ലൈംഗീക അതിക്രമങ്ങള്‍ക്കെതിരെ ഓസ്‌ക്കാര്‍ വേദിയിലും പ്രതിഷേധം; പ്രതിഷേധം ഹാര്‍വി വെയ്സ്റ്റീന്റെ ''കാസ്റ്റിംഗ് കൗച്ച്'' പ്രതിമ സ്ഥാപിച്ച്
Oscar 2018
ലൈംഗീക അതിക്രമങ്ങള്‍ക്കെതിരെ ഓസ്‌ക്കാര്‍ വേദിയിലും പ്രതിഷേധം; പ്രതിഷേധം ഹാര്‍വി വെയ്സ്റ്റീന്റെ ''കാസ്റ്റിംഗ് കൗച്ച്'' പ്രതിമ സ്ഥാപിച്ച്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th March 2018, 1:48 pm

ലോസ് ആഞ്ചലസ്: ഓസ്‌ക്കാര്‍ അവാര്‍ഡ് ഇന്ന് പ്രഖ്യാപിക്കാനിരിക്കെ സിനിമാ മേഖലയിലെ ലൈംഗീക അതിക്രമങ്ങള്‍ക്കെതിരെ കാസ്റ്റിംഗ് കൗച്ചിലൂടെ വിവാദ നായകനായ ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്‌സ്റ്റീന്റെ സ്വര്‍ണ പ്രതിമ സ്ഥാപിച്ചു കൊണ്ട് പ്രതിഷേധം.

ഓസ്‌ക്കാര്‍ വേദിക്കരികിലെ ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിന് സമീപമാണ് “”കാസ്റ്റിംഗ് കൗച്ച് “”എന്ന് പേരിട്ട ഹാര്‍വി വെയ്സ്റ്റിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. കുളി കഴിഞ്ഞ് ധരിക്കുന്ന വസ്ത്രം ധരിച്ചു കൊണ്ടിരിക്കുന്ന ഹാര്‍വിയുടെ പ്രതിമ നിര്‍മിച്ചത് ബ്രിട്ടീഷ് ശില്‍പിയായ പ്ലാസ്റ്റീക് ജീസസ് ആണ്.

ഒക്ടോബര്‍ ആദ്യവാരം മുതലാണ് വെയ്ന്‍സ്റ്റീന്‍ വിഷയം വാര്‍ത്തയാകാന്‍ തുടങ്ങിയത്. ഹോളിവുഡിലെ പ്രശസ്തനായ നിര്‍മ്മാതാവായ വെയ്ന്‍സ്റ്റീന്‍ നായികമാരെയടക്കം ലൈംഗികമായി ചൂഷണം ചെയ്തിരുന്നു എന്ന് ന്യൂയോര്‍ക്ക് ടൈംസ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തുടർന്ന് ചരിത്രത്തിൻ്റെ ഭാഗമായ മീ റ്റൂ ക്യാന്പയിനുമായി ഹോളിവുഡിലെ ഒട്ടുമിക്ക നായികമാരും വെയ്ന്‍സ്റ്റീനെതിരെ രംഗത്തെത്തിയിരുന്നു. തുടർന്ന് ക്യാന്പയിൻ ലോകം മുഴുവൻ ഏറ്റെടുത്തിരുന്നു.

ബോളിവുഡ് താരവും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യ റായിയേയും വെയ്ന്‍സ്റ്റീന്‍ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചിരുന്നെന്ന് ഐശ്വര്യയുടെ മാനേജര്‍ അന്ന് വെളിപ്പെടുത്തിയിരുന്നു.