Advertisement
World News
ഇസ്രഈല്‍ അധിനിവേശത്തിന്റെയും ഫലസ്തീന്‍ ചെറുത്ത് നില്‍പ്പിന്റേയും കഥ പറഞ്ഞ നോ അദര്‍ ലാന്‍ഡിന് ഓസ്‌കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 03, 08:32 am
Monday, 3rd March 2025, 2:02 pm

ലോസ് ആഞ്ചലസ്: ഇസ്രഈല്‍ അധിനിവേശത്തിന്റെയും ഫലസ്തീന്റെ ചെറുത്ത് നില്‍പ്പിന്റെയും കഥ പറയുന്ന നോ അദര്‍ ലാന്‍ഡിന് മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ ഓസ്‌കര്‍ പുരസ്‌കാരം. ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണില്‍ നിന്ന് സ്വന്തം വീടുകള്‍ സംരക്ഷിക്കാന്‍ പോരാടുന്ന ഫലസ്തീനികളുടെ കഥ പറയുന്ന ചിത്രമാണ് ‘നോ അദര്‍ ലാന്‍ഡ്’.

പോര്‍സലൈന്‍ വാര്‍, ഷുഗര്‍കെയ്ന്‍, ബ്ലാക്ക് ബോക്‌സ് ഡയറീസ്, സൗണ്ട്ട്രാക്ക് ടു എ കപ്പ് ഡി’ഇറ്റാറ്റ് എന്നീ ചിത്രങ്ങളെ മറികടന്നാണ് നോ അദര്‍ ലാന്‍ഡിന് പുരസ്‌കാരം ലഭിച്ചത്.

2019 നും 2023 നും ഇടയില്‍ നിര്‍മിച്ച ഈ ചിത്രം, വെസ്റ്റ് ബാങ്കിന്റെ തെക്കേ അറ്റത്തുള്ള പ്രദേശമായ മസാഫര്‍ യാട്ടയെ സൈനിക പരിശീലന മേഖലയായി ഉപയോഗിക്കാന്‍ ഇസ്രഈല്‍ സൈന്യം കൈയേറുന്നതിന്റെ കഥയാണ് പറയുന്നത്. സിനിമയുടെ സംവിധായകനായ ബേസല്‍ അദ്ര തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. അദ്ദേഹത്തിന്റെ ജന്മനാടാണ് മസാഫര്‍ യാട്ട.

ഇസ്രഈലി പത്രപ്രവര്‍ത്തകനും ഈ സിനിമയുടെ സംവിധായകനുമായ യുവാല്‍ എബ്രഹാമുമായുള്ള ബാസല്‍ അദ്രയുടെ സൗഹൃദവും ചിത്രത്തിന്റെ ഇതിവൃത്തമാണ്.

പതിറ്റാണ്ടുകളായി ഫലസ്തീനികള്‍ അനുഭവിച്ചുവരുന്ന കഠിനമായ ജീവിത യാഥാര്‍ത്ഥ്യത്തെയാണ് ‘നോ അദര്‍ ലാന്‍ഡ്’ പ്രതിഫലിപ്പിക്കുന്നതെന്ന് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് അദ്ര പറഞ്ഞു.

‘ഏകദേശം രണ്ട് മാസം മുമ്പ്, ഞാന്‍ ഒരു അച്ഛനായി. ഇസ്രഈലി അധിനിവേശത്തിന്‍ കീഴില്‍ ഞങ്ങള്‍ അനുഭവിച്ച കുടിയേറ്റം, അക്രമം, വീട് തകര്‍ക്കല്‍, നിര്‍ബന്ധിത കുടിയിറക്കല്‍ എന്നിവ എന്റെ മകള്‍ക്ക് അനുഭവിക്കേണ്ടി വരില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇപ്പോള്‍ ഞാന്‍ ജീവിക്കുന്ന ഭയപ്പെടുത്തുന്ന അതേ ജീവിതം അവള്‍ക്ക് നയിക്കേണ്ടി വരില്ല എന്നാണ് എന്റെ പ്രതീക്ഷ,’ അദ്ര പറഞ്ഞു.

ഫലസ്തീന്‍ ജനതയുടെ വംശീയ ഉന്മൂലനം തടയുന്നതിനും അനീതി അവസാനിപ്പിക്കുന്നതിനും ഗൗരവമായ നടപടികള്‍ സ്വീകരിക്കണമെന്ന് ലോകത്തോട് ആഹ്വാനം ചെയ്താണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

അമേരിക്കയില്‍ ഒരു വിതരണക്കാരനെ കണ്ടെത്താന്‍ സിനിമയുടെ പ്രവര്‍ത്തകര്‍ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഒടുവില്‍ ഓസ്‌കറിന് യോഗ്യത നേടുന്നതിനായി നവംബറില്‍ ലിങ്കണ്‍ സെന്ററില്‍ ഒരാഴ്ച പ്രദര്‍ശനം നടത്തുകയായിരുന്നു.

2024 ഫെബ്രുവരിയില്‍ ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഓഡിയന്‍സ് അവാര്‍ഡും ഡോക്യുമെന്ററി ഫിലിം അവാര്‍ഡും, മികച്ച നോണ്‍-ഫിക്ഷന്‍ ചിത്രത്തിനുള്ള ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍ അവാര്‍ഡും നോ അദര്‍ ലാന്‍ഡ് നേടിയിരുന്നു.

അദ്രയുടെ സ്വകാര്യ ആര്‍ക്കൈവില്‍ നിന്നുള്ള കാംകോര്‍ഡര്‍ ദൃശ്യങ്ങളാണ് ഈ ചിത്രത്തില്‍ കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്. ഗ്രാമത്തിലെ സ്‌കൂള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച പൊളിച്ചുമാറ്റുന്നതും, ഇവ വീണ്ടും നിര്‍മിക്കുന്നത് തടയുന്നതിനായി കിണറുകള്‍ സിമന്റ് ഉപയോഗിച്ച് നിറയ്ക്കുന്നതിന്റെയെല്ലാം ദൃശ്യങ്ങള്‍ അദ്ര തന്റെ ഡോക്യുമെന്ററിയില്‍ ചേര്‍ത്തിട്ടുണ്ട്.

Content Highlight: Oscar for ‘No Other Land’, a story of Israeli occupation and Palestinian resistance