ഓസ്‌കാറിന് മുന്‍പേ നോമിനേഷന്‍ നേടിയ ചിത്രങ്ങളെല്ലാം കാണണോ? ഫെബ്രുവരി 10ന് മുന്‍പ് എല്ലാം കാണാന്‍ ഇതാണ് മാര്‍ഗം
Entertainment
ഓസ്‌കാറിന് മുന്‍പേ നോമിനേഷന്‍ നേടിയ ചിത്രങ്ങളെല്ലാം കാണണോ? ഫെബ്രുവരി 10ന് മുന്‍പ് എല്ലാം കാണാന്‍ ഇതാണ് മാര്‍ഗം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 4th February 2020, 6:32 pm

ഫെബ്രുവരി 10ന് നടക്കാന്‍ പോകുന്ന ഓസ്‌കാര്‍ പ്രഖ്യാപനത്തിനായി ഒരുങ്ങിനില്‍ക്കുകയാണ് സിനിമാലോകം. മികച്ച സിനിമക്കായി ഇഞ്ചോടിച്ച് പോരാട്ടാമായിരിക്കും നടക്കുകയെന്നാണ് സിനിമാപ്രേമികള്‍ കണക്കുകൂട്ടുന്നത്. നോമിനേഷന്‍ ലഭിച്ച ചിത്രങ്ങളെല്ലാം ഓസ്‌കാര്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പേ ഈ സിനിമകളെല്ലാം കണ്ട് തങ്ങളുടേതായ ഒരു വിലയിരുത്തല്‍ നടത്താന്‍ ആഗ്രഹിക്കുന്നവരാണ് ആസ്വാദകരിലേറെയും. ഇന്ത്യക്കാരും ഇതില്‍ ഒട്ടും പുറകിലല്ല.

ഫെബ്രുവരി 10ന് മുന്‍പേ ഈ ചിത്രങ്ങളെല്ലാം തിയറ്ററിലും അല്ലാതെയും നിങ്ങള്‍ക്ക് കാണാനാകും.

പാരസൈറ്റ്

പാരസൈറ്റിന് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചാല്‍ തിരുത്തിയെഴുതപ്പെടുന്നത് ഓസ്‌കാറിന്റെ ചരിത്രം തന്നെയാകും. പുരസ്‌കാരം ലഭിച്ചാല്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഇംഗ്ലിഷ് ഇതര ചിത്രമായിരിക്കും ദക്ഷിണ കൊറിയന്‍ ചിത്രമായ പാരസൈറ്റ്. ബോങ് യൂന്‍ ഹോയുടെ ബ്ലാക് കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രം വെള്ളിയാഴ്ച ഇന്ത്യയില്‍ റിലീസ് ചെയ്തിരുന്നു. നൂറോളം തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. പ്രദര്‍ശിപ്പിച്ച മേളകളിലെല്ലാം നിരൂപകശ്രദ്ധയും ജനപ്രീതിയും അവാര്‍ഡുകളും ഒരുപോലെ വാരിക്കൂട്ടിയ ചിത്രമാണ് പാരസൈറ്റ്.

ജോജോ റാബിറ്റ്

പ്രശസ്ത ന്യൂസിലന്റ് സംവിധായകന്‍ തയ്ക വയ്റ്റിറ്റിയുടെ നാസി പശ്ചാത്തലത്തിലുള്ള ജോജോ റാബിറ്റ് ഇന്ത്യയിലെ ചുരുക്കം ചില തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. ജോജോ എന്ന പത്ത് വയസ്സുകാരന്റെ കണ്ണിലൂടെ കഥ പറയുന്ന ചിത്രം യുദ്ധത്തിനെതിരെയുള്ള മികച്ച സന്ദേശമാണ് നല്‍കുന്നത്. മികച്ച ആക്ഷേപഹാസ്യമായാണ് ചിത്രം അഭിനന്ദനം നേടുന്നത്.

ഫോര്‍ഡ് വേഴ്‌സസ് ഫെരാരി

തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ഫോര്‍ഡ് വേഴ്‌സസ് ഫെരാരി ഓസ്‌കാര്‍ നോമിനേഷന്‍ ലിസ്റ്റില്‍ വന്നത്. മാറ്റ് ഡേമന്റെയും ക്രിസ്റ്റിയന്‍ ബെയ്‌ലിന്റെയും മികച്ച പ്രകടനമാണ് ചിത്രത്തെ പ്രിയപ്പെട്ടതാക്കുന്നത്. പിവിആര്‍ ഓസ്‌കാര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഡിസ്‌നി-ഫോക്‌സ് ചിത്രം റീ-റീലിസ് ചെയ്തിട്ടുണ്ട്.

മാര്യേജ് സ്‌റ്റോറി

കുടുംബബന്ധങ്ങളും വിവാഹമോചനവും പ്രമേയമായി വരുന്ന മാര്യേജ് സ്റ്റോറി നെറ്റഫ്‌ളിക്‌സില്‍ ലഭ്യമാണ്. യോക്വിന്‍ ഫീനിക്‌സിന്റെ ജോക്കറിലെ പ്രകടനം ഇല്ലായിരുന്നെങ്കില്‍ മാര്യേജ് സ്റ്റോറിക്ക് ആദം ഡ്രൈവര്‍ക്ക് തന്നെ മികച്ച നടനുള്ള ഓസ്‌കാര്‍ ലഭിക്കുമെന്നാണ് പൊതു അഭിപ്രായം. സ്‌കാര്‍ലറ്റ് ജൊഹാന്‍സണും ഹൃദ്യമായ അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് സിനിമയെക്കുറിച്ച് വന്ന റിവ്യൂകളെല്ലാം അഭിപ്രായപ്പെടുന്നത്.

ദി ഐറിഷ്മാന്‍

നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ ദി ഐറിഷ്മാനും ഓണ്‍ലൈനായി കാണാവുന്നതാണ്. മികച്ച ചിത്രം, നടന്‍, സംവിധായകന്‍ ഉള്‍പ്പെടെ പത്ത് നോമിനേഷനുകളാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ ഐറിഷ്മാനില്‍ റോബര്‍ട്ട് ഡി നീറോ, അല്‍ പച്ചിനോ, ജോ പെസ്‌കി തുടങ്ങി നിരവധി വിഖ്യാത നടന്മാരുടെ സാന്നിധ്യം കൊണ്ടുതന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു.

ലിറ്റില്‍ വുമണ്‍

ലിറ്റില്‍ വുമണ്‍ എന്ന ക്ലാസിക് നോവല്‍ ആസ്പദമാക്കി ഇറങ്ങുന്ന ഏഴാമത്തെ ചിത്രമാണ് ഗ്രേറ്റ് ഗെര്‍വിഗിന്റെ അതേ പേരിലുള്ള ചിത്രം. നിരവധി പ്രമുഖ നേതാക്കള്‍ ഒന്നിച്ചെത്തുന്ന ചിത്രം വലിയ നിരൂപകശ്രദ്ധ നേടിയിരുന്നു. സോയിര്‍സ് റോനന് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്‌കാര്‍ നോമിനേഷനും ലഭിച്ചിട്ടുണ്ട്. ഫെബ്രുവരി ഏഴിനാണ് ചിത്രം ഇന്ത്യയിലെ തിയറ്ററുകളിലെത്തുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജോക്കര്‍

ജോക്കര്‍ കാണാത്ത സിനിമാപ്രേമികള്‍ ഇല്ലെന്നാണ് പൊതുവെ കരുതപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം തിയറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഇപ്പോള്‍ ലഭ്യമല്ലെങ്കിലും യൂട്യൂബിലും ഐട്യൂണ്‍സിലും പണം നല്‍കി കാണാനാകും.

വണ്‍സ് അപ്ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ്

ക്വിന്റിന്‍ ടൊറന്റിനോയുടെ വണ്‍സ് അപ്ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ് ഇപ്പോള്‍ ഇന്ത്യന്‍ തിയറ്ററുകളില്‍ ഇല്ലെങ്കിലും നിരാശപ്പെടേണ്ടതില്ല. ഫെബ്രുവരി രണ്ട് മുതല്‍ ചിത്രം ആമസോണ്‍ പ്രൈമില്‍ എത്തിയിട്ടുണ്ട്. മികച്ച നടനും സഹനടനും സംവിധായകനുമുള്‍പ്പെടെ പത്ത് നോമിനേഷനുകള്‍ നേടി ഐറിഷ്മാനെ വെല്ലുവിളിച്ചുകൊണ്ടാണ് ചിത്രം ഓസ്‌കാര്‍ വേദിയിലെത്തുക

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

1917

സാം മെന്‍ഡസിന്റെ ഒന്നാം ലോകമഹായുദ്ധം ആസ്പദമാക്കിയുള്ള ചിത്രം തിയറ്റില്‍ പോയി തന്നെ കാണാണമെന്നാണ് കണ്ട എല്ലാവരും ഒരുപോലെ പറയുന്നത്. സാങ്കേതികവിദ്യ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള ചിത്രത്തെ കൂടുതല്‍ ആസ്വാദ്യമാക്കുന്നത് ജോര്‍ജ് മെക്കെയുടെ അഭിനയമാണ്. ഇന്ത്യയിലെ തിയറ്ററുകളില്‍ മികച്ച കളക്ഷനാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.