ടെഹ്റാന്‍: ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ പിന്തുണച്ചതിന് ഓസ്‌കര്‍ പുരസ്‌കാര ജേതാവും പ്രമുഖ നടിയുമായ തരാനെ അലിദോസ്തി(38) ഇറാനില്‍ അറസ്റ്റിലായി.
ഡിസംബര്‍ എട്ടിന് ഇന്‍സ്റ്റഗ്രാമില്‍ അലിദോസ്തി പ്രക്ഷോഭകരെ പിന്തുണച്ച് കുറിപ്പ് പങ്കുവെച്ചിരുന്നു. ഈ കുറിപ്പിന്റെ പേരിലാണ് അറസ്റ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘നിങ്ങളുടെ നിശബ്ദത എല്ലാ അടിച്ചമര്‍ത്തലിന്റെയും പിന്തുണയാണ്,’ എന്നെഴുതിയ പോസ്റ്റര്‍ പിടിച്ചുനില്‍ക്കുന്ന തന്റെ ചിത്രമായിരുന്നു തരാനെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്.
‘ഈ രക്തച്ചൊരിച്ചില്‍ നിരീക്ഷിക്കുകയും നടപടിയെടുക്കാതിരിക്കുകയും ചെയ്യുന്ന എല്ലാ അന്താരാഷ്ട്ര സംഘടനകളും മനുഷ്യരാശിക്ക് അപമാനമാണ്,’ എന്നായിരുന്നു
അലിദോസ്തി ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയത്.
‘ദി സെയില്‍സ്മാന്‍’ എന്ന ചിത്രത്തിനാണ് 2016ല്‍ ഓസ്‌കര്‍ ലഭിച്ചത്. ഈ വര്‍ഷം കാന്‍സ് ചലച്ചിത്രമേളയില്‍ അലിദോസ്തിയുടെ ‘ലെയ്ലാസ് ബ്രദേഴ്‌സ്’ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
പ്രക്ഷോഭത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പിന്തുണ നല്‍കാനായി തരാനെ അഭിനയം താല്‍കാലികമായി നിര്‍ത്തിവെക്കുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത യുവാവിനെ തൂക്കിലേറ്റിയതില്‍ ഇറാനെതിരെ വലിയ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ വാര്‍ത്തയും പുറത്തുവരുന്നത്.
Iranian authorities arrested prominent actress #TaranehAlidoosti today. On Dec 8, in reaction to #MohsenShekari’s execution she wrote on Instagram:“Your silence means supporting oppression & oppressors.”Desperate move! #MahsaAmini #مهسا_امینی #IranRevoIution #ترانه_علیدوستی #Iran pic.twitter.com/alE281XXR0
— Omid Memarian (@Omid_M) December 17, 2022
കഴിഞ്ഞ സെപ്റ്റംബര്‍ 25ന് ഇറാനിലെ സത്താര്‍ ഖാന്‍ തെരുവില്‍ ഹിജാബ് വിരുദ്ധ സമരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെ വടിവാള്‍ കൊണ്ട് ആക്രമിച്ച് പരിക്കേല്‍പിച്ചെന്ന ആരോപണത്തിലാണ് 23 കാരനായ മുഹ്സിന്‍ ശികാരിയെ ഇറാന്‍ സര്‍ക്കാര്‍ തൂക്കിലേറ്റിയത്.
സുരക്ഷ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താനും ക്രമസമാധാനം തകര്‍ക്കാനുമാണ് പ്രതി തുനിഞ്ഞതെന്നാണ് മുഹ്സിന്‍ ശികാരിയുടെ വധശിക്ഷ നടപ്പാക്കിക്കൊണ്ട് കോടതി പറഞ്ഞത്.
പ്രതിഷേധക്കാര്‍ക്കെതിരെ സുരക്ഷാ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി ആഹ്വാനം ചെയ്തിരുന്നു.