| Saturday, 21st May 2022, 4:31 pm

ജീത്തു ജോസഫിന് അങ്ങ് ഹോളിവുഡിലുമുണ്ട് പിടി; ട്വല്‍ത്ത് മാനോട് സാമ്യമുള്ള ചിത്രങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ട്വല്‍ത്ത് മാന്‍ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഒരു റിസോര്‍ട്ടില്‍ സുഹൃത്തുക്കള്‍ ഒത്തുകൂടുന്നതും അവിടെ ഒരു കൊലപാതകം നടക്കുന്നതുമാണ് ട്വല്‍ത്ത് മാനില്‍ കാണിക്കുന്നത്. ഫോണില്‍ വരുന്ന മെസേജുകളും കോളുകളും മറ്റുള്ളവര്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്തുന്ന ഒരു ഗെയിമിന് ശേഷം സംഭവിക്കുന്ന വാക്ക് തര്‍ക്കങ്ങളെ തുടര്‍ന്നാണ് കൊലപാതകം നടക്കുന്നത്.

മോഹന്‍ലാലിന്റെ കഥാപാത്രം ഇവരെയെല്ലാം ഒരു റൂമില്‍ എത്തിച്ച് ഒരു മേശക്ക് ചുറ്റും ഇരുത്തി കൊലപാതകത്തിന്റെ ചുരുളഴിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ 12ത്ത് മാനോട് സാമ്യമുള്ള മറ്റ് ചിത്രങ്ങള്‍ കുത്തിപ്പൊക്കുകയാണ് പ്രേക്ഷകര്‍.

പണ്ടും മലയാള സിനിമ മറ്റ് യൂറോപ്യന്‍, കൊറിയന്‍ ചിത്രങ്ങളോട് സമാനമായ കഥകള്‍ സിനിമകളാക്കുമായിരുന്നെങ്കിലും അവ അധികം കണ്ടെത്തപ്പെടാറില്ലായിരുന്നു. എന്നാലിപ്പോള്‍ മലയാളികള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ ലോകമെമ്പാടുമുള്ള സിനിമകള്‍ കാണാന്‍ തുടങ്ങിയതോടെ സിനിമാക്കാരുടെ കളികള്‍ പെട്ടെന്ന് തന്നെ കണ്ടെത്തപ്പെടുന്നുണ്ട്.

അത്തരത്തില്‍ ട്വല്‍ത്ത് മാനോട് സാമ്യമുള്ള ചിത്രങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് പ്രേക്ഷകര്‍. മൂന്ന് ചിത്രങ്ങളാണ് ഇത്തരത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

1957 ല്‍ പുറത്ത് വന്ന ഹോളിവുഡ് ചിത്രമാണ് 12 ആഗ്രി മെന്‍. സ്വന്തം പിതാവിനെ കുത്തിക്കൊന്ന കുറ്റത്തിന് ഒരു 18 വയസുകാരനെ 12 അംഗ ജൂറി വധശിക്ഷക്ക് വിധിക്കാനൊരുങ്ങുകയാണ്. അതിലൊരാള്‍ പ്രതി കുറ്റക്കാരനല്ല എന്ന് മറ്റ് അംഗങ്ങളെ ബോധ്യപ്പെടുത്തുന്നതാണ് 12 ആഗ്രി മെന്നിന്റെ കഥ. ഒരു മേശക്ക് ചുറ്റുമിരുന്നാണ് ഇവര്‍ ഈ ചര്‍ച്ച നടത്തുന്നത്.

ട്വല്‍ത്ത് മാനോട് വളരെയേറെ സാമ്യമുള്ള ഫ്രഞ്ച് സിനിമയാണ് 2018 ല്‍ പുറത്ത് വന്ന നത്തിംഗ് ടു ഹൈഡ്. പഴയ സുഹൃത്തുക്കളും അവരുടെ പങ്കാളികളും ഒരു ഡിന്നറിനായി ഒത്തുകൂടുകയാണ്. ഇവരിലൊരാള്‍ തന്റെ ഭര്‍ത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഫോണിലെ മെസേജുകളില്‍ നിന്നും മറ്റൊരു യുവതിയുമായുള്ള ബന്ധം കണ്ടെത്തിയ വിവരം സുഹൃത്തുക്കളോട് പങ്കു വെക്കുന്നു.

ഇതിന് പിന്നാലെ ഫോണില്‍ വരുന്ന മേസജുകളും ഫോണ്‍ കോളുകളും മറ്റുള്ളവരെ കൂടി കാണിക്കാം എന്നൊരു ഗെയിം കളിക്കാന്‍ തീരുമാനിക്കുന്നു. തുടര്‍ന്ന് ഇവരുടെ വിവാഹ ജീവിതത്തിലും സുഹൃത്ത്ബന്ധങ്ങളിലും സംശയങ്ങള്‍ ഉണ്ടാകുന്നതുമാണ് നത്തിംഗ് ടു ഹൈഡില്‍ ചിത്രീകരിച്ചിരിക്കുന്നത്.

2016 ല്‍ പുറത്ത് വന്ന ഇറ്റാലിയന്‍ ചിത്രമായ പെര്‍ഫെക്റ്റ് സ്‌ട്രേഞ്ചേഴ്‌സിനും ഇതേ കഥ തന്നെയാണുള്ളത്. കുറച്ച് സുഹൃത്തുക്കളും അവരുടെ പങ്കാളികളും ഒത്തു ചേരുന്നു. അതിലൊരാള്‍ പങ്കാളിയുടെ ഫോണിലെ മെസേജുകള്‍ കണ്ടാല്‍ ബന്ധം ഉപേക്ഷിക്കുമെന്ന് പറയുന്നു. തുടര്‍ന്ന് എല്ലാവരും ഫോണുകളില്‍ വരുന്ന മെസേജുകളും കോളുകളും പരസ്യമാക്കാന്‍ തീരുമാനിക്കുന്നു. ഇതോടെ എല്ലാവരുടെയും വിവാഹേതര ബന്ധങ്ങള്‍ വെളിപ്പെടുന്നതും വിവാഹബന്ധത്തിലും വിള്ളലുകള്‍ ഉണ്ടാകുന്നതാണ് ചിത്രത്തില്‍ കാണിക്കുന്നത്.

Content Highlight: Other films similar to the 12th Man are being found by the audience

We use cookies to give you the best possible experience. Learn more