ടെഹ്റാന്‍: ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ പിന്തുണച്ചതിന് ഓസ്‌കര്‍ പുരസ്‌കാര ജേതാവും പ്രമുഖ നടിയുമായ തരാനെ അലിദോസ്തി(38) ഇറാനില്‍ അറസ്റ്റിലായി.
ഡിസംബര്‍ എട്ടിന് ഇന്‍സ്റ്റഗ്രാമില്‍ അലിദോസ്തി പ്രക്ഷോഭകരെ പിന്തുണച്ച് കുറിപ്പ് പങ്കുവെച്ചിരുന്നു. ഈ കുറിപ്പിന്റെ പേരിലാണ് അറസ്റ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘നിങ്ങളുടെ നിശബ്ദത എല്ലാ അടിച്ചമര്‍ത്തലിന്റെയും പിന്തുണയാണ്,’ എന്നെഴുതിയ പോസ്റ്റര്‍ പിടിച്ചുനില്‍ക്കുന്ന തന്റെ ചിത്രമായിരുന്നു തരാനെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്.
‘ഈ രക്തച്ചൊരിച്ചില്‍ നിരീക്ഷിക്കുകയും നടപടിയെടുക്കാതിരിക്കുകയും ചെയ്യുന്ന എല്ലാ അന്താരാഷ്ട്ര സംഘടനകളും മനുഷ്യരാശിക്ക് അപമാനമാണ്,’ എന്നായിരുന്നു
അലിദോസ്തി ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയത്.
‘ദി സെയില്‍സ്മാന്‍’ എന്ന ചിത്രത്തിനാണ് 2016ല്‍ ഓസ്‌കര്‍ ലഭിച്ചത്. ഈ വര്‍ഷം കാന്‍സ് ചലച്ചിത്രമേളയില്‍ അലിദോസ്തിയുടെ ‘ലെയ്ലാസ് ബ്രദേഴ്‌സ്’ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
പ്രക്ഷോഭത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പിന്തുണ നല്‍കാനായി തരാനെ അഭിനയം താല്‍കാലികമായി നിര്‍ത്തിവെക്കുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത യുവാവിനെ തൂക്കിലേറ്റിയതില്‍ ഇറാനെതിരെ വലിയ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ വാര്‍ത്തയും പുറത്തുവരുന്നത്.
കഴിഞ്ഞ സെപ്റ്റംബര്‍ 25ന് ഇറാനിലെ സത്താര്‍ ഖാന്‍ തെരുവില്‍ ഹിജാബ് വിരുദ്ധ സമരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെ വടിവാള്‍ കൊണ്ട് ആക്രമിച്ച് പരിക്കേല്‍പിച്ചെന്ന ആരോപണത്തിലാണ് 23 കാരനായ മുഹ്സിന്‍ ശികാരിയെ ഇറാന്‍ സര്‍ക്കാര്‍ തൂക്കിലേറ്റിയത്.
സുരക്ഷ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താനും ക്രമസമാധാനം തകര്‍ക്കാനുമാണ് പ്രതി തുനിഞ്ഞതെന്നാണ് മുഹ്സിന്‍ ശികാരിയുടെ വധശിക്ഷ നടപ്പാക്കിക്കൊണ്ട് കോടതി പറഞ്ഞത്.
പ്രതിഷേധക്കാര്‍ക്കെതിരെ സുരക്ഷാ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി ആഹ്വാനം ചെയ്തിരുന്നു.
അതേസമയം, ഇറാനിയന്‍ വനിത മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തെത്തുടര്‍ന്നാണ് രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമായത്. രാജ്യത്തിപ്പോള്‍ നടക്കുന്ന ഭരണകൂടത്തിനെതിരായ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ അടുത്ത കാലത്തായി ലോകം കണ്ട ഏറ്റവും വലിയ പ്രക്ഷോഭങ്ങളിലൊന്നാണ്.
സെപ്റ്റംബര്‍ 17നായിരുന്നു മഹ്‌സ അമിനി എന്ന 22 വയസ്സുകാരി ഇറാന്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടത്. ശിരോവസ്ത്രം ശരിയായ രീതിയില്‍ ധരിച്ചില്ലെന്നും ഹിജാബ് നിയമം ലംഘിച്ചെന്നും ആരോപിച്ചാണ് മഹ്‌സയെ ടെഹ്‌റാനില്‍ നിന്ന് ഇറാന്‍ സദാചാര പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ മര്‍ദനത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 16ന് അമിനി മരിക്കുകയായിരുന്നു.
Content Highlight: Oscar winner and prominent actress Tarane Alidosti (38) arrested in Iran