| Monday, 11th May 2015, 11:10 am

ഉസാമയെ കുറിച്ച് അമേരിക്ക പറഞ്ഞതെല്ലാം കെട്ടുകഥയെന്ന്: മാധ്യമ പ്രവര്‍ത്തകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ലാദന്‍ പാക് ചാര സംഘടനയായ ഐ.എസ്.ഐ യുടെ തടങ്കല്‍ പുള്ളിയായിരുന്നുവെന്ന് യു.എസ് മാധ്യമ പ്രവര്‍ത്തകനായ സെയ്മര്‍ ഹെര്‍ഷ്. ലണ്ടന്‍ റിവ്യൂ ഓഫ് ബുക്ക്‌സിലെഴുതിയ ലേഖനത്തിലാണ് ബിന്‍ലാദന്റെ വധത്തെ സംബന്ധിച്ചുള്ള അമേരിക്കയുടെയും പാകിസ്ഥാന്റെയും വാദങ്ങളെ തള്ളിക്കൊണ്ട് ഹെര്‍ഷ് രംഗത്ത് വന്നിരിക്കുന്നത്.

2006 മുതല്‍ ഐ.എസ്.ഐയുടെ തടങ്കലിലായിരുന്ന ഉസാമ ബിന്‍ലാദനെ വധിക്കുന്നത് സംബന്ധിച്ചുള്ള വിവരം മുതിര്‍ന്ന സൈനിക ഓഫീസര്‍മാരായ അഷ്ഫാഖ് പര്‍വേസ് കയാനി, ജനറല്‍ അഹമ്മദ് ഷൂജ പാഷ എന്നിവര്‍ക്ക് അറിയാമായിരുന്നു.

ബിന്‍ലാദന്‍ അബോട്ടബാദില്‍ ഉണ്ടെന്ന വിവരം അമേരിക്കക്ക് ലഭിച്ചത് അദ്ദേഹത്തിന്റെ കൊറിയര്‍ പിന്തുടര്‍ന്നല്ല മറിച്ച് ഒരു മുന്‍ പാകിസ്ഥാനി ഇന്റലിജന്‍സ് ഓഫീസര്‍ 25 മില്ല്യണ്‍ ഡോളറിന് ഉസാമയെ കാണിച്ച് കൊടുക്കുകയായിരുന്നെന്നും ഹെര്‍ഷ് തന്റെ ലേഖനത്തില്‍ പറയുന്നു. മുന്‍ യു.എസ് ഇന്റലിജന്‍സ് ഓഫീസറടക്കമുള്ളവരില്‍ നിന്നും ലഭിച്ച തെളിവുകള്‍ ചൂണ്ടിക്കാട്ടിയാണ് ഹെര്‍ഷിന്റെ ലേഖനം.

2010ല്‍ ഇസ്‌ലാമാബാദിലുള്ള സി.ഐ.എ ചീഫ് ജൊനാഥന്‍ ബാങ്കിനെയാണ് ഇയാള്‍ ബിന്‍ലാദന്‍ എവിടുണ്ടെന്നത് സംബന്ധിച്ച് അറിയിച്ച് കൊടുത്തത്. അസുഖ ബാധിതനായ ബിന്‍ലാദനെ ചികിത്സിക്കുന്നതിനായി സൈന്യത്തിലെ മുതിര്‍ന്ന ഡോക്ടറായ ആമിര്‍ അസീസിനെ ചുമതലപ്പെടുത്തിയെന്നും ഇയാള്‍ ജൊനാഥന്‍ ബാങ്കിനെ അറിയിച്ചുവെന്നും ഹെര്‍ഷ് പറയുന്നു.

അബോട്ടബാദിലുള്ളത് ബിന്‍ലാദനാണെന്നതിന്റെ സ്ഥിരീകരണം അമേരിക്ക ആവശ്യപ്പെട്ടപ്പോള്‍ കയാനിയുടെയും പാഷയുടെയും നിര്‍ദേശ പ്രകാരം ഡോക്ടര്‍ അമീര്‍ അസീസ് ബിന്‍ലാദന്റെ രക്ത സാമ്പിളുകള്‍ ശേഖരിച്ചുവെന്നും ഇതിന് പകരമായി 25 മില്ല്യണില്‍ ഒരു വിഹിതം ഡോക്ടര്‍ക്ക് നല്‍കിയെന്നും ഹെര്‍ഷ് പറയുന്നു.

ബിന്‍ ലാദനെ പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തതിന് ശേഷം അദ്ദേഹത്തിന്റെ സംരക്ഷണത്തിന് പണം നല്‍കിയിരുന്നത് സൗദി അറേബ്യയായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരവും ഹെര്‍ഷ് തന്റെ ലേഖനത്തിലൂടെ പുറത്ത് വിടുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍

ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു; കടലില്‍ സംസ്‌കരിച്ചെന്ന് റിപ്പോര്‍ട്ട് (02/05/2011)
ഉസാമ ബിന്‍ ലാദന്‍: നാള്‍ വഴികള്‍(02/05/2011)
ഒസാമ ബിന്‍ ലാദനെക്കുറിച്ച് മുസ്‌ലിം രാജ്യങ്ങള്‍ ചിന്തിക്കുന്നതെന്ത്?… (02/05/2011)

“ഇസ്‌ലാമിക ഭീകരത” ആരുടെ സൃഷ്ടി?  (22/01/2015)

We use cookies to give you the best possible experience. Learn more