അവര്‍ പരിശോധിക്കട്ടെയെന്നും ബെഞ്ച് വ്യക്തമാക്കി. തുടര്‍നടപടിയുണ്ടായിട്ടില്ല.

3) മസ്ജിദുകളിലെ സ്ത്രീപ്രവേശം.

പുണെയില്‍ നിന്നുള്ള ദമ്പതികളായ യാസ്മീന്‍ സുബേര്‍ അഹമ്മദ് പീര്‍സാദെ, സുബേര്‍ അഹമ്മദ് പീര്‍സാദെ എന്നിവരാണ് ഹരജി സമര്‍പ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച് 26-ന് സിവില്‍ റിട്ട് ഹരജി നല്‍കുകയായിരുന്നു.

പുണെയിലെ ബോപൊഡിയിലുള്ള മസ്ജിദില്‍ പ്രവേശനം അനുവദിക്കണമെന്ന് ഇമാമിന് യാസ്മീന്‍ കത്തു നല്‍കിയെങ്കിലും അനുകൂല മറുപടി ലഭിക്കാത്തതിനാല്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സുന്നി മസ്ജിദുകളില്‍ സ്ത്രീപ്രവേശനമില്ലാത്തതു ഭരണഘടനയുടെ 14, 15, 21, 25, 29 വകുപ്പുകളുടെ ലംഘനമാണിതെന്നു ഹരജിക്കാര്‍ വാദിച്ചു.

കഴിഞ്ഞ ഏപ്രില്‍ 16-നു ഹരജി പരിഗണിച്ചപ്പോള്‍ കേന്ദ്രത്തിനും കേന്ദ്ര വഖഫ് കൗണ്‍സിലിനും അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിനും ദേശീയ വനിതാ കമ്മീഷനും നോട്ടീസയക്കാന്‍ ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, എസ്. അബ്ദുള്‍ നസീര്‍ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.

ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ച് വിധിയുടെ പശ്ചാത്തലത്തില്‍ മാത്രമാണു ഹരജി പരിഗണിക്കുന്നതെന്നും അന്നു കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, എസ്. അബ്ദുള്‍ നസീര്‍ എന്നിവരുടെ ബെഞ്ച് കഴിഞ്ഞ അഞ്ചിന് ഈ കേസ് പരിഗണിച്ചെങ്കിലും 10 ദിവസത്തേക്കു മാറ്റുകയായിരുന്നു.

We use cookies to give you the best possible experience. Learn more