വെസ്റ്റ്ബാങ്ക്: ഈ വര്‍ഷത്തെ മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ നോ അദര്‍ ലാന്‍ഡിന്റെ സംവിധായകരിലൊരാളായ ഹംദാന്‍ ബല്ലാലിനെ ഇസ്രഈല്‍ സൈന്യം തടവിലാക്കിയതായി റിപ്പോര്‍ട്ട്. ഇന്നലെ (തിങ്കളാഴ്ച) അധിനിവേശ വെസ്റ്റ് ബാങ്കില്‍ വെച്ച് ഇസ്രഈലി കുടിയേറ്റക്കാര്‍ ഹംദാനെ മര്‍ദ്ദിച്ചതിന് പിന്നാലെയാണ് ഇസ്രഈല്‍ അദ്ദേഹത്തെ സൈന്യം കസ്റ്റഡിയില്‍ എടുത്തത്.
ചികിത്സയ്ക്കായി ഇദ്ദേഹത്തെ ഒരു സൈനിക താവളത്തില്‍ തടവിലാക്കിയിരിക്കുകയാണെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. പക്ഷേ ഇതുവരെ ഹംദാനുമായി സംസാരിക്കാന്‍ കുടുംബത്തിന് കഴിഞ്ഞിട്ടില്ല.
ഇന്നലെ റംസാന്‍ വ്രതം അവസാനിച്ചതിന് തൊട്ട്പിന്നാലെയാണ് അക്രമികള്‍ ഗ്രാമത്തില്‍ പ്രവേശിച്ചതെന്ന് ചിത്രത്തിന്റെ മറ്റൊരു സംവിധായകനും ഹംദാന്റെ സുഹൃത്തുമായ ബാസല്‍ അദ്ര പറഞ്ഞു.
ഗ്രാമത്തില്‍ പതിവായി ആക്രമണം നടത്തുന്ന ഒരു കുടിയേറ്റക്കാരന്‍ സൈന്യത്തോടൊപ്പം ഹംദാന്റെ വീട്ടിലേക്ക് വരികയും അദ്ദേഹത്തിനെ മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് പട്ടാളക്കാര്‍ ഹംദാനെ കൈകള്‍ ബന്ധിച്ച് കണ്ണുകെട്ടി സൈനിക വാഹനത്തിലേക്ക് കയറ്റി കൊണ്ടുപോകുകയായിരുന്നെന്നും ബാസല്‍ അദ്ര വ്യക്തമാക്കി.
ഓസ്‌കാര്‍ വേദിയില്‍ നിന്ന് തിരിച്ചെത്തിയെത്തിയത് മുതല്‍ എല്ലാ ദിവസവും തങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നുണ്ടെന്നും ബാസല്‍ അദ്ര കൂട്ടിച്ചേര്‍ത്തു. സിനിമ നിര്‍മിച്ചതിന്റെ പ്രതികാരമാണിതെന്നാണ് അദ്ര അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞത്.
അതേസമയം ഇസ്രാഈല്‍ സൈന്യത്തിന് നേരെ കല്ലെറിഞ്ഞെന്ന് സംശയിക്കുന്ന മൂന്ന് ഫലസ്തീനികളെ കസ്റ്റഡിയിലെടുത്തതായും ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ട ഒരു ഇസ്രഈലി പൗരനേയും കസ്റ്റഡിയിലെടുത്തതായും ഇസ്രഈല്‍ സൈന്യം അറിയിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനായി അവരെ ഇസ്രഈലി പൊലീസിന് കൈമാറിയതായും സൈന്യം വ്യക്തമാക്കി.
അധിനവേശ വെസ്റ്റ്ബാങ്കിലെ മസാഫര്‍ യാട്ടയില്‍ നിന്നുള്ള ബസേല്‍ അദ്ര, ഹംദാന്‍ ബലാല്‍ ഇസ്രഈലി സംവിധായകരായ യുവാല്‍ എബ്രഹാം, റേച്ചല്‍ സോര്‍ എന്നിവര്‍ ചേര്‍ന്നാണ് ഫലസ്തീന്‍-ഇസ്രഈല്‍ ചിത്രമായ നോ അദര്‍ ലാന്‍ഡ് നിര്‍മിച്ചത്.
2019 നും 2023 നും ഇടയില്‍ നിര്‍മിച്ച ഈ ചിത്രം, വെസ്റ്റ് ബാങ്കിന്റെ തെക്കേ അറ്റത്തുള്ള പ്രദേശമായ മസാഫര്‍ യാട്ടയെ സൈനിക പരിശീലന മേഖലയായി ഉപയോഗിക്കാന്‍ ഇസ്രഈല്‍ സൈന്യം കൈയേറുന്നതിന്റെ കഥയാണ് പറയുന്നത്. സിനിമയുടെ സംവിധായകനായ ബേസല്‍ അദ്ര തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. അദ്ദേഹത്തിന്റെ ജന്മനാടാണ് മസാഫര്‍ യാട്ട.
ഇസ്രഈലി പത്രപ്രവര്‍ത്തകനും ഈ സിനിമയുടെ സംവിധായകനുമായ യുവാല്‍ എബ്രഹാമുമായുള്ള ബാസല്‍ അദ്രയുടെ സൗഹൃദവും ചിത്രത്തിന്റെ ഇതിവൃത്തമാണ്.
2024 ഫെബ്രുവരിയില്‍ ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഓഡിയന്‍സ് അവാര്‍ഡും ഡോക്യുമെന്ററി ഫിലിം അവാര്‍ഡും, മികച്ച നോണ്‍-ഫിക്ഷന്‍ ചിത്രത്തിനുള്ള ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്സ് സര്‍ക്കിള്‍ അവാര്‍ഡും നോ അദര്‍ ലാന്‍ഡ് നേടിയിരുന്നു.
Content Highlight: Oscar-winning Palestinian director beaten; reportedly detained by Israeli forces