[] പ്രിട്ടോറിയ: കാമുകിയെ കൊലപ്പെടുത്തിയെന്ന കേസില്‍ വിചാരണ നേരിടുന്ന ഓസ്‌കാര്‍ പിസ്‌ടോറിയസിനെ മനോരോഗ ചികിത്സക്ക് വിധേയനാക്കണമെന്ന് ജഡ്ജ്. മനോരോഗ ചികിത്സ ടെസ്റ്റുകള്‍ കേസിന്റെ വിചാരണയ്ക്ക അനിവാര്യമാണെന്നാണ് പോസിക്യൂഷന്‍ വാദം.
ദക്ഷിണാഫ്രിക്കയിലെ ക്രിമിനല്‍ കോഡ് പ്രകാരം ഒരാള്‍ കുറ്റക്കാരനല്ലെന്ന് സംശയം തോന്നുകയോ മാനസികപ്രശ്‌നമുണ്ടെന്ന് കണ്ടെത്തുകയോ ചെയ്താല്‍ അയാളെ പരിശോധയ്ക്ക് വിധേയനാക്കണമെന്ന് കേസ് പരിഗണിക്കുന്ന ജഡ്ജ് തോക്കോസിലെ മസിപ പറഞ്ഞു. ജഡ്ജിന്റെ നിര്‍ദേശമനുസരിച്ച് 30 ദിവസമായിരിക്കും പിസ്‌ടോറിയസിന് ഒരു മനോരോഗ വിദഗ്ധന്റെ നിരീക്ഷണത്തില്‍ കഴിയേണ്ടി വരിക.
പിസ്‌ടോറിയസിന്റെ ബന്ധു അര്‍നോള്‍ഡ് പിസ്റ്റോറിയസ് ജഡ്ജിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. ഇത് നീതിന്യായ വ്യവസ്ഥയില്‍ തങ്ങളുടെ കൂടുംബത്തിന് വിശ്വാസം പകരുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ന്യായമായ വിചാരണക്ക് വേണ്ടിയുള്ള ജഡ്ജിന്റെ പ്രതിബദ്ധതയില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അര്‍നോള്‍ഡ് പറഞ്ഞു.
കൃത്രിമക്കാലുകളില്‍ ഒളിമ്പിക്‌സില്‍ മത്സരിച്ച് ചരിത്രംകുറിച്ച ദക്ഷിണാഫ്രിക്കന്‍ അത്‌ലറ്റായ ഓസ്‌കര്‍ പിസ്‌റ്റോറിയസ് കാമുകിയെ വെടിവച്ചുകൊന്ന കേസിലാണ് അറസ്റ്റിലായത്. ബ്ലേഡ് റണ്ണര്‍ എന്നറിയപ്പെടുന്ന പിസ്‌റ്റോറിയസിന്റെ പ്രിട്ടോറിയയിലുള്ള വസതിയിലാണ് കഴിഞ്ഞ വര്‍ഷം വാലന്റെന്‍സ് ദിനത്തില്‍ കാമുകിയും മോഡലുമായ റീവാ സ്റ്റീന്‍കാമ്പി(29)നെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ അതിക്രമിച്ചുകയറിയ ആള്‍ എന്നു കരുതിയാണ് വെടിയുതിര്‍ത്തതെന്നാണ് പിസ്റ്റോറിയസിന്റെ വാദം.