സിറിയയ്ക്ക് നേരെയുള്ള ഉപരോധങ്ങള്‍ മറ്റ് രാജ്യങ്ങള്‍ പിന്‍വലിക്കണം: തുര്‍ക്കി
World News
സിറിയയ്ക്ക് നേരെയുള്ള ഉപരോധങ്ങള്‍ മറ്റ് രാജ്യങ്ങള്‍ പിന്‍വലിക്കണം: തുര്‍ക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th December 2024, 1:25 pm

ഡമസ്കസ്: അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ സിറിയയിലെ പുതിയ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ ഡമസ്കസ് സന്ദര്‍ശിച്ച് തുര്‍ക്കിയുടെ വിദേശകാര്യ മന്ത്രി ഹകന്‍ ഫിദാന്‍.

സിറിയയിലെ പുതിയ ഭരണകൂടത്തിന്റെ തലവനായ മുഹമ്മദ് അബു ജുലാനിയുമായാണ് തുര്‍ക്കി വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്കിടെ സിറിയയുടെ രാഷ്ട്രീയ പരിവര്‍ത്തനത്തിന് സഹായം വാഗ്ദാനം ചെയ്യുകയും അസദ് ഭരണകൂടത്തിന്റെ പതനത്തിനുശേഷം യുദ്ധത്തില്‍ തകര്‍ന്ന രാജ്യം പുനര്‍നിര്‍മിക്കുന്നതിന് സഹായം വാഗ്ദാനം നല്‍കുകയും ചെയ്തതായാണ് വിവരം.

ഇതിന് പുറമെ യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തിനെതിരായ എല്ലാ അന്താരാഷ്ട്ര ഉപരോധങ്ങളും പിന്‍വലിക്കണമെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രി മറ്റ് രാജ്യങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

‘ഡമസ്‌കസിനെതിരായ ഉപരോധം എത്രയും വേഗം പിന്‍വലിക്കണം. സിറിയയെ തിരികെ കൊണ്ടുവരാനും കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ മടങ്ങിവരാനും അന്താരാഷ്ട്ര സമൂഹം അണിനിരക്കേണ്ടതുണ്ട്,’ ഫിദാന്‍ പറഞ്ഞു.

സിറിയയിലെ പുതിയ സര്‍ക്കാരിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഫിദാന്‍ ഡമസ്‌കസിലേക്ക് പോകുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍ പറഞ്ഞതിന് പിന്നാലെയാണ് ഫിദാന്‍ സിറിയയില്‍ എത്തിയത്. വിദേശകാര്യ മന്ത്രിയും ജുലാനിയും ആലിംഗനം ചെയ്യുന്നതും ഹസ്തദാനം ചെയ്യുന്നതുമായ ചിത്രങ്ങള്‍ തുര്‍ക്കി മന്ത്രാലയം പുറത്തുവിട്ടിരുന്നു.

ജുലാനിയുമൊത്തുള്ള വാര്‍ത്താ സമ്മേളനത്തില്‍വെച്ച് ഹകന്‍ ഫിദാന്‍ തുര്‍ക്കി എപ്പോഴും സിറിയയുടെ പക്ഷത്ത് തുടരുമെന്നും നല്ല ദിനങ്ങള്‍ സിറിയയെ കാത്തിരിക്കുന്നതായും പറയുകയുണ്ടായി.

തുര്‍ക്കിയുടെ സഹായത്തോടെയാണ് ജുലാനിയുടെ നേതൃത്വത്തിലുള്ള ഹയാത്ത് തെഹ്രീര്‍ അല്‍ ഷാം സിറിയില്‍ അധികാരം പിടിച്ചതെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനവും നടക്കുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളും സിറിയയില്‍ എത്തിയിരുന്നു. ഇരുകൂട്ടരുമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ജുലാനിയെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് യു.എസ് പ്രഖ്യാപിച്ച പത്ത് മില്യണ്‍ ഡോളര്‍ പാരിതോഷികം പിന്‍വലിക്കുകയും ചെയ്തിരുന്നു.

Content Highlight: Other countries should lift sanctions against Syria says Turkey